സുന്ദരത്തുമ്പിമുതൽ കോമരത്തുമ്പികൾവരെ; തലസ്ഥാനത്ത് കണ്ടത് 121 ഇനം തുമ്പികൾ

തിരുവനന്തപുരം:തലസ്ഥാനത്തിന് ചന്തംചാർത്തി വർണത്തുമ്പികൾ. മേഘവർണൻ എന്ന സുന്ദരത്തുമ്പിമുതൽ കോമരത്തുമ്പികൾവരെ തിരുവനന്തപുരത്തെ ആവാസവ്യവസ്ഥയിൽ എത്തിയെന്ന് വൈൽഡ്‌ലൈഫ് ഡിവിഷനിൽ നടത്തിയ തുമ്പിസർവേ റിപ്പോർട്ട്. കണ്ടെത്തിയ 121 ഇനത്തിൽ 73 എണ്ണം കല്ലൻ തുമ്പികളും 48 എണ്ണം സൂചിത്തുമ്പികളുമാണ്.
ഈയടുത്തകാലത്ത് കണ്ടെത്തിയ പുതിയ സ്പീഷീസുകളായ ചെറുചോലക്കടുവ, ചോപ്പൻ നിഴൽത്തുമ്പി എന്നിവയെ പലയിടങ്ങളിലായി കണ്ടെത്താനായി. ഇവയ്ക്കുപുറമേ പീതാംബരൻ തുമ്പി, വഴക്കാളിപെരുങ്കണ്ണൻ, കാട്ടു ചേരാച്ചിറകൻ എന്നിവ ആദ്യമായാണ് ഈ മേഖലയിൽ കാണുന്നത്.
പശ്ചിമഘട്ടത്തിന്റെ വൈരം എന്ന് വിശേഷിക്കപ്പെടുന്ന മേഘവർണൻ എന്ന സുന്ദരൻ തുമ്പി, പലയിനം മുളവാലൻ തുമ്പികൾ, കോമരത്തുമ്പികൾ എന്നിവയാണ് മറ്റ് പ്രധാനയിനങ്ങൾ.
ചില തുമ്പികളുടെ രേഖാനാമങ്ങളിലും മാറ്റംവരുത്തിയിട്ടുണ്ട്. ചതുപ്പു മുളവാലനെ പാറമുത്തൻ മുളവാലൻ എന്നും വടക്കൻ മുളവാലനെ അഗസ്ത്യമല മുളവാലൻ എന്നും മഞ്ഞവരയൻ വർണത്തുമ്പിയെ അബ്രഹാമി വർണത്തുമ്പിയെന്നും രേഖപ്പെടുത്തി.
കേരള വനം വന്യജീവി വകുപ്പും സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസും സംയുക്തമായാണ് സർവേ സംഘടിപ്പിച്ചത്. വൈൽഡ് ലൈഫ് വാർഡൻ വിനോദ് എസ്.വി. സർവേക്കു തുടക്കംകുറിച്ചു. ഡോ. സുജിത് വി. ഗോപാലൻ, ഡോ. വിവേക് ചന്ദ്രൻ, മുഹമ്മദ് ഷെരീഫ്, രഞ്ജിത് ജേക്കബ് മാത്യൂസ്, റെജി ചന്ദ്രൻ എന്നിവരാണ് നേതൃത്വം നൽകിയത്.
Content Highlights: Over 121 dragonfly species found at dragonfly survey in trivandrum