രണ്ടുവയസ്സ് പിന്നിട്ട് 'പ്രോജക്ട് ചീറ്റ'; ചീറ്റപ്പുലികള്‍ ഇനി വന്യതയുടെ സ്വാതന്ത്ര്യത്തിലേക്ക്

#ടി.ജെ. ശ്രീജിത്ത്
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ:മാതൃഭൂമി

കൊച്ചി: ഇന്ത്യന്‍ കാടുകളില്‍നിന്ന് അപ്രത്യക്ഷമായ ചീറ്റപ്പുലികളെ ഏഴുപതിറ്റാണ്ടിനുശേഷം തിരികെയെത്തിച്ച 'പ്രോജക്ട് ചീറ്റ' രണ്ടുവയസ്സ് പിന്നിടുന്നു. 'കാടുകൂട്ടില്‍' പാര്‍പ്പിച്ചിരിക്കുന്ന ചീറ്റകളെ വന്യതയുടെ സ്വാതന്ത്ര്യത്തിലേക്കു തുറന്നുവിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഉത്തരേന്ത്യന്‍ മണ്‍സൂണ്‍ അവസാനിച്ചാലുടന്‍ ചീറ്റകളെ ഒന്നൊന്നായി കാട്ടിലേക്ക് വിട്ടുതുടങ്ങും. വന്യതയുടെ സ്വാഭാവിക അന്തരീക്ഷത്തിലേക്ക് ചീറ്റകള്‍ ഇഴുകിച്ചേരുമ്പോഴേ 'ഇന്ത്യന്‍ ചീറ്റ പ്രോജക്ട്' പൂര്‍ണവിജയമായെന്ന് അടിവരയിടാനാകൂ.

ചീറ്റ പ്രോജക്ട് രണ്ടുവര്‍ഷംമുന്‍പ് രണ്ടു ഘട്ടമായാണ് നടപ്പാക്കിയത്. ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളില്‍നിന്നായി 20 ആഫ്രിക്കല്‍ ചീറ്റപ്പുലികളെയാണ് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2022 സെപ്റ്റംബര്‍ 17-നാണ് ഇവയെ പ്രത്യേകമായി തയ്യാറാക്കിയ 'കാടുകൂട്ടിലേക്ക്' തുറന്നുവിട്ടത്. ഒരു ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള കൂടായിരുന്നു ഇത്. കാലാവസ്ഥയും പരിസ്ഥിതിയുമായി ഇവയെ ഇണക്കുകയായിരുന്നു ആദ്യ ദൗത്യം.

'ബൊമകള്‍' എന്നറിയപ്പെടുന്ന ഈ കൂടിനുള്ളില്‍ ചെറുമൃഗങ്ങളെ വേട്ടയാടാന്‍ അവസരമൊരുക്കി. ഇതിനുശേഷം ചില ചീറ്റകളെ കാട്ടിലേക്ക് വിടുകയും തിരികെ പഴയകൂട്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഇതിനിടെ ഇവ ഇണചേര്‍ന്നു. അങ്ങനെ ഇന്ത്യന്‍മണ്ണില്‍ 17 ചീറ്റക്കുഞ്ഞുങ്ങള്‍ പിറന്നു. ഇന്ത്യയിലെത്തിച്ച 20 ചീറ്റകളില്‍ 12 എണ്ണവും കാലാവസ്ഥയോടും പരിസ്ഥിതിയോടും ഇണങ്ങി. ബാക്കിയുള്ള എട്ടെണ്ണം പലകാരണങ്ങളാല്‍ ചത്തു. അഞ്ച് ചീറ്റക്കുഞ്ഞുങ്ങളും ചത്തു. കുഞ്ഞുങ്ങളടക്കം 24 ചീറ്റപ്പുലികളാണ് ഇന്ത്യയിലിപ്പോഴുള്ളത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 27 വനംഡിവിഷനുകളാകും ഭാവിയില്‍ ചീറ്റകളുടെ വിഹാരരംഗം.

രാജ്യം വിലയിരുത്തട്ടെ- ഡോ. രാജേഷ് ഗോപാല്‍

ഇന്ത്യയുടെ പ്രോജക്ട് ചീറ്റ സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാനും ഗ്ലോബല്‍ ടൈഗര്‍ ഫഓറം സെക്രട്ടറി ജനറലുമായ ഡോ.രാജേഷ് ഗോപാല്‍ മാതൃഭൂമിയുമായി സംസാരിക്കുന്നു...

* പ്രോജക്ട് ചീറ്റ എത്രത്തോളം മുന്നോട്ടുപോയി?

ഡോ. രാജേഷ് ഗോപാല്‍
 

നിലവില്‍ 24 ചീറ്റകളുള്ളതില്‍ 12 എണ്ണം പ്രായപൂര്‍ത്തിയായതാണ്. ഏഴെണ്ണം പെണ്‍ചീറ്റകളും അഞ്ചെണ്ണം ആണ്‍ചീറ്റകളും. ബാക്കി 12 എണ്ണം കുഞ്ഞുങ്ങളാണ്. പദ്ധതി വിജയമായതിനുള്ള തെളിവാണ് ഇവ ഇണചേര്‍ന്നതും കുഞ്ഞുങ്ങളുണ്ടായതും. 

* ചീറ്റകളെ കാടില്‍ സ്വതന്ത്രരാക്കി വിടുമോ?

അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഉത്തരേന്ത്യയില്‍ മണ്‍സൂണ്‍ അവസാനിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നാലുടന്‍ ഇതിനുള്ള നടപടികള്‍ തുടങ്ങും. എല്ലാ ചീറ്റകളെയും ഒരുമിച്ചുവിടില്ല. ഓരോന്നിനെയായി വിടുകയും നിരീക്ഷിക്കുകയും ചെയ്തശേഷമാവും അടുത്തതിനെ തുറന്നുവിടുക. 

* ഉത്തരേന്ത്യയില്‍ ഒരു ചീറ്റ കോറിഡോര്‍ രൂപപ്പെടുമോ?

അങ്ങനെയൊരു പ്രത്യേക കോറിഡോറിന്റെ ആവശ്യമില്ല. ചീറ്റയ്ക്കായി ഒരു പ്രത്യേക വനമേഖല വേണമെന്നത് തെറ്റിദ്ധാരണയാണ്. ആ കാടുകളെല്ലാം പരസ്പരം കോര്‍ത്തുകിടക്കുന്നതാണ്. 

* സഫാരികളില്‍ ചീറ്റയെ കാണാനാകുമോ?

കുനോ നാഷണല്‍ പാര്‍ക്കിന്റെ പ്രവേശനകവാടമായ സെസായ്പുരയില്‍ ഒരു സഫാരി പാര്‍ക്കിന് പദ്ധതിയുണ്ട്. ചീറ്റകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന കേന്ദ്രം ഉള്‍പ്പെടെയായിരിക്കും ഇത്. 


 

Content Highlights: project cheetah completes two years