പ്യൂഫ് പ്യൂഫ് ട്രർർർർ.. റിംഗ് ടോൺ പോലെ സംഗീതം പൊഴിക്കും, മരം തുരന്ന് കൂടൊരുക്കും; തീക്കാക്ക

പശ്ചിമഘട്ടത്തിലെ വനവാസി പക്ഷിയാണ് തീക്കാക്ക (Malabar trogon). ഓലേഞാലിയുടെ വലിപ്പമുണ്ടെങ്കിലും ഇവയെ കണ്ടെത്തുക അത്ര എളുപ്പമല്ല. വിശ്രമിക്കാനിരിക്കുമ്പോൾ ഇടയ്ക്കിടെ വാൽ വിശറിപോലെ വിടർത്തുമ്പോഴുള്ള വെളുത്ത നിറം പെട്ടെന്ന് കാഴ്ച്ചയിൽപെടും.

ഇവരെ കണ്ടുപിടിക്കാൻ മറ്റൊരു മാർഗമുണ്ട്. അതിവരുടെ ശബ്ദമാണ്. പ്യൂഫ് പ്യൂഫ് പ്യൂഫ് പ്യൂഫ് ട്രർർർർ. ചില ഫോണുകളുടെ റിംഗ്‌ടോൺ പോലെ. ഇടവിട്ട് ഈ ശബ്ദം ഉണ്ടാക്കികൊണ്ടിരിക്കും. ചിത്രം പകർത്താനാണെങ്കിൽ രാവിലെ പത്തു മണി കഴിഞ്ഞുള്ള സമയമാണ് നല്ലത്. ആ സമയങ്ങളിൽ ഇവർ വളരെ താഴ്ന്ന് പറക്കും. വളരെ താഴ്ന്ന കമ്പുകളിൽ ഇരിക്കുകയും ചെയ്യും. ഷഡ്പദങ്ങളും മറ്റു പ്രാണികളുമാണ് പ്രധാന ഭക്ഷണം.

തീക്കാക്ക

മരംകൊത്തികളെ പോലെ മരം തുരന്നാണ് കൂടുകൾ ഉണ്ടാക്കുന്നത് . അതിനിവർ തിരഞ്ഞെടുക്കുന്നതാവട്ടെ ഉണങ്ങി ചെതുക്കു പിടിച്ച മരവും. ആ മരം അടുത്ത വർഷത്തേയ്ക്ക് വീണുപോയിട്ടുണ്ടാവും. മൂന്നു മുതൽ നാലുവരെ കുഞ്ഞുങ്ങളെ ഒരേസമയം കണ്ടിട്ടുണ്ട്. പൂവനും പിടയും മാറിമാറി അടയിരിക്കുകയും കുഞ്ഞിന് ഭക്ഷണമെത്തിക്കുകയും ചെയ്യും. കാട്ടിലെ വഴിയോരങ്ങളോട് ചേർന്നാണ് കൂടൊരുക്കുന്നത്.

തീക്കാക്ക

പൂവനും പിടയും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. പൂവന് കറുത്ത തലയും വെളുത്ത മാലയും ബാക്കി മുൻവശം കടും ചുവപ്പാണ്. വാലിന്റെ മുൻവശം മൂന്ന് തട്ടായി വെളുത്ത തൂവലുണ്ട്. പിടയ്ക്ക് തലമുതൽ കഴുത്തുവരെ നല്ല തവിട്ടുനിറവും അതിന് താഴേയ്ക്ക് മഞ്ഞ കലർന്ന തവിട്ടുനിറവുമാണ്. ഇവരുടെയും വാലിനടിവശം വെളുത്ത മൂന്നു നിര തൂവലുകളുള്ളതായി കാണാം.

Content Highlights: Malabar Trogon, locally known as Theheekkakka, is a native forest bird of the Western Ghats., Known for its unique ringtone-like call and distinct visual features., Feeds mainly on insects and builds nests by hollowing out dry trees like woodpeckers., Male and female Trogons exhibit distinct physical coloration.