മനുഷ്യരെ ഓര്‍ത്തുവെച്ച് പ്രതികാരം; കണ്ണ് കൊത്തിയെടുക്കുന്ന മാഗ്‌പൈ പക്ഷികള്‍

magpie|photo:canva
magpie|photo:canva

പക്ഷികളെക്കുറിച്ച് കൗതുകകരമായ പല കാര്യങ്ങളും നമ്മള്‍ക്കറിയാം. ജീവിതരീതിയിലെ പ്രത്യേകത കൊണ്ടും വിചിത്രസ്വഭാവം കൊണ്ടും വേറിട്ട് നില്‍ക്കുന്ന പക്ഷികളാണ് മാഗ്‌പൈ പക്ഷികള്‍. സാധാരണപക്ഷികളെക്കാള്‍ ബുദ്ധിയിലും പ്രയോഗികകാര്യങ്ങളിലുള്ള ബോധ്യത്തിലുമെല്ലാം ഈ പക്ഷി വേറിട്ടു നില്‍ക്കുന്നു. ഇവ മനുഷ്യരോട് അത്ര അടുപ്പം കാണിക്കുന്ന പക്ഷികളല്ല. തരം കിട്ടിയാല്‍ കണ്ണ് ചൂഴ്‌ന്നെടുക്കാനും മടിയ്ക്കാത്തവരാണിവര്‍.

കഴിഞ്ഞവര്‍ഷം ഓസ്‌ട്രേലിയക്കാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഈ പക്ഷിയുടെ ആക്രമണത്തിന് ഇരയായിരുന്നു.അപ്രതീക്ഷിതമായുള്ള പക്ഷി ആക്രത്തില്‍ അവരുടെ കണ്ണുകള്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലായി വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട മാഗ്പൈ പക്ഷികള്‍ കണ്ടുവരുന്നു. എന്നാല്‍ ഓസ്‌ട്രേലിയയില്‍ കണ്ടുവരുന്ന മാഗ്‌പൈകളാണ് ഇവയില്‍ ഏറ്റവും അപകടകാരികളായി കരുതുന്നത്. ഓസ്‌ട്രേലിയന്‍ മാഗ്പൈകള്‍ കണ്ണുകള്‍ ലക്ഷ്യംവച്ച് നടത്തിയ ആക്രമണങ്ങള്‍ വാര്‍ത്തകള്‍ നിരവധിയുണ്ട്.

ഇവയ്ക്ക് ശബ്ദമനുകരിക്കാനും  കണ്ണില്‍പ്പെടുന്ന വസ്തുക്കള്‍ പ്രായോഗികമായി ഉപയോഗിക്കാനുമെല്ലാം കഴിവുണ്ട്. മനുഷ്യരെ പലപ്പോഴും ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് ഇവരുടെ പെരുമാറ്റം. വിവിധങ്ങളായ ശബ്ദം അനുകരിക്കുന്ന ഇവയുടെ വീഡിയോകളും പലപ്പോഴായി സാമൂഹികമാധ്യങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

മാഗ്‌പൈ ആക്രമണങ്ങളെ നിസ്സാരമായി കാണാന്‍ കഴിയില്ല. കൃഷ്ണമണി ലക്ഷ്യം വെച്ചാണ് ഇവ ആക്രമണം നടത്തുന്നത്. പ്രജനനകാലത്താണ് ഇവ വ്യാപകമായി മനുഷ്യരെ ആക്രമിക്കുന്നത് . ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവരുടെ പ്രജനനകാലം. മാഗ്‌പൈ കൂട്ടമായി കാണപ്പെടുന്നയിടങ്ങളില്‍ നിന്ന് മാറി നടക്കുന്നതാകും നല്ലത്.

മാഗ്‌പൈ സോണ്‍ എന്ന മുന്നറിപ്പ് ബോര്‍ഡുകളും ഓസ്‌ട്രേലിയയില്‍ സ്ഥാപിക്കാറുണ്ട്. സൈക്കിള്‍ യാത്രികരേയും നടക്കാന്‍ പോകുന്നവരേയും ഇത് ആക്രമിക്കുന്നത് പതിവാണ്. ആക്രമണം നടത്തി വേഗത്തില്‍ പറന്നുപോകുകയും ചെയ്യും ഇവര്‍. ഇവയെ കണ്ട് പേടിയ്ക്കുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്താലും ഈ പക്ഷികള്‍ പ്രകോപിതരാകും. 

പ്രജനന കാലത്ത് കൂടിനും കുഞ്ഞുങ്ങള്‍ക്കും ഭീഷണിയുണ്ടാകുമെന്ന തോന്നലാണ് ഇവ അക്രമാസക്തമാകുന്നതിനുള്ള കാരണം. തന്റെ ശത്രുക്കളെ പേടിപ്പിച്ച് ഓടിക്കാനുള്ള പക്ഷിയുടെ തന്ത്രമാണിതെന്നും പറയപ്പെടുന്നു. അല്ലാത്ത സമയത്ത് ഇവ ഇത്രയേറെ അക്രമാസക്തരാകാറില്ലെന്നും നീരിക്ഷണമുണ്ട്. ആണ്‍ പക്ഷികളാണ് കൂടുതലും ആക്രമണം നടത്തുന്നതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. കീടങ്ങളെയും പ്രാണികളുമാണ് ഇവയുടെ പ്രധാനഭക്ഷണം.

ഇവരുടെ ആവാസപരിസരത്തിലൂടെ ഒറ്റയ്ക്ക് നടക്കാതിരിക്കാനും ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇവയില്‍ നിന്ന് രക്ഷനേടാന്‍  കുട ഉപയോഗിക്കുകയോ സണ്‍ഗ്ലാസുകള്‍ ധരിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഒരുതവണ ഉന്നമിട്ട മനുഷ്യരെ ഇവയ്ക്ക് ഓര്‍ത്തുവെയ്ക്കാനും കഴിവുണ്ട്. ഒരിക്കല്‍ ആക്രമിച്ചയാളെ അതിനാല്‍ വീണ്ടും അക്രമിക്കാനും സാധ്യത ഇതിനാല്‍ കൂടുതലാണ്. കാക്ക ഉൾപ്പെടുന്ന corvidae കുടുംബാംഗമാണ് മാഗ്പൈ പക്ഷികൾ.

30 വര്‍ഷം വരെ ഇവ ജീവിയ്ക്കും. ഒറ്റ ഇണയെ മാത്രം കണ്ടെത്തി ജീവിയ്ക്കുന്നവെന്ന പ്രത്യേകതയും ഇതിനുണ്ട്.


 

Content Highlights: Magpies, known for their intelligence, are also infamous for their aggressive behavior, especially i