146 സ്പീഷിസുകളില്‍പ്പെടുന്ന 1,919 പക്ഷികള്‍; കാസിരംഗയില്‍ പക്ഷികളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി

സ്വാംപ് ഗ്രാസ് ബാബ്ലര്‍ | Photo: https://commons.wikimedia.org/w/index.php?curid=157129626
സ്വാംപ് ഗ്രാസ് ബാബ്ലര്‍ | Photo: https://commons.wikimedia.org/w/index.php?curid=157129626

കാസിരംഗ (അസം): പക്ഷികളുടെ കണക്കെടുപ്പിനായുളള 'കട്ടി ബിഹു ബേഡ് കൗണ്ട് 2025' അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വില്‍ പൂര്‍ത്തിയായി. അസം ബേഡ് മോണിറ്ററിങ് നെറ്റ്‌വര്‍ക്കും കാസിരംഗ ദേശീയോദ്യാനവും സംയുക്തമായാണ് സര്‍വേ സംഘടിപ്പിച്ചത്. ഒക്ടോബര്‍ 18-ന് നടന്ന കണക്കെടുപ്പില്‍ ഗവേഷകരും പക്ഷി നിരീക്ഷകരുമടക്കം 63 പേര്‍ പങ്കാളികളായി. ദേശീയോദ്യാനത്തിലെ അഞ്ച് പ്രധാന മേഖലകളിലാണ് കണക്കെടുപ്പ് നടന്നത്.

146 സ്പീഷിസുകളില്‍പെടുന്ന 1,919 പക്ഷികളെയാണ് സര്‍വേയില്‍ കണ്ടത്. അഗോര്‍ത്തോലി മേഖലയില്‍ മാത്രം 89 സ്പീഷിസുകളെ രേഖപ്പെടുത്തി. ഗമിരിയിലും പന്‍ബരിയിലും 59 സ്പീഷിസുകളെ വീതം കണ്ടു. പാന്‍പുരില്‍ 55 പക്ഷി സ്പീഷിസുകളെയാണ് പട്ടികപ്പെടുത്തിയത്. സര്‍വേയ്ക്കിടയില്‍ കണ്ടെത്തിയ പക്ഷി സ്പീഷിസുകളില്‍ രണ്ടെണ്ണം വംശനാശഭീഷണി നേരിടുന്ന സ്വാംപ് ഗ്രാസ് ബാബ്ലര്‍, പല്ലാസസ് ഫിഷ് ഈഗിള്‍ എന്നിവയാണ്.

വംശനാശത്തിന് സാധ്യതയുള്ള റിവര്‍ ടേണ്‍, ഗ്രേറ്റര്‍ സ്‌പോട്ടഡ് ഈഗിള്‍, സ്ലെന്‍ഡര്‍-ബില്‍ഡ് ബാബ്ലര്‍, ഗ്രേറ്റ് ഹോണ്‍ബില്‍, സ്വാംപ് ഫ്രാന്‍കോളിന്‍ എന്നിവയും പട്ടികയില്‍ ഇടംനേടി. വംശനാശത്തിന്റെ വക്കിലെത്തിയ വൂളി നെക്ക്ഡ് സ്റ്റോര്‍ക്ക്, നോര്‍ത്തേണ്‍ ലാപ്‌വിങ്, ബ്ലോസം-ഹെഡഡ് പാരക്കീറ്റ്, ഗ്രേ ഹെഡഡ് ഫിഷ് ഈഗിള്‍, സ്‌പോട്ട്-ബില്‍ഡ് പെലിക്കന്‍, റിവര്‍ ലാപ്‌വിങ് എന്നിവയെയും സര്‍വേയ്ക്കിടയില്‍ രേഖപ്പെടുത്തി. ഐയുസിഎന്നിന്റെ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍) പട്ടികപ്രകാരം കുറവ് ആശങ്കയില്‍ ഉള്‍പ്പെടുന്ന 132 പക്ഷിയിനങ്ങളെയും കാസിരംഗയില്‍ കാണാനായി.

തദ്ദേശ പക്ഷികളെയും നിരവധി ദേശാടനപ്പക്ഷികളെയും സര്‍വേയില്‍ കണ്ടതായി കാസിരംഗ നാഷണല്‍ പാര്‍ക്ക് ആന്‍ഡ് ടൈഗര്‍ റിസര്‍വിന്റെ ഫീല്‍ഡ് ഡയറക്ടറായ ഡോ. സൊണാലി ഘോഷ് പ്രതികരിച്ചു. റാപ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ഗ്രേറ്റര്‍ സ്‌പോട്ട്ഡ് ഈഗിളിനാപ്പം സ്വാംപ് ഗ്രാസ് ബാബ്ലര്‍ പോലുള്ള വംശനാശഭീഷണി നേരിടുന്ന പക്ഷിയിനങ്ങളെ കണ്ടത് കാസിരംഗയുടെ പാരിസ്ഥിതിക പ്രാധാന്യത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് സൊണാലി ഘോഷ് അഭിപ്രായപ്പെട്ടു.

Content Highlights: Kati Bihu Bird Count 2025 Conducted At Kaziranga National Park