തീറ്റ, ഉറക്കം, ഉറക്കം, തീറ്റ; ഇന്ന് കുഴിമടിയന്മാരായ കോവാലകളുടെ ദിനം

ലോകത്തിലെ ഏറ്റവും കുഴിമടിയനായ ജീവിയേതാണെന്ന ചോദ്യത്തിന് ജന്തുവിദഗ്ധര്‍ ആദ്യം പറയുന്ന പേര് കോവാലയുടേതാവും. മെയ് 3 അന്താരാഷ്ട്ര കോവാല ദിനമാണ്. കടുത്ത വംശനാശഭീഷണി നേരിടുന്ന കോവാലകളുടെയും അവയുടെ ആവാസ്ഥവ്യവസ്ഥയുടെയും സംരക്ഷിക്കണമെന്ന ബോധവത്കരണത്തിൻ്റെ ഭാഗമായാണ് കോവാല ദിനം ആചരിക്കുന്നത്.
ദിവസം 18 മണിക്കൂർ മുതല്‍ 22 വരെ ഉറങ്ങുന്ന ഒറ്റയ്ക്ക് ജീവിക്കാനിഷ്ടപ്പെടുന്ന, ഇരിപ്പുറപ്പിച്ച മരക്കൊമ്പില്‍ നിന്ന് ഒന്ന് അനങ്ങാന്‍ പോലുമിഷ്ടപ്പെടാത്ത ഈ കുഴിമടിയന്മാര്‍ കങ്കാരു പോലെ തന്നെ ഓസ്‌ട്രേലിയയിൽ മാത്രം കണ്ടു വരുന്ന ജീവികളാണ്.
കങ്കാരുവിനെ പോലെ സഞ്ചിമൃഗങ്ങളുടെ പട്ടികയില്‍പ്പെടുന്ന കോവാലകളുടെ ജീവിതകാലാവധി 20 വര്‍ഷമാണ്. ചാരനിറത്തിലുള്ള രോമവും വലിയ ചെവികളും ചെറിയ കണ്ണുകളും കുഞ്ഞന്‍ വാലുമൊക്കെയായി ഒരു ടെഡി ബെയറിന്റെ രൂപമാണിവയ്ക്ക്.
കഷ്ടിച്ച് രണ്ടടിയോളം ഉയരവും 15 കിലോവരെ ഭാരവുമുള്ള കോവാലകളുടെ പ്രിയപ്പെട്ട ഭക്ഷണം യൂക്കാലിപ്റ്റസ് ഇലകളാണ്. ഒരു ദിവസം ഒരു കിലോ വരെ യൂക്കാലി ഇലകള്‍ ഇവ അകത്താക്കുകയും ചെയ്യും. പോഷകങ്ങള്‍ നന്നേ കുറവുള്ള ദഹിക്കാന്‍ ബുദ്ധമുട്ടുള്ള യൂക്കാലി ഇലകള്‍ ഒന്ന് ദഹിപ്പിച്ചെടുക്കാന്‍ ചില്ലറ കഷ്ടപ്പാടൊന്നുമല്ല. അതുകൊണ്ടു തന്നെയാണ് ഇവ കൂടുതല്‍ സമയവും കിടന്ന് ഉറങ്ങുന്നതും. ഭക്ഷണം കഴിക്കാന്‍ കേറിക്കൂടിയ മരത്തില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതെ അവിടെ തന്നെ ഇരുന്ന് ഉറങ്ങും. പകല്‍സമയം മിക്കവാറും ഉറക്കമായിരിക്കും. രാത്രിയിലാണ് ഭക്ഷണം കഴിക്കുക. അതികഠിനമായ വേനല്‍ക്കാലത്ത് മാത്രമേ വെള്ളം കുടിയ്ക്കൂ. മരത്തില്‍ നിന്ന് നിലത്തിറങ്ങുന്നത് മറ്റൊരു മരത്തിലേക്ക് കയറിപ്പറ്റാന്‍ മാത്രമാണ്.
ലക്ഷക്കണക്കിനുണ്ടായിരുന്ന ഇവയുടെ എണ്ണം ക്രമാതീതമായി കുറയാന്‍ പ്രധാനകാരണം രോമത്തിനു വേണ്ടി ഇവ വേട്ടയാടപ്പെട്ടതും ആവാസസ്ഥലങ്ങള്‍ നശിച്ചുപോയതും കൂടെക്കൂടെയുണ്ടായ കാട്ടുതീയും ആണ്. യൂക്കാലിപ്റ്റസ് മരങ്ങളില്ലെങ്കില്‍ ഇവയ്ക്ക് നിലനില്‍പ്പില്ല. 2020-ല്‍ ഓസ്‌ട്രേലിയയില്‍ സംഭവിച്ച കാട്ടുതീയില്‍ 60,000 കോവാലകൾ കൊല്ലപ്പെട്ടന്നാണ് കണക്ക്. കാങ്കരു ഐലന്‍ഡ് എന്ന പ്രദേശത്തു മാത്രം 41000 കോലകള്‍ കൊല്ലപ്പെട്ടു..
Content Highlights: international wild koala day