ചീറ്റ നായാട്ടില്‍ ഹരംപിടിച്ചു, കാട്ടിൽ ഒടികള്‍ നിറഞ്ഞു; വംശനാശത്തിലേക്കടുത്ത ഇന്ത്യൻ ചീറ്റ

ഫത്തേബാസ്... അക്ബര്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ചീറ്റപ്പുലിയുടെ പേര്.... അന്ന് ജലാലുദ്ദീന്‍ മുഹമ്മദ് അക്ബറിന് പതിമൂന്ന് വയസ്സാണ് പ്രായം. ചീറ്റപ്പുലിയുമായി ഡല്‍ഹി ദര്‍ബാറിലെത്തിയത് മുഗള്‍ പടനായകരിലൊരാളായ വാലി ബെഗ് ആയിരുന്നു. പഞ്ചാബിലെ മച്ചിവാരയില്‍ 1555ല്‍ സൂരികളുമായുണ്ടായ യുദ്ധത്തില്‍ മുഗള്‍ സാമ്രാജ്യത്തിനായിരുന്നു ജയം. അന്ന് സൂരികളില്‍ നിന്നും വാലി ബെഗ് പിടിച്ചെടുത്തതായിരുന്നു ഫത്തേബാസ് എന്ന ചീറ്റപ്പുലിയെ. മുഗള്‍ സാമ്രാജ്യത്തിന്റെ ഭാവി ചക്രവര്‍ത്തിക്കു മുന്നില്‍ കാഴ്ച വസ്തുവായിട്ടാണ് ഫത്തേബാസിനെ വാലിബെഗ് സമര്‍പ്പിച്ചത്. അത്രനാള്‍ അക്ബര്‍ ഒരു ചീറ്റപ്പുലിയെ അത്രയും അരികില്‍ കണ്ടിട്ടില്ലായിരുന്നു. ചീറ്റപ്പുലിയുമായി വേട്ടയ്ക്കിറങ്ങുന്ന മുഗളരുടെ കഥകള്‍ മാത്രമായിരുന്നു ആ പതിമൂന്നുകാരന്‍ കേട്ടിരുന്നത്.
ഫത്തേബാസിനെ കണ്ട അക്ബര്‍ ആവേശഭരിതനായി. ആ ചീറ്റപ്പുലിയെ കോട്ടയ്ക്കുള്ളില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചു. ചീറ്റപ്പുലിയുടെ സൂക്ഷിപ്പുകാര്‍ അക്കാലത്ത് 'ദുന്‍ദു' എന്നാണ് അറിയപ്പെട്ടിരുന്നത്. ഫത്തേബാസിനെ നോക്കാന്‍ ഏല്‍പ്പിച്ചയാള്‍ മിടുക്കനാണെന്ന് കണ്ട് അയാള്‍ക്ക് അക്ബര്‍ ഫത്തേഖാന്‍ എന്ന സ്ഥാനപ്പേരും നല്‍കി. ഫത്തേബാസിനെ കണ്ട അന്നു മുതല്‍ക്കാണ് അക്ബറൊരു ചീറ്റപ്രാന്തനാകുന്നത്. പോകെ പോകെ അക്ബറിന്റെ കോട്ടയ്ക്കുളില്‍ ആയിരത്തോളം ചീറ്റപ്പുലികളെത്തി. അത്രയ്ക്കായിരുന്നു ചക്രവര്‍ത്തിയുടെ കമ്പം.
ചീറ്റപ്പുലിയെ മുഗളര്‍ വിളിച്ചിരുന്നത് 'യൂസ്' എന്നായിരുന്നു. പേര്‍ഷ്യന്‍ വാക്കായിരുന്നു അത്. ഇന്ത്യയിലേയും പേര്‍ഷ്യയിലേയും (ഇറാന്‍) അറബ്യേയിലേയും കൊട്ടരാങ്ങളില്‍ ചീറ്റപ്പുലികളെ വളര്‍ത്തിയിരുന്നു. ചീറ്റപ്പുലിയെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ മാത്രമല്ല ചീറ്റയെത്തന്നെ വേട്ടയാടുന്നതും അക്കാലത്തെ രാജക്കന്‍മാര്‍ക്കും പടനായകര്‍ക്കും ഒരു ഹരമായിരുന്നു.
ചെറുപ്പക്കാരനായ അക്ബര്‍ ചക്രവര്‍ത്തി ചീറ്റയെപിടിക്കാന്‍ എത്തിയിരിക്കുന്നതും
അക്ബര്‍നാമയില്‍ നിന്നുള്ള ഈ പെയിന്റിങ്ങില്‍ കാണാം
കാടിന്റെ കനപ്പിനുള്ളിലല്ല ചീറ്റകളുടെ ഇടം. അവ പുല്‍മേടുകളിലും കുറ്റിച്ചെടികള്‍ നിറഞ്ഞ കണ്ണെത്താത്ത നിരപ്പുകളിലും പാറപ്രേദേശങ്ങളിലും കുന്നിന്‍പുറങ്ങളിലുമാണുണ്ടാവുക മണിക്കൂറില്‍ 70 മൈല്‍ വേഗത്തില്‍ കുതിക്കുന്ന കരയിലെ അതിവേഗക്കാരന് ഇരയെ ഓടിച്ചിട്ടു പിടിക്കാന്‍ തുറസ്സായ ഇടങ്ങളാണ് വേണ്ടത്. ഏതാനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വരെ ഉപേക്ഷിക്കപ്പെട്ട് കിടന്ന ഇന്ത്യയിലെ പുല്‍മേടുകള്‍ ചീറ്റകളുടെ വാസകേന്ദ്രമായിരുന്നു. രാജാക്കന്‍മാരുടെ വേട്ടയാടലിനൊപ്പം ഇത്തരം തുറസ്സായഭൂമി കൃഷിയിടങ്ങളായി മാറ്റിയപ്പോള്‍ ചീറ്റയുടെ ആവാസവ്യവസ്ഥയാണ് തകര്‍ക്കപ്പെട്ടത്.
ഇന്ത്യയുടെ ചരിത്രത്തില്‍ ചീറ്റപ്പുലിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശുഷ്‌കമാണ്. ചീറ്റയെ നായാട്ടിന് ഉപയോഗിച്ചിരുന്നു എന്നതിന് ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള എഴുത്ത് പന്ത്രണ്ടാം നൂറ്റാണ്ടിലെ 'മാനസോല്ലാസ'യിലാണ്. ചാലൂക്യ രാജാവായിരുന്ന സോമേശ്വര മൂന്നാമന്റേതാണ് ഈ സംസ്‌കൃത ഗദ്യം. അക്കാലത്തെ എല്ലാ വിഷയങ്ങളും പരാമര്‍ശിക്കുന്ന 'എന്‍സൈക്ലോപീഡിയ' ആണ് മാനസോല്ലാസ. ഇതിനുശേഷം മുഗളരാണ് ഇന്ത്യയുടെ ചരിത്രത്താളുകളില്‍ ചീറ്റയെ കുറിച്ച് ഏറ്റവുമധികം കുറിച്ചിട്ടത്. പടിഞ്ഞാറന്‍ പഞ്ചാബിലെ 'ലഖി' കാട് ചീറ്റപ്പുലികളുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നെന്ന് മുഗള്‍ ചരിത്രരേഖകള്‍ പറയുന്നു. സത്ലജ് നദിയുടെ വടക്കന്‍തീരമായിരുന്നു ഇത്. മുഗളര്‍ ഇവിടെ നിന്നും ചീറ്റയെ പിടികൂടിയിരുന്നു. ഭട്ടീന്‍ഡ, പത്താന്‍, സിമാവാലി, അലാപൂര്‍, ജോധ്പൂര്‍, ജെയ്സാല്‍മീര്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും ചീറ്റയെ വേട്ടയാടിയിരുന്നു.
വേട്ടയാടുന്ന അക്ബര്‍നാമയിലെ പെയ്ന്റിങ്
ചീറ്റവേട്ടകള്‍
കാട്ടാനകളെ വാരിക്കുഴിയില്‍ വീഴ്ത്തി പിടികൂടിയിരുന്നത് പോലെയായിരുന്നു ചീറ്റകളെ പിടികൂടിയിരുന്നത്. ചീറ്റകള്‍ പതിവായി വരുന്നയിടം മനസ്സിലാക്കി അവിടെ അധികം താഴ്ചയില്ലാത്ത കുഴികള്‍ തീര്‍ക്കും. ഏതിലെങ്കിലും ഒന്നില്‍ ചീറ്റ വീഴാതിരിക്കില്ല എന്ന ഉറപ്പ് മുഗളര്‍ക്കുണ്ടായിരുന്നു. ചീറ്റ വീണാല്‍ ആ കുഴിക്ക് മീതെ വന്നടയുന്ന പ്രത്യകതരം വാതിലുള്ള കെണിയുമുണ്ടായിരുന്നു. വീഴുന്ന ചീറ്റപ്പുലിക്ക് പരിക്കു പറ്റാതിരിക്കാനുള്ള മുന്‍കരുതലും എടുത്തിരുന്നു.
ചില സമയങ്ങളില്‍ ഒന്നിലധികം ചീറ്റകള്‍ ഒരു കുഴിയില്‍ തന്നെ വീഴാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരു കുഴിയില്‍ നിന്നും ഏഴ് ചീറ്റകളെ കിട്ടി. ഒരു മഞ്ഞു കാലമായിരുന്നു അത്. ചീറ്റകള്‍ ഇണചേരുന്ന സമയം. ഒരു പെണ്‍ചീറ്റയ്ക്ക് പിന്നാലെ ഏഴ് ആണ്‍ ചീറ്റകള്‍ നടക്കുകയായിരന്നു. പെണ്‍ചീറ്റ കുഴിയില്‍ വീണതിന് പിന്നാലെ ആറു ആണുങ്ങളും എടുത്തു ചാടി.
'ഒടി' എന്നാണ് ഇത്തരം കുഴികളെ വിളിച്ചിരുന്നത്. ആദ്യകാലത്ത് ആഴത്തില്‍ കുഴികുത്തി ചീറ്റകളെ വീഴ്ത്തലായിരുന്നു. ആ വീഴ്ചയില്‍ തന്നെ ചീറ്റകളുടെ കാലുകള്‍ ഒടിയും. ഇല്ലെങ്കില്‍ കുഴിയില്‍ നിന്നും പുറത്തേക്ക് ചാടാനുള്ള വെപ്രാളത്തില്‍ പരിക്കുപറ്റുമായിരുന്നു. അക്ബറിന്റെ കാലത്താണ് ആഴംകുറച്ച് കുഴികുത്തി പരിക്കേല്‍ക്കാതെ ചീറ്റയെ പിടിക്കാനുള്ള സംവിധാനം 'ഒടി' യില്‍ ഒരുക്കിയത്. ചീറ്റകളെ ഓടിച്ചു തളര്‍ത്തി പിടികൂടുന്ന ഏര്‍പ്പാടും മരത്തില്‍ നിന്നും കഴുത്തില്‍ കുടുങ്ങുന്ന കുരുക്ക് ഞാത്തിയിട്ട് പിടികൂടുന്ന രീതിയുമുണ്ടായിരുന്നു.
അക്ബറും സംഘവും 1560ല്‍ പഞ്ചാബില്‍ നിന്നും ആഗ്രയിലേക്കുള്ള യാത്രാമധ്യേ ഇപ്പോഴത്തെ ഹരിയാണയിലെ ഹിസാര്‍ ഫിറോസയിലെത്തിയപ്പോള്‍ കൂട്ടത്തിലൊരു വേട്ടക്കാരന്‍ ചക്രവര്‍ത്തിയെ ഓര്‍മപ്പെടുത്തി...'ഇവിടെയടുത്ത് യൂസുകള്‍ ഒരുപാടുള്ള കാടുണ്ട്. അക്ബര്‍ ഒട്ടും അമാന്തിച്ചില്ല, അവിടെ നങ്കൂരമിട്ടു. ചീറ്റയെ വീഴ്ത്താനുള്ള ഒടി കുഴികള്‍ ആ കാടുകളില്‍ നിറഞ്ഞു. അന്ന് അക്ബറിന് ഒരുപാട് ചീറ്റകളെ കിട്ടിയത്രേ...
ചീറ്റകളുമൊത്തുള്ള നായാട്ടില്‍ അക്ബറിന് ഹരംപിടിച്ചു. ഒടികള്‍ നിറഞ്ഞു. ചീറ്റ കെണിയില്‍ വീണാല്‍ ചക്രവര്‍ത്തിയെ അറിയിക്കണം എന്നായി. അറിഞ്ഞയുടന്‍ കുതിരപ്പുറത്തേറി ആ സ്ഥലത്തേക്ക് അക്ബര്‍ പാഞ്ഞെത്തുമായിരുന്നു. കുഴിയില്‍ നിന്നും ചീറ്റയെ കയറ്റുന്നത് നോക്കി നിന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഒരിക്കല്‍ ഗ്വാളിയാറിന് സമീപം ക്രൗര്യമേറെയുള്ളൊരു ചീറ്റ വീണു. അക്ബര്‍ നേരിട്ടെത്തിയാണതിനെ കുഴിയില്‍ നിന്നും വലിച്ചു കയറ്റിയത്.
പിടികൂടുന്ന ചീറ്റകളെ വേട്ടയ്ക്കായി ഇണക്കിയെടുക്കുന്നതായിരുന്നു രീതി. ഒരു ചീറ്റ നന്നായൊന്ന് ഇണങ്ങി കിട്ടാന്‍ മൂന്നു മാസം വരെ സമയമെടുത്തിരുന്നു. പക്ഷെ അക്ബര്‍ ഇതിന് മാറ്റം കൊണ്ടുവന്നു പതിനെട്ട് ദിവസം കൊണ്ടാണ് ചീറ്റയെ വേട്ടയ്ക്കായി തയ്യാറാക്കിയിരുന്നത്. പരിശീലനം നല്‍കാന്‍ പലപ്പോഴും അക്ബര്‍ നേരിട്ടു തന്നെ ഇറങ്ങുമായിരുന്നു. അക്ബറിന്റെ കാലത്തിന് മുമ്പ് വരെ ഒരു ചീറ്റ വേട്ടയില്‍ പരമാവധി മൂന്നു കൃഷ്ണമൃഗങ്ങളെ മാത്രമേ കൊല്ലുമായിരുന്നുള്ളു. എന്നാല്‍ അക്ബറും സംഘവും പരിശീലനത്തിലൂടെ 12 കൃഷ്ണമൃഗങ്ങളെ വരെ ഒറ്റവേട്ടയില്‍ ഒരു ചീറ്റ പിടികൂടുന്ന രീതി കൊണ്ടുവന്നു.
അക്ബറിന്റെ കാലത്തിന് മുന്നേ ചീറ്റകളുടെ കണ്ണുകള്‍ കെട്ടിയാണ് കോട്ടയ്ക്കുള്ളില്‍ വിട്ടിരുന്നത്. എന്നാല്‍ അക്ബര്‍ പരിശീലനം നല്‍കിയവയ്ക്ക് കണ്‍കെട്ടുകള്‍ ഒഴിവാക്കി. ഒരിക്കല്‍ ഒരു കൃഷ്ണമൃഗവും മുഗളരുടെ കൈയിലുള്ള ഒരു ചീറ്റയും തമ്മില്‍ വലിയ ചങ്ങാത്തത്തിലായി. അവരെ ഒരു കൂട്ടിലിട്ടാണ് പിന്നെ വളര്‍ത്തിയത്. കൗതുകകരമായ കാര്യമെന്തന്നാല്‍ വേട്ടയുടെ സമയത്ത് മറ്റ് കൃഷ്ണമൃഗങ്ങള്‍ക്ക് മേല്‍ ചാടിവീഴാന്‍ ആ ചീറ്റ മടികാണിച്ചിരുന്നില്ലെന്നതാണ്.
അക്ബറിന്റെ കോട്ടയില്‍ ചീറ്റകളെ പരിപാലിക്കാന്‍ മാത്രം ഇരുന്നൂറോളം പരിശീലകരുണ്ടായിരുന്നു. വേട്ടസംഘത്തിലെ മികച്ച ചീറ്റകളെ ഖാസ എന്നാണ് വിളിച്ചിരുന്നത്. ഇത്തരം ചീറ്റകളെ നോക്കിവളര്‍ത്താന്‍ മാത്രം മൂന്നും നാലുംപേരെ നിയമച്ചിരുന്നു. അവര്‍ കൊട്ടാരത്തിലെ ഉയര്‍ന്ന ശമ്പളക്കാരുമായിരുന്നു. പത്തു ചീറ്റകള്‍ ചേര്‍ന്നതായിരുന്നു ഒരു തരാഫ്. അവയെ മിടുക്കും തൂക്കവുമനുസരിച്ച് തിരിച്ചിരുന്നു. അതില്‍ ഏറ്റവും മികച്ചവയായിരുന്നു ഖാസസംഘത്തില്‍.
വേട്ടയ്ക്കായി ചീറ്റകളെ കൊണ്ടുപോയിരുന്നത് ആനപ്പുറത്തായിരുന്നു..! ആനയുടെ ഇരുവശവും തൂങ്ങിക്കിടക്കുന്ന രണ്ട് കൂടുകള്‍ അതില്‍ രണ്ടു ചീറ്റകള്‍ ഇരയെ കാത്ത് നിന്നു. ഇരയുടെ കണ്‍വെട്ടം കാണുമ്പോള്‍ തുറന്നുവിടും. ആനകള്‍ക്ക് പുറമേ ഭടന്‍മാരും ചീറ്റക്കൂടും ചുമന്ന് നടന്നിരുന്നു. തൂക്കമനുസരിച്ച് എട്ടുവിഭാഗങ്ങളായാണ് അക്കാലത്ത് ചീറ്റകളെ തരംതിരിച്ചിരുന്നത്.
അക്ബര്‍നാമയില്‍ നിന്നുള്ള പെയിന്റിങ്
മദന്‍കലിയും ചിത്തരഞ്ജനും
ആയിരത്തോളം ചീറ്റകളുണ്ടായിരുന്ന അക്ബറിന് പ്രിയം മദന്‍കലിയോടായിരുന്നു. 1571ല്‍ പാക്പട്ടാനില്‍ (പാകിസ്താനിലെ ലാഹോറിനു സമീപം) ധാരാളം ചീറ്റകളുണ്ടെന്നറിഞ്ഞ് അക്ബറും സംഘവും വേട്ടയ്ക്കിങ്ങി. ആറു ചീറ്റകളുമായാണ് തിരിച്ചെത്തിയത്. അഴകും വേഗവും കൊണ്ട് വിസ്മയിപ്പിച്ച അതിലെ മിടുക്കന് അക്ബര്‍ പേരിട്ടു മദന്‍ കലി...അവനായിരുന്നു അകബ്റിന്റെ ചീറ്റത്തലവന്‍. മദന്‍കലിക്ക് സ്വന്തം കൈകള്‍ കൊണ്ടായിരുന്നു അക്ബര്‍ തീറ്റ കൊടുത്തിരുന്നത്. ഒരിക്കല്‍ മന്ത്രിമാര്‍ ചോദിച്ചു; 'അങ്ങേക്ക് ഭയമാകുന്നില്ലേ ഓമന മൃഗത്തെ പോലെ ഈ ജീവിയെ കാണാന്‍..?' അക്ബര്‍ മദന്‍കലിയുടെ തലയിലും കഴുത്തിലും തലോടിക്കൊണ്ടു പറഞ്ഞതിങ്ങനെ: 'മൃഗങ്ങളെ ഭയപ്പെടുത്താതിരിക്കുക...ഏതൊരു മൃഗത്തിനും നമ്മള്‍ അവയെ ഒന്നും ചെയ്യില്ലെന്ന് മനസ്സിലാകണം. അതിനൊപ്പം അവയെ സ്നേഹത്തോടെ പരിലാളിക്കുകയും ചെയ്താല്‍ അത് നമ്മളെയും ഒന്നും ചെയ്യില്ല...'
അക്ബറിനെ അത്ഭുപ്പെടുത്തിയ ചീറ്റയായിരുന്നു ചിത്തരഞ്ജന്‍..1572ല്‍ രാജസ്ഥാനിലെ സാംഗനീറില്‍ വേട്ടയ്ക്കായി ചക്രവര്‍ത്തിയിറങ്ങി. ഒരു കൃഷ്ണമൃഗത്തിന് പിന്നാലെ ഖാസ ചീറ്റകളിലൊന്നായ ചിത്തരഞ്ജന്‍ പാഞ്ഞു. പ്രാണരക്ഷാര്‍ഥം കുതിച്ച കൃഷ്ണമൃഗം വഴിയിലെ വലിയൊരു ഗര്‍ത്തം ചാടിക്കടന്നു. ഏതാണ്ട് 25 അടി അപ്പുറമായിരുന്നു അങ്ങേക്കര...ഒന്നരക്കുന്തത്തിന്റെ ഉയരത്തില്‍ പൊങ്ങിയ കൃഷ്ണമൃഗത്തിനൊപ്പം ചിത്തരഞ്ജനും ഉയര്‍ന്നു ചാടി. അങ്ങേക്കരയിലെത്തി അതിനെ പിടികൂടി. ഇതുകണ്ട് അന്തംവിട്ടു നിന്ന അക്ബര്‍ ചിത്തരഞ്ജനെ ചീറ്റക്കൂട്ടത്തിന്റെ രാജാവായി പ്രഖ്യാപിച്ചു. ചിത്തരഞ്ജന്‍ കടന്നു പോകുമ്പോള്‍ അകമ്പടിയായി വലിയ ചെണ്ട കൊട്ടണമെന്നും കല്‍പ്പിച്ചു.
അക്ബറിനെ ദുഃഖത്തിലാഴ്ത്തിയ ചീറ്റസംഭവങ്ങളുമുണ്ട്. ബീഹാറിലേക്കുള്ള ചക്രവര്‍ത്തിയുടെ 1574ലെ യാത്രയില്‍ ലോധിപ്പൂരിന് സമീപം ഗംഗാനദി മുറിച്ചു കടക്കവേ ചീറ്റകളെ കയറ്റിയ ഒരു ബോട്ട് മുങ്ങി. കൂട്ടത്തിലെ മികച്ച ചീറ്റകളായ ദൗളത്ത് ഖാനും ദില്‍റാങ്ങും മുങ്ങി ചത്തു.
ജഹാംഗീര്‍ കണ്ട ചീറ്റകള്‍
അക്ബറിന്റെ മരണശേഷം ചക്രവര്‍ത്തി പദമേറ്റ ജഹാംഹീര്‍ 1608ല്‍ അജമീര്‍ സന്ദര്‍ശിച്ചപ്പോള്‍. രാജാ വീര്‍സിങ് ദേവ് അവിടെ വെള്ള ചീറ്റപ്പുലിയുമായി എത്തി. യൂസ്-ഇ-സഫേദ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ (ഇപ്പോഴത്തെ മധ്യപ്രദേശ്) ഓര്‍ച്ച രാജ്യം ഭരിച്ചിരുന്ന മുഗള്‍ സാമന്ത രാജാക്കന്‍മാരില്‍ ഒരാളായിരുന്നു വീര്‍സിങ് ദേവ്. ഇന്ത്യയില്‍ ഏറ്റവും അധികം ചീറ്റപ്പുലികള്‍ ഉണ്ടായിരുന്ന ഇടമാണ് ബുന്ദേല്‍ഖണ്ഡ് മേഖല. കാരണം ചീറ്റയുടെ ഇഷ്ട ഇരയായ കൃഷ്ണമൃഗം കൂടുതലായുണ്ടായിരുന്ന സ്ഥലം കൂടിയാണിത്. ജഹാംഗീറിന്റെ കാലത്ത് ഇവിടെ നിന്നും ഒരുപാട് ചീറ്റകളെ പിടികൂടിയിരുന്നതായും കൊന്നതായും രേഖകളുണ്ട്.
ഇണക്കി വളര്‍ത്തുന്ന ചീറ്റകള്‍ ഇണചേരുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. അവയുടെ സ്വാഭാവിക ആവാസമേഖലയില്‍ മാത്രമേ ചീറ്റ ഇണ ചേരൂ.
ജഹാംഗീര്‍ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെ; 'പിതാവിന്റെ കാലത്ത് ആയിരത്തോളം ചീറ്റകളെ വളര്‍ത്തിയിരുന്നെങ്കിലും ഒന്നും ഇണചേര്‍ന്നിരുന്നില്ല. ആണ്‍-പെണ്‍ ചീറ്റകളെ തോട്ടങ്ങളില്‍ സ്വതന്ത്രരായി വിട്ടിട്ടുപോലും ഇണചേരലുണ്ടായിട്ടില്ല. എന്നാല്‍ അത്ഭുതമെന്ന് പറയട്ടെ അബദ്ധത്തില്‍ കഴുത്തിലെ ചങ്ങലയഴിഞ്ഞു പോയ ഒരു ആണ്‍ ചീറ്റ, പെണ്‍ചീറ്റയെ സമീപിക്കുകയും ഇണചേരുകയും ചെയ്തു. അതില്‍ മൂന്ന് കൂഞ്ഞുങ്ങളുമുണ്ടായി...' ചരിത്രത്തില്‍ ചീറ്റപ്പുലിയുടെ ഇണചേരലിനെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇതുമാത്രമാണ്.
ചീറ്റവരയും വാലും
മുഗള്‍ഭരണകാലത്തെ തൊണ്ണൂറോളം പെയ്ന്റിങ്ങുകളില്‍ ചീറ്റപ്പുലികള്‍ ചരിത്രകാരന്‍മാര്‍ കണ്ടെത്തി. ഇതില്‍ എഴുപതോളം പെയ്ന്റിങ്ങുകളില്‍ ചീറ്റയുടെ വാലിന്റെ അറ്റം കാണാം. വാലിന്റെ അറ്റം കറുപ്പായാണ് വരച്ചിരിക്കുന്നത്. ആഫ്രിക്കന്‍ ചീറ്റകളുടെ വാലിന്റെ അറ്റത്ത് വെളുപ്പാണ്.
ടിപ്പുവിന്റെ ചീറ്റകള്‍
ടിപ്പുസുല്‍ത്താന്‍ 16 ചീറ്റകളെ വളര്‍ത്തിയിരുന്നതായി രേഖകളുണ്ട്. ടിപ്പുവിന്റെ പതനത്തിന് ശേഷം ഇതില്‍ മൂന്നെണ്ണത്തിനെ ഇംഗ്ലണ്ടിലേക്ക് കയറ്റി അയച്ചു. കിങ് ജോര്‍ജ്ജ് മൂന്നാമന്റെ കൊട്ടാരത്തിലേക്കായി. കര്‍ണാടകയിലെ ബെല്ലാരിയിലും മൈസൂരിലും ചാമരാജനഗറിലും ചീറ്റകളുണ്ടായിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1882ല്‍ ബ്രിട്ടീഷ് ഓഫീസറായിരുന്ന റസല്‍ ബീരംബാടിയില്‍ അഞ്ചു ചീറ്റകളെ കണ്ടതായി എഴുതിയിട്ടുണ്ട്. ബന്ദിപ്പൂര്‍ കാടുകളുടെ വടക്കന്‍ അതിര്‍ത്തിയാണ് ബീരമ്പാടി. ഇതിലൊന്നിനെ വേട്ടസംഘം വെടിവെച്ച് വീഴ്ത്തുകയും ചെയ്തു. ശിവാംഗി എന്നാണ് ചീറ്റപ്പുലിയെ അന്ന് കര്‍ണാടകയില്‍ വിളിച്ചിരുന്നത്.
ബ്രിട്ടീഷുകാരുടെ ഭരണകാലത്തും ചീറ്റകള്‍ വ്യാപകമായി വേട്ടയാടപ്പെട്ടു. ചീറ്റകളെ കൊല്ലുന്നവര്‍ക്ക് പണം കൊടുക്കുന്ന ഏര്‍പ്പാട് ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. 1870 മുതല്‍ 1925 വരെ 70 ചീറ്റകളെ കൊന്നതിന് പണം നല്‍കിയതായി ബ്രിട്ടീഷ് രേഖകള്‍ പറയുന്നു.
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന മഹാരാജ രാമാനുജ് പ്രതാപ് സിങ് ദേവ്.
ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ശേഖരത്തില്‍ നിന്ന്
ആഫ്രിക്കന്‍ ചീറ്റയുടെ ഇന്ത്യന്‍ വെല്ലുവിളികള്‍
ഇന്ത്യയിലേക്ക് ചീറ്റകളുടെ തിരിച്ചുവരവ് എന്ന് സമ്പൂര്‍ണ അര്‍ഥത്തില്‍ പറയാനാകില്ല. കാരണം ഏഷ്യന്‍ ചീറ്റയല്ല ആഫ്രിക്കന്‍ ചീറ്റയാണ് മധ്യപ്രദേശിലെ കുനോ വന്യജീവി സങ്കേതത്തില്‍ എത്തുന്നത്. ലോകത്ത് ആകെ ഏഴായിരം ചീറ്റകളേ വന്യജീവികളായി കഴിയുന്നുള്ളു. ഇതില്‍ ഏഷ്യന്‍ ചീറ്റ എന്ന വംശം നിലവില്‍ ഇറാനില്‍ മാത്രമാണ് ഉള്ളത്. ആകെ ഇരുപതില്‍ താഴെ മാത്രമേ ചീറ്റകളുള്ളു എന്നതിനാല്‍ ചീറ്റയെ ഇന്ത്യക്ക് കൈമാറാന്‍ ഇറാന്‍ തയ്യാറായില്ല. ഏഷ്യന്‍ ചീറ്റയും ആഫ്രിക്കന്‍ ചീറ്റയും തമ്മില്‍ നേരിയ വ്യത്യാസങ്ങളേയുള്ളു. ഇതാണ് നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നും ചീറ്റയെ എത്തിക്കാന്‍ തീരുമാനിച്ചത്.
ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് പ്രിറ്റോറിയയിലെ ജന്തുശാസ്ത്ര വിദഗ്ധരടങ്ങിയ ടീമാണ് ഇന്ത്യയിലേക്ക് ചീറ്റയെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ഈ സംഘത്തിലെ വന്യജീവി സ്പെഷ്യലിസ്റ്റ് ആയ അഡ്രിയന്‍ ട്രോഡിഫ് പറയുന്നതിങ്ങനെ, 'ദക്ഷിണാഫ്രിക്കയില്‍ ഇനി ചീറ്റകളെ പാര്‍പ്പിക്കാനുള്ള കാടുകള്‍ കുറവാണ്. ലോകത്ത് ചീറ്റകളെ എത്തിക്കാവുന്നിടത്തെല്ലാം എത്തിക്കാനാണ് ശ്രമം. അല്ലെങ്കില്‍ ചീറ്റ എന്നത് അമ്പത് കൊല്ലത്തിനുള്ളില്‍ വംശനാശം വന്നു പോകും...' ദക്ഷിണാഫ്രിക്കയില്‍നിന്നും മൊസാംബിക്കിലേക്കും മലാവിയിലേക്കും അടുത്തിടെ ചീറ്റകളെ എത്തിച്ചിരുന്നു.
അഡ്രിയാന്റെ അഭിപ്രായപ്രകാരം കുനോയിലെ പ്രകൃതിയുമായി ചീറ്റ പെട്ടെന്ന് ഇണങ്ങാനാണ് സാധ്യത. ആഫ്രിക്കന്‍ ഭൂപ്രദേശത്തിന് ഏതാണ്ട് സമാനമായ കാലാവസ്ഥയാണ് മധ്യപ്രദേശിലെ കുനോയില്‍. മഴയുടെ അളവ് കൂടുതലാണെന്നത് പ്രശ്നമാകുമോ എന്ന് കണ്ടറിയണം. പുള്ളിമാനുകള്‍, ഇന്ത്യന്‍ ആന്റ്ലോപ്പ് എന്നറിയപ്പെടന്ന കൃഷ്ണ മൃഗം (ബ്ലാക്ക്ബക്ക് ), ചിന്‍കാര എന്നിവയായിരിക്കും ഇന്ത്യയില്‍ ആഫ്രിക്കന്‍ ചീറ്റയുടെ ഇരകള്‍...കുനോയിലെ പുള്ളിപ്പുലികളും കാട്ടുപന്നികളും ചീറ്റയെ ആക്രമിക്കാനിടയുണ്ടെന്നത് ആശങ്കകളില്‍ ഒന്നാണ്.
സഹേരിയക്കാര്‍ ചീറ്റയുടെ കൂട്ടുകാരാകുമോ
കുനോ ദേശീയ ഉദ്യാനത്തിന് ചുറ്റുമായി സഹേരിയ എന്ന ആദിവാസി സമൂഹത്തിന്റെ 54 ഗ്രാമങ്ങളാണ്. കൃഷിയും കന്നുകാലി വളര്‍ത്തലും കൂലിപ്പണിയുമായി കഴിയുന്നവരാണിവര്‍. ചീറ്റയെത്തുന്നതോടെ വന്യജീവി ടൂറിസത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നാകും കുനോ. സഹേരിയക്കാര്‍ക്ക് ഉപജീവനമാര്‍ഗ്ഗമാകും ടൂറിസം.
*അക്ബര്‍നാമ, ഐന്‍-ഇ-അക്ബരി - അബുള്‍ഫസല്‍
*തുസുക്ക്-ഇ-ജഹാംഗീരി - ജഹാംഗീര്‍
*ദി എന്‍ഡ് ഓഫ് എ ട്രെയില്‍ - ദിവ്യഭാനുസിങ്
*ചീറ്റ കണ്‍സര്‍വേഷന്‍ രേഖകള്‍ - യൂണിവേഴ്സിറ്റി ഓഫ് പ്രിടോറിയ, ദക്ഷിണാഫ്രിക്ക
*പ്രൊജക്ട് ചീറ്റ - എന്‍.ടി.സി.എ.
*ആക്ഷന്‍ പ്ലാന്‍ ഫോര്‍ ഇന്‍ട്രൊഡക്ഷന്‍ ഓഫ് ചീറ്റ ഇന്‍ ഇന്ത്യ - വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ
Content Highlights: indian cheetah story, environment, story behind the extinction of indian cheetahs, wildlife