ടൂവി ടൂവിയെന്ന് ചിലയ്ക്കും, ഷൂലേസ് കോർക്കുംപോലെ കൂട് കെട്ടും; പാടുമ്പോൾ കഴുത്ത് വീർക്കും തുന്നൽക്കാരൻ കിളി

ടൂവി, ടൂവി എന്ന് ഇടതടവില്ലാതെ ചിലച്ചുകൊണ്ട് നമുക്കിടയിൽ നിത്യസന്ദർശകരായി എത്തുന്നവരാണ് തുന്നൽക്കാരൻ കിളി (Common tailor bird). തുന്നാരൻ, അടയ്ക്കാ കുരുവി എന്നുംപറയും. ഇടതൂർന്ന കുറ്റിചെടികളുള്ള കാട്ടിലും നാട്ടിലും ഇവരെക്കാണാം. പക്ഷിനിരീക്ഷണം തുടങ്ങിയ നാളുകളിൽ ആദ്യമായി കണ്ട പക്ഷിക്കൂട് ഇവരുടേതാണ്. അന്ന് എല്ലാ ദിവസവും ഇവർ വീടിനു പിന്നിലെ കുരുമുളക് ചെടിയിൽ വന്നിരിക്കും. പൂവനും പിടയും ചേർന്നാണ് വരവ്. ശബ്ദമുണ്ടാക്കുമ്പോൾ ഇവരുടെ കഴുത്തിൽ കുറുകെയുള്ള കറുത്ത പട്ട വികസിച്ച് വരും.
സ്‌കൂളടച്ച സമയത്ത് ആടലോടക ചെടിയിൽ തുന്നാരൻ കുറച്ച് പഞ്ഞിയുമായി ഇരിക്കുന്നു. എന്നെ കണ്ടിട്ടാവണം ആ കിളി വേഗംതന്നെ പറന്നുപോയി കുറച്ച് നേരം നോക്കിനിന്നെങ്കിലും അത് തിരികെവന്നില്ല. അരമണിക്കൂർ കഴിഞ്ഞു നോക്കുമ്പോൾ ആ കിളി ആദ്യമിരുന്ന കമ്പിൽനിന്ന് വീണ്ടും പറന്നുപോകുന്നു. ഇത്തവണ അതിന്റെ ഇണയും കൂടെയുണ്ടായിരുന്നു. ചെടിയുടെ അടുത്തുചെന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ ഇലകളിൽ നാല് തുളകളിലായി ആ പഞ്ഞി, നൂലുപോലെ കോർത്ത് വെച്ചിരിക്കുന്നു.
കുറച്ചു മാറിയിട്ടിരുന്ന അലക്കുകല്ലിൽ ഇരുന്ന് ആ ചെടിയിലേയ്ക്ക് നോക്കിയിങ്ങനെയിരിക്കയാണ്. അഞ്ചു മിനിറ്റെടുത്തില്ല, കുരുമുളകു ചെടിയിൽനിന്ന് വീണ്ടും ടൂവി ടൂവി വിളി. ഒരു കിളിയുടെ ചുണ്ടിൽ പഞ്ഞി മറ്റേ കിളിയുടെ ചുണ്ടിലൊന്നുമില്ലാതെയാണിരിപ്പ്. ചുണ്ടിൽ പഞ്ഞിയുള്ള കിളി താഴെയ്ക്ക് പറന്ന് ആദ്യം തുന്നിയ ഇലയിൽ പിടിച്ചിരുന്ന് ചുണ്ടിലെ പഞ്ഞി ഇടത്തും വലത്തുമായി കോർത്തുവെച്ചു. പിന്നെ മറ്റേ കിളിയുടെ അടുത്ത് പറന്നു പോയിരുന്നു. പതിനഞ്ചു പ്രാവശ്യമെങ്കിലും ഇതാവർത്തിച്ചു. പിറ്റേന്ന് രാവിലെ നോക്കിയപ്പോൾ ഇലയുടെ പിൻഭാഗം ഷൂസിന്റെ ലേയ്‌സ് കോർക്കുന്നതു പോലെ കോർത്തിരിക്കുന്നു. മുൻവശത്തിനു താഴെ കാൽഭാഗവും അതുപോലെ തുന്നിയിട്ടുണ്ട്.
ഇലയിൽ പഞ്ഞി കെട്ടിയല്ല വെച്ചിട്ടുള്ളത്. പഞ്ഞിയുടെ അറ്റം പരത്തിവെച്ചിട്ടാണ് ഉറപ്പിച്ചിട്ടുള്ളത്. പിന്നീട് ഇവർ നാരുകൾ കൊണ്ടുവന്ന് ഇലകൾക്കടിയിൽവെച്ചു തുടങ്ങി. മൂന്നാമത്തെ ദിവസം വീണ്ടും പഞ്ഞി കൊണ്ടുവെക്കാൻ തുടങ്ങി നാലാം ദിവസമായപ്പോഴെയ്ക്കും മനോഹരമായ കുട് റെഡിയായി. നാല് മുട്ടകളിട്ടു. രണ്ടു കിളികളിൽ ഒരെണ്ണം വലിപ്പം കുറഞ്ഞതാണ്. അതാണ് മുട്ടയ്ക്കടയിരുന്നതും കൂടുകെട്ടുന്നതിൽ മുഖ്യപങ്ക് വഹിച്ചതും. കിളികൾ ഇര തേടി പോകുന്ന സമയത്തെല്ലാം കൂട്ടിലെ മുട്ടകൾ നിരീക്ഷിക്കാറുണ്ടായിരുന്നു. പതിമൂന്നാം ദിവസം നോക്കിയപ്പോൾ കുട്ടിനുള്ളിൽ നാല് ചുവന്ന കുഞ്ഞുങ്ങളെ കണ്ടു. അധികനേരം നോക്കി നിൽക്കുന്നതിന് മുന്നേ അമ്മക്കിളിയും അച്ഛൻ കിളിയും കൂടിനു ചുറ്റും ബഹളംവെച്ച് നടന്നു. കൊത്തിയാലോ എന്ന് പേടിച്ച് പിന്നിട് കൂടിനടുത്തോട്ട് പോയില്ല.
ഇവരിൽ ആൺകിളിക്ക് പെണ്ണിനേക്കാൾ വലുപ്പം കൂടുതലുണ്ട്, മിക്കവാറും വാല് ഉയർത്തി പിടിച്ചാണ് നടപ്പ്. ചാമ്പയിലോ പുളിയിലോ പേരയിലോ ആയിരിക്കും രാത്രിയിരിക്കുന്നത്. തൊഴെനിന്ന് ലൈറ്റടിച്ചാൽ ഇവരെല്ലാം കുട്ടികൾ സ്‌കൂൾ ബെഞ്ചിലിരിക്കുന്ന പോലെ ചേർന്നിരിക്കും.
Content Highlights: Commonly known as Thunnaran or Adaykka kuruvi in Malayalam., Unique nesting behavior involving stitching leaves together with plant fiber and thread-like materials like shoelaces., Both male and female participate, with the smaller female playing a major role in incubation and nest building., Lays four eggs, hatching into red chicks after approximately thirteen days.