കടുത്ത നിര്‍ജലീകരണം, ചികിത്സയ്‌ക്കൊടുവില്‍ ആരോഗ്യവതി, ഇന്ന് ഒരു വയസ്സ്; പ്രതീക്ഷയാണ് 'മുഖി'

ഇന്ത്യന്‍ മണ്ണില്‍ വീണ്ടും ചീറ്റക്കുഞ്ഞുങ്ങളുടെ കരച്ചില്‍ ഉയരാന്‍ 75 വര്‍ഷക്കാലത്തെ സമയമെടുത്തു. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ കൊണ്ടുവന്ന ജ്വാല എന്ന പെണ്‍ചീറ്റ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ വാര്‍ത്തകള്‍ വരുന്നത് 29 മാര്‍ച്ച് 2023-നാണ്. പക്ഷേ ഇതില്‍ മൂന്ന് കുഞ്ഞുങ്ങളും പ്രതികൂല കാലാവസ്ഥയില്‍ ചത്തുപോയി. രണ്ടുമാസത്തിന് ശേഷമായിരുന്നു ഇത്. ശേഷിച്ച ഒരു ചീറ്റക്കുഞ്ഞിന് ദേശീയോദ്യാനം അധികൃതര്‍ പേരിമിട്ടു-മുഖി. കുനോ ദേശീയോദ്യാനം അധികൃതര്‍ക്ക് പ്രതീക്ഷ നല്‍കിയായിരുന്നു മുഖി ജനനം. കൃത്യം ഒരുവര്‍ഷത്തിന് ശേഷം മുഖി ഒന്നാം ജന്മദിനം ആഘോഷിച്ചപ്പോള്‍ ഒരു വീഡിയോയും അവള്‍ക്കായി പുറത്തിറക്കി. കടുത്ത തോതില്‍ നിര്‍ജലീനകരണം നേരിട്ട മുഖ ചികിത്സയ്‌ക്കൊടുവിലാണ് മിടുക്കിയായത്. എന്നാല്‍ ഒരു ദുഖം മാത്രം ഇന്നും അധികൃതര്‍ക്ക് ബാക്കിയാണ്. ജനിച്ചപ്പോള്‍ മുതല്‍ അമ്മ ജ്വാലയുടെ പരിചരണത്തിന് വിധേയമാകാന്‍ മുഖിക്ക് സാധിച്ചിരുന്നില്ല.
അമ്മയെ കാണുമ്പോഴൊക്കെ കരഞ്ഞും പിന്നാലെ ഓടിയും അവള്‍ തളര്‍ന്നു. മുഖി അരികിലെത്തുന്ന സമയമെല്ലാം ജ്വാല ദേഷ്യം പ്രകടിപ്പിച്ചു. മുഖിയെ ജ്വാല സ്വീകരിക്കില്ലെന്ന സ്ഥിതി വന്നതോടെ ദേശീയോദ്യാനത്തിലെ ജീവനക്കാര്‍ പരിപാലകരായി. ഒരു പ്രത്യേക കരുതല്‍ അവള്‍ക്കായി നല്‍കാനും അവര്‍ ശ്രദ്ധിച്ചു. ഭക്ഷണത്തില്‍ തുടങ്ങി അവള്‍ക്കിഷ്ടമുള്ള എന്തും നല്‍കാന്‍ അവര്‍ തയ്യാറായിരുന്നു. വേട്ടയാടലിനെയും സ്വയരക്ഷയെയും പറ്റിയുള്ള ബാലപാഠങ്ങളും മുഖിക്ക് ലഭിച്ചില്ല. കാട്ടിലെ മധ്യനിര വേട്ടക്കാരാണ് ചീറ്റകള്‍. മറ്റേത് വന്യജീവികളെയും പോലെ ആപത്ത് സമയങ്ങളില്‍ സ്വയരക്ഷ എങ്ങനെ വേണമെന്നതും ആഹാരം എങ്ങനെ കണ്ടെത്തണമെന്നും ഇവയ്ക്ക് ചെറുപ്പത്തിലെ അമ്മ ചീറ്റയാണ് പരിശീലനം നല്‍കുക. അമ്മയെ ദൂരെ നിന്ന് കാണാന്‍ മാത്രമേ മുഖിക്ക് കഴിഞ്ഞുള്ളൂ. ഇക്കഴിഞ്ഞ ജനുവരി മാസം വീണ്ടും ജ്വാല നാല് കുഞ്ഞുങ്ങള്‍ക്ക് വീണ്ടും ജന്മം നല്‍കിയിരുന്നു.
ഒരുപക്ഷേ ഇന്ത്യയിലെ കാലാവസ്ഥയോട് ഏറ്റവുമധികം പൊരുത്തപ്പെട്ട ചീറ്റ മുഖി തന്നെയാകാമെന്നാണ് കുനോ ദേശീയോദ്യാനം പറയുന്നത്. ചുറ്റുമുള്ള ചീറ്റകളെയും അവരുടെ രീതികളെയും നിരന്തരം നിരീക്ഷിക്കുന്നതായിരുന്നു കുഞ്ഞുമുഖിക്ക് താത്പര്യം. തനിക്ക് പരിചയമില്ലാത്തവരെ കണ്ടാല്‍ ഓടിയൊളിക്കുന്ന നാണക്കാരി കൂടിയായിരുന്നു മുഖി. കൂടിന് സമീപം മറ്റ് ചീറ്റകളെത്തിയാല്‍ അവയോട് ആശയവിനിമയവും പതിവാണ്. മാസങ്ങള്‍ക്ക് ശേഷം അവള്‍ കുറച്ചുകൂടി മിടുക്ക് കാട്ടുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പതിഞ്ഞു. ഇപ്പോള്‍ വേട്ടയാടുന്നില്ലെങ്കിലും വേട്ടയാടുന്നതിനുള്ള താത്പര്യം മുഖിയില്‍ പതിയെ വളരുന്നതായാണ് ദേശീയോദ്യാനം അധികൃതര്‍ പറയുന്നു. പാര്‍പ്പിച്ചിരിക്കുന്ന കൂടിനുള്ളില്‍ തന്റെ ഭക്ഷണത്തിന്റെ ഒരു പങ്ക് പറ്റാന്‍ വരുന്ന ഓലഞ്ഞാലി പക്ഷികളെ തുരത്തുന്നതാണ് മുഖിയുടെ പ്രധാന വിനോദം. മുഖിയുടെ ഒന്നാം ജന്മദിനത്തോടനുബന്ധിച്ചിറക്കിയ കുനോ ദേശീയോദ്യാനം വാര്‍ത്താകുറിപ്പില്‍ മുഖിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്..
Content Highlights: cheetah cub mukhi celebrates her first birthday