മുലയൂട്ടാനും നോക്കാനും പഠിപ്പിച്ചു; എന്നിട്ടും വംശം നിലനിർത്താൻ ആ ഒറാങ്ങൂട്ടാൻ അമ്മയെ തനിച്ചാക്കി

മുജുര്‍ എന്ന ബോര്‍നിയന്‍ ഒറാങ്ങൂട്ടാന്‍ തന്റെ ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടിയത് മനുഷ്യനിര്‍മിതമായ ഒരു ആവാസവ്യവസ്ഥയിലാണ്. കൂടും കാടും കൂടിക്കുഴഞ്ഞ ഒരിടം. അയര്‍ലന്‍ഡിലെ ഡബ്ലിന്‍ മൃഗശാലയിലെ (Dublin Zoo) അന്തേവാസിയായ 19-കാരി മുജുര്‍ ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞതുമുതല്‍ ടെന്‍ഷനടിച്ച് ഓടിനടക്കുകയായിരുന്നു മൃഗശാലയിലെ ജീവനക്കാര്‍. കാരണം, കുഞ്ഞിനെ നോക്കുന്നതിനെക്കുറിച്ചോ പാലൂട്ടുന്നതിനെക്കുറിച്ചോ മുജുറിന് യാതൊരു ധാരണയുമില്ല എന്നതുതന്നെ.
കടുത്ത വംശനാശ ഭീഷണി നേരിടുന്ന സംരക്ഷിത വര്‍ഗമാണ് ബോര്‍നിയന്‍ ഒറാങ്ങൂട്ടാനുകള്‍ (Bornean orangutan - Pongo pygmaeus). ഡബ്ലിന്‍ മൃഗശാലയില്‍ ഇവ പ്രധാനമായും കൂടുകളിലാണ് വളര്‍ത്തപ്പെടുന്നത്. പ്രജനനത്തിനായി മാത്രമാണ് മറ്റൊരു ഒറാങ്ങൂട്ടാനെ കാണാന്‍ അവസരം ലഭിക്കുക. ലോകത്ത് പലയിടങ്ങളിലും ഒറാങ്ങൂട്ടാനുകളെ കുറച്ചുകൂടി തുറസ്സായ സ്ഥലത്ത് വളര്‍ത്താറുണ്ട്. അവിടെ കൂട്ടമായി താമസിക്കുന്നതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ വളര്‍ത്താനും പരിപാലിക്കാനും മറ്റ് ഒറാങ്ങൂട്ടാനുകളെ കണ്ട് പഠിക്കാനുള്ള സാഹചര്യം ലഭിക്കാറുണ്ട്.
എന്നാല്‍, ഇങ്ങനെ ഒരവസരം ലഭിക്കാഞ്ഞതിന്റെ തിക്തഫലമാണ് മുജുര്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. താന്‍ പ്രസവിച്ച കുഞ്ഞിനെ തനിക്ക് നോക്കാനറിയില്ലെന്ന കാരണത്താന്‍ തന്നില്‍നിന്നു അടര്‍ത്തിയെടുത്ത് കൊണ്ടുപോകുന്നതിന് സാക്ഷിയായിരിക്കുകയാണ് ഈ ഒറാങ്ങൂട്ടാന്‍ അമ്മ. ഗര്‍ഭകാലത്തിലുള്ളതോ അമ്മയായതോ ആയ ഒറാങ്ങൂട്ടാനുകളെയൊന്നും മുജുര്‍ ഇതുവരെയും കണ്ടിട്ടില്ല. ഇതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ മുജുര്‍ അനുഭവിക്കുന്നുണ്ടെന്ന് അവളുടെ കഴിഞ്ഞ ഗര്‍ഭകാലത്താണ് മൃഗശാലാ അധികൃതര്‍ തിരിച്ചറിഞ്ഞത്.
ഇതിനുമുമ്പ് 2019-ലും 2022-ലുമാണ് മുജുര്‍ ഗര്‍ഭിണിയായത്. ജനിച്ച് മൂന്ന് വര്‍ഷം വരെയുള്ള സമയം പൂര്‍ണമായും അമ്മയെ ആശ്രയിച്ചാണ് ഒറാങ്ങൂട്ടാന്‍ കുഞ്ഞുങ്ങളുടെ ജീവിതം. സദാസമയവും അമ്മയുടെ മാറില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കുഞ്ഞുങ്ങള്‍ അമ്മയുടെ പാലു മാത്രമാണ് ഭക്ഷിക്കുക. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെ നോക്കുന്നതില്‍ അമ്മമാര്‍ക്ക് പരിചയം ഉണ്ടായിരിക്കണം എന്നത് പ്രധാനമാണ്.
ഇവിടെയാണ് മുജുറിന് പാളിച്ച പറ്റിയത്. കൂട്ടില്‍ വളര്‍ന്ന മുജുര്‍ ഇതുവരെയും മറ്റ് ഒറാങ്ങൂട്ടാന്‍ അമ്മമാരെയൊന്നും കണ്ടിട്ടില്ല. അവ കുഞ്ഞുങ്ങളെ എങ്ങനെയാണ് നോക്കുന്നതെന്നോ പരിപാലിക്കുന്നതെന്നോ കണ്ട് പഠിക്കാന്‍ മുജുറിന് അവസരം ലഭിച്ചിട്ടില്ലെന്നു പറയുന്നതാവും കുറച്ചുകൂടി ശരി. അതുകൊണ്ടുതന്നെ ആദ്യത്തെ പ്രസവത്തിലുണ്ടായ കുഞ്ഞുങ്ങള്‍ മുജുറിന്റെ ശ്രദ്ധക്കുറവുമൂലം മരണപ്പെട്ടു.
ഇതോടെയാണ് മുജുറിന്റെ കാര്യത്തില്‍ മൃഗശാല അധികൃതര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയത്. ബോര്‍നിയന്‍ ഒറാങ്ങൂട്ടാനുകളുടെ വംശത്തിലെ എല്ലാ പ്രത്യേകതകളും അടങ്ങിയിട്ടുള്ള ആണ്‍ ഒറാങ്ങൂട്ടാന്‍ സിബു ആയിരുന്നു മുജുറിന്റെ പങ്കാളി. കഴിഞ്ഞ ഫെബ്രുവരിയില്‍ സിബു മരിച്ചു. ഇതോടെ സിബുവിന്റെ ജനിതകവംശം നിലനിര്‍ത്തുക എന്ന ദൗത്യം മുജിര്‍ ഇപ്പോള്‍ ജന്മം നല്‍കിയിരിക്കുന്ന കുഞ്ഞില്‍ നിക്ഷിപ്തമാണ്.
2024 ജൂലായ് 31-നാണ് മുജുര്‍ പൂര്‍ണ ആരോഗ്യവാനായ ഒരു ഒറാങ്ങൂട്ടാന്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഇത്തവണ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനായി കൂടുതല്‍ മുന്‍കരുതലുകള്‍ മൃഗശാല അധികൃതര്‍ എടുത്തിരുന്നു. അതിന്റെ ഭാഗമായി അവര്‍ മുജുറിനായി ഒരു ഗര്‍ഭകാല വര്‍ക്‌ഷോപ്പ് തന്നെ സംഘടിപ്പിച്ചു. മുജുര്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞതുമുതല്‍ അവര്‍ മുജുറിനെ മറ്റ് ഒറാങ്ങൂട്ടാനുകളുടെ ഗര്‍ഭകാലവും കുഞ്ഞിനെ നോക്കുന്നതുമൊക്കെയായ ഡോക്യുമെന്ററികള്‍ നിരന്തരം കാണിച്ചു തുടങ്ങി.
മാത്രമല്ല, മുജുറിനെ മുലയൂട്ടുന്നത് പഠിപ്പിക്കാനായി ഡബ്ലിനിലുള്ള മുലയൂട്ടുന്ന അമ്മമാരുടെ സഹായവും അവര്‍ തേടി. മൃഗശാല അധികൃതരുടെ അഭ്യര്‍ഥന മാനിച്ച് ഗര്‍ഭകാലത്ത് മുജുറിനെ കുഞ്ഞിനെ എടുക്കാനും മുലയൂട്ടാനും പഠിപ്പിക്കുന്നതിനായി മുപ്പതോളം അമ്മമാരാണ് എത്തിയത്. ഇവര്‍ ഗര്‍ഭകാലത്തില്‍ മുഴുവന്‍ മുജുറിന്റെ മുന്നിലൂടെ കുഞ്ഞിനെ എടുത്ത് നടക്കുകയും മുലയൂട്ടുകയുമൊക്കെ ചെയ്തു.
ചില അമ്മമാരാവട്ടെ ഒറാങ്ങൂട്ടാന്‍ വസ്ത്രം ഉപയോഗിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് മേല്‍വസ്ത്രം പൂര്‍ണമായും ഒഴിവാക്കിയാണ് മുല നല്‍കിയത്. ദിവസങ്ങള്‍ കഴിയുന്തോറും മുജുര്‍ ഈ അമ്മമാര്‍ ചെയ്യുന്നതൊക്കെയും അനുകരിക്കാന്‍ തുടങ്ങി. കൂട്ടിലുള്ള കമ്പും മറ്റും എടുത്ത് നടക്കുകയും പാലൂട്ടുന്നപോലെ കാണിക്കുകയുമൊക്കെ ചെയ്തു. ജനിച്ച കുഞ്ഞിനെ മുജുര്‍ നേരത്തേതില്‍നിന്ന് വ്യത്യസ്തമായി നന്നായി പിടിക്കുകയും പാലൂട്ടുകയും ഒക്കെ ചെയ്തു തുടങ്ങി.
എന്നിരുന്നാലും ചിലപ്പോഴൊക്കെ കുഞ്ഞ് മുജുറിന്റെ കൈയില്‍നിന്നു വഴുതിപോകുന്നതായി കണ്ട മൃഗശാലാ ജീവനക്കാര്‍ ഒടുവില്‍ ആ തീരുമാനം കൈക്കൊണ്ടു. സിബുവിന്റെ മരണം കൂടി ആയതോടെ അവന്റെ ജീനുകളുള്ള പുതിയ കുഞ്ഞിനെ ഏറ്റവും നന്നായി വളര്‍ത്തിയെടുക്കുക എന്നത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞ് കുഞ്ഞിനെ അമ്മയുടെ അടുക്കല്‍നിന്നു മാറ്റി. കുഞ്ഞുങ്ങളെ അമ്മയുടെ പരിചരണത്തില്‍ തന്നെ വളര്‍ത്തുക എന്നത് എത്രത്തോളം പ്രധാനപ്പെട്ടതാണോ അത്രത്തോളം തന്നെ കുഞ്ഞ് ജീവനോടെ ഇരിക്കുക എന്നതും പ്രധാനപ്പെട്ടതാണെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.
തങ്ങളുടെ തീരുമാനത്തില്‍ വിഷമമുണ്ടെന്നും എന്നാല്‍ ഒറാങ്ങൂട്ടാന്‍ വര്‍ഗത്തെ ആകെ സംരക്ഷിക്കുക, അതിനായുള്ള പ്രജനന പരിപാടികള്‍ക്കായി അനുയോജ്യനായ നല്ല ഒരാണ്‍ ഒറാങ്ങൂട്ടാനെ വളര്‍ത്തിയെടുക്കുക എന്നതില്‍ മാത്രമാണ് ഇപ്പോള്‍ തങ്ങളുടെ ശ്രദ്ധയെന്നും ഡബ്ലിന്‍ മൃഗശാല അധികൃതര്‍ പറയുന്നു. സംരക്ഷിക്കാനായാലും കൂട്ടില്‍ മാത്രം വളര്‍ത്തിയാല്‍ ഉണ്ടാകാവുന്ന ദോഷവശത്തിന്റെ ജീവനുള്ള ഉദാഹരണമായി മാറുകയാണ് മുജുര്‍ എന്ന ഒറാങ്ങൂട്ടാന്‍ അമ്മ.
Content Highlights: breastfeeding mothers taught orangutan to take care of baby in dublin zoo