'മൃഗസംരക്ഷണം'-പ്ലക്കാർഡുമായി ജർമനി; 20,000 ആനകളെ കയറ്റിയയ്ക്കുമെന്ന് ബോട്സ്വാനയുടെ ഭീഷണി

Photo: AFP
Photo: AFP

ബെര്‍ലിന്‍:വന്യജീവികളുടെ വേട്ടയാടല്‍ എന്നും പ്രാധാന്യമേറിയ വിഷയമാണ്. ചില രാജ്യങ്ങളില്‍ അനധികൃതമായും മറ്റ് ചിലയിടങ്ങളില്‍ നിയമത്തിന്റെ അനുമതിയോടെയും വേട്ടയാടല്‍ നടക്കുന്നു. വന്യജീവികളും അവ നാട്ടിലിറങ്ങുന്നതുമായി ബന്ധപ്പെട്ട മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളും എന്നും ചൂടേറിയ വിഷയങ്ങളാണ്. തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയുടെ ഒരു ഭീഷണിയാണ് ഇപ്പോള്‍ വാര്‍ത്തകളിലിടം നേടുന്നത്. മൃഗസംരക്ഷണം ഉദ്‌ഘോഷിക്കുന്ന ജര്‍മനിയിലേക്ക് 20,000 ആനകളെ കയറ്റിയയക്കുമെന്നാണ് ആനപ്പെരുപ്പത്താല്‍ വലയുന്ന ബോട്‌സ്വാനയുടെ ഭീഷണി. 

വേട്ടയാടിക്കൊല്ലുന്ന മൃഗങ്ങളുടെ തലയും കൊമ്പും, കീര്‍ത്തിമുദ്രകളും അലങ്കാരവസ്തുക്കളുമായി ഇറക്കുമതിചെയ്യുന്നതിന് ജര്‍മനി കര്‍ശന നിയന്ത്രണം കൊണ്ടുവന്നതാണ് ബോട്‌സ്വാനയെ പ്രകോപിപ്പിച്ചത്. ആനകളെറെയുള്ള ബോട്‌സ്വാനയില്‍ ഇവ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. 

അടുത്തകാലത്ത് ബോട്‌സ്വാന 8,000 ആനകളെ അയല്‍രാജ്യമായ അംഗോളയ്ക്ക് നല്‍കിയിരുന്നു. ആനകളുടെ എണ്ണം രാജ്യത്ത് കുറയ്ക്കുകയാണ് ബോട്‌സ്വാനയുടെ ലക്ഷ്യം.  വന്യജീവികള്‍ക്കൊപ്പം താമസിക്കുന്നതിന്റെ സുഖമറിയാന്‍ 10,000 ആനകളെ ലണ്ടനിലെ ഹൈഡ് പാര്‍ക്കിലേക്ക് അയ്ക്കാമെന്നും ബോട്‌സ്വാന ഭീഷണി മുഴക്കിയിരുന്നു. 

വിദേശികളില്‍ നിന്ന് ബോട്‌സ്വാനയും മറ്റ് ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളും ഭീമമായ തുകയാണ് വേട്ടയാടുന്നതിനായി ഈടാക്കുന്നത്. ഈ തുക സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കും പ്രദേശവാസികളെ സഹായിക്കുന്നതിനുമായി ഉപയോഗിക്കുന്നു. എന്നാല്‍ ഈ ക്രൂരമായ രീതി അവസാനിപ്പിക്കണമെന്നായിരുന്നു മൃഗസംരക്ഷണപ്രവര്‍ത്തകരുടെ നിരന്തരമായ ആവശ്യം.  2014-ല്‍ ഈ രീതിക്ക് ബോട്‌സ്വാന നിരോധനമേര്‍പ്പെടുത്തിയിരുന്നെങ്കിലും 2019-ല്‍ വീണ്ടും പുനരാംഭിക്കുകയായിരുന്നു. 2021-ലെ ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടനനുസരിച്ച് ആഫ്രിക്കന്‍ ആനകളുടെ കൊമ്പും മറ്റും ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യം ജര്‍മനിയാണ്. 


 

Content Highlights: botswana threatened to bring 20,000 elephants germany