ശാസ്ത്രലോകത്തിന്റെ മലയാളി ആദരം; വടക്കുകിഴക്കൻ കാടുകളിൽ ഇനി 'അമ്മച്ചി' തവളയും!

#എൻവയൺമെന്റ് ഡെസ്‌ക്‌

കനത്ത ഒഴുക്കിലും പാറക്കെട്ടുകളിൽ വഴുതി വീഴാതെ ഉറച്ചുനിൽക്കുന്ന ചില കുഞ്ഞൻതവളകളുണ്ട്- കാസ്‌കേഡ് തവളകൾ! വടക്കുകിഴക്കൻ ഇന്ത്യയിലെ നിബിഡ വനങ്ങളിൽനിന്ന് മൂന്ന് പുതിയ കാസ്‌കേഡ് തവളകളെ കൂടി ശാസ്ത്രലോകം തിരിച്ചറിഞ്ഞു. അതിലൊന്നിന് മലയാളി വനിതയുടെ പേര് നൽകി ശാസ്ത്രലോകത്തിന്റെ ആദരവ്. സാമൂഹ്യ-ജീവകാരുണ്യരംഗങ്ങളിൽ സജീവമായിരുന്ന പദ്മിനി വർക്കിയുടെ ഓർമയ്ക്കായി അമ്മച്ചി കാസ്‌കേഡ് തവള' (Amolops ammachi) എന്നു പേര് നൽകിയാണ് ആദരം. അന്താരാഷ്ട്ര ശാസ്ത്ര ജേണലിലും ഈ മലയാളിബന്ധം പരാമർശിക്കപ്പെട്ടു. കണ്ടെത്തിയതിനു പിന്നിലും മലയാളി ബന്ധമുണ്ട്. ഇന്ത്യയുടെ 'ഫ്രോഗ്മാൻ' എന്നറിയുന്ന പ്രൊഫ. എസ്.ഡി. ബിജുവിന്റെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ.

പദ്മിനി വർക്കി

ത്രിപുരയിലെ ജംപുയി കുന്നുകളിൽനിന്ന് കണ്ടെത്തിയ ഈ തവളയ്ക്ക് ഏകദേശം 80 മില്ലീമീറ്റർ മാത്രമേ നീളമുള്ളൂ. ഇളംതവിട്ടു ശരീരത്തിൽ ഒലിവ് പച്ച നിറത്തിലുള്ള പാറ്റേണുകളുമുണ്ട്. വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴ് മലയോര സംസ്ഥാനങ്ങളിലായി 15 വർഷത്തിലേറെയുള്ള ഫീൽഡ് വർക്കുകൾക്കൊടുവിലാണ് ഈ നേട്ടം. ഹാർവാർഡ് സർവകലാശാലയുടെ മ്യൂസിയം ഓഫ് കമ്പാരറ്റീവ് സുവോളജി 1863 മുതൽ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര ശാസ്ത്ര ജേണലായ 'ബുള്ളറ്റിൻ ഓഫ് മ്യൂസിയം ഓഫ് കമ്പാരറ്റീവ് സുവോളജിയിലാണ്' ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്. മുമ്പ് ഇന്ത്യയിൽ കണ്ടെത്താത്ത മറ്റ് അഞ്ച് സ്പീഷിസുകളുടെ സാന്നിധ്യം രാജ്യത്ത് ആദ്യമായി സ്ഥിരീകരിക്കാനും ബിജുവിനും സംഘത്തിനും സാധിച്ചു.

രാനിഡേ (Ranidae) എന്ന തവള കുടുംബത്തിലെ അമോലോപ്‌സ് (Amolops) വർഗ്ഗത്തിൽപ്പെട്ടവയാണ് കാസ്‌കേഡ് തവളകൾ. വനങ്ങളിലെ വേഗത്തിലൊഴുകുന്ന പുഴകളിലും പാറക്കെട്ടുകളുള്ള വെള്ളച്ചാട്ടങ്ങളിലും (കാസ്‌കേഡുകൾ) ജീവിക്കുന്നതിനാലാണ് ഈ പേര് ലഭിച്ചത്. വെള്ളത്തിന്റെ അതിശക്തമായ ഒഴുക്കിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന പ്രത്യേക രീതിയിലുള്ള ശരീരഘടനയും വശങ്ങളിലെ പറ്റിപ്പിടിക്കുന്ന സംവിധാനങ്ങളുമാണ് സവിശേഷത. ഈ തവളകൾക്ക് കോടിക്കണക്കിന് വർഷങ്ങളുടെ പരിണാമ ചരിത്രമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 32 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്, ഭൂമിയിൽ വൻ ഭൂഗർഭശാസ്ത്ര മാറ്റങ്ങളുണ്ടായ ഇയോസീൻ-ഒലിഗോസീൻ കാലത്തിലാണ് ഇവയുടെ വംശവർദ്ധന നടന്നത്. ഹിമാലയ പർവ്വതനിരകളുടെ ആദ്യകാല ഉയർച്ചയും ഇവയുടെ പരിണാമത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

'അമ്മച്ചി' തവളയെ കൂടാതെ സെൻഡെന്യു, ബ്യൂട്ടിഫുൾ എന്നീ രണ്ടുതരം കൂടി കണ്ടെത്തിയിട്ടുണ്ട്. നാഗാലാൻഡിലെ സെൻഡെന്യു ഗ്രാമത്തിലെ കാടുകളിൽനിന്നും അരുവികളിൽനിന്നുമാണ് സെൻഡെന്യൂ (Amolops sendenyu) തവളയെ തിരിച്ചറിഞ്ഞത്. ബ്യൂട്ടിഫുൾ കാസ്‌കേഡ് തവള (Amolops bella)യെ പശ്ചിമ ബംഗാളിൽനിന്നും. മഞ്ഞകലർന്ന പച്ചയോ ചുവപ്പ് കലർന്ന തവിട്ടോ നിറത്തിലുള്ള മൊസൈക് പാറ്റേണുകളുള്ള അതിമനോഹരമായ രൂപമാണിവയ്ക്ക്.

Content Highlights: Three new cascade frog species discovered in Northeast India by Prof. S.D. Biju's research team., One species named 'Amolops ammachi' (Ammachi cascade frog) in honor of Malayali philanthropist Padmini Varkey., Findings published in the international scientific journal Bulletin of the Museum of Comparative Zoology, Harvard University., Cascade frogs possess special physical traits to survive in fast-flowing streams and waterfalls.