വരള്‍ച്ച അതിരൂക്ഷം; സിംബാബ്‌വേയില്‍ നൂറോളം ആനകള്‍ ചരിഞ്ഞു

ഹരാരെ: സിംബാബ്‌വേയിലെ ദേശീയോദ്യാനത്തില്‍ അതികഠിനമായ വരള്‍ച്ചയില്‍ ചത്തൊടുങ്ങിയത് നൂറോളം ആനകളെന്ന് റിപ്പോര്‍ട്ട്. സിംബാബ്‌വേയിലെ ഏറ്റവും വലിയ ദേശീയോദ്യാനങ്ങളിലൊന്നായ വാങ് നാഷണല്‍ പാര്‍ക്കിലാണ് സംഭവം. കാലാവസ്ഥാ മാറ്റവും എല്‍ നിനോ പ്രതിഭാസവുമാണ് (എല്‍ നിനോയുടെ ഭാഗമായി ഭൂമിയുടെ പടിഞ്ഞാറുവശത്തേക്കുള്ള വായുപ്രവാഹത്തിന്റെ വേഗംകുറയുകയും ചൂടുവെള്ളം കിഴക്കോട്ട് തള്ളിമാറ്റപ്പെടുകയും ചെയ്യുന്നു. ഇതുകാരണം സമുദ്രോപരിതലത്തിലെ താപനില കൂടും) വരള്‍ച്ചയ്ക്ക് പിന്നിലുള്ള കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.
മഴലഭ്യത കുറയുന്നതും താപനില ഉയരുന്നതും വരുംദിവസങ്ങളില്‍ കൂടുതല്‍ ആനകള്‍ ചത്തൊടുങ്ങാനുള്ള കാരണമായേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ ആനിമല്‍ വെല്‍ഫയര്‍ (ifaw) വരള്‍ച്ചയില്‍ ആനകളും മറ്റ് വന്യജീവികളും ബാധിക്കപ്പെടുന്നതായി അഭിപ്രായപ്പെട്ടു.
എല്‍ നിനോ പ്രതിഭാസം സ്ഥിതി കൂടുതല്‍ വഷളാക്കുന്നതായി സിംബാബ്‌വേ നാഷണല്‍ പാര്‍ക്ക്‌സ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് മാനേജ്‌മെന്റ് അതോറിറ്റി അധികൃതര്‍ പ്രതികരിച്ചു. എല്‍നിനോ മൂലം കിഴക്കന്‍ ആഫ്രിക്ക അടുത്തിടെ പ്രളയം അഭിമുഖീകരിച്ചിരുന്നു. 2019-ല്‍ വാങ്ങില്‍ 200-ലധികം ആനകള്‍ കടുത്ത വരള്‍ച്ച മൂലം ചത്തൊടുങ്ങിയിരുന്നു. ഇത് ആവര്‍ത്തിക്കപ്പെടുമോ എന്ന ആശങ്കയിലാണ് വന്യജീവി പ്രവര്‍ത്തകര്‍. ദേശീയോദ്യാനത്തില്‍ ഏറ്റവുമധികം ബാധിക്കപ്പെട്ടത് പ്രായം കുറഞ്ഞതും പ്രായമേറിയതുമായ ആനകളാണ്. ദിനംപ്രതി ശരാശരി 200 ലിറ്റര്‍ ജലം ആനകള്‍ക്ക് വേണ്ടിവരും. വരള്‍ച്ച ജലലഭ്യത കുറയ്ക്കുന്നു.
ആനകളുടെ ജഡങ്ങളില്‍നിന്ന് ആനക്കൊമ്പുകള്‍ അധികൃതര്‍ നീക്കം ചെയ്തു. വേട്ടക്കാരെ ഭയന്നാണ് ഇത്തരമൊരു നടപടിക്ക് അധികൃതര്‍ ഒരുങ്ങിയത്. നൂറോളം സസ്തനികള്‍ക്കും 400 പക്ഷിയിനങ്ങള്‍ക്കും ഒപ്പം 45,000 ആനകളും ഹാങ് നാഷണല്‍ പാര്‍ക്കില്‍ വാസമുറപ്പിച്ചിട്ടുണ്ട്. സിംബാബ്‌വേയില്‍ ഒക്ടോബര്‍ മാസം തുടങ്ങുന്ന മഴ മാര്‍ച്ച് വരെ നീണ്ടുനില്‍ക്കാറുണ്ട്. ഇതിലും കുറവ് വന്നു. അടുത്തകാലത്തായി ഏറ്റവും കാഠിന്യമേറിയ വരള്‍ച്ചയാണ് നാഷണല്‍ പാര്‍ക്ക് അഭിമുഖീകരിക്കുന്നത്. വരള്‍ച്ചയുടെ ദൈര്‍ഘ്യത്തിലും കാതലായ മാറ്റങ്ങള്‍ വന്നു.
Content Highlights: almost hundred elephants dead in zimbabwe park, climate change to be the reason