അപ്പ,തൊട്ടാവാടി,നാറ്റപ്പൂച്ചെടി,മുറിയൻപുല്ല്, കമ്മ്യൂണിസ്റ്റ്പച്ച, വേലിക്കോളാമ്പി -എല്ലാം അധിനിവേശക്കാർ തന്നെ

ചരിത്രപരമായി കൃഷിക്കും മണ്ണൊലിപ്പ് നിയന്ത്രിക്കുന്നതിനും തീറ്റപ്പുല്ലായും ഉദ്യാനസസ്യമായും അലങ്കാര ആവശ്യങ്ങൾക്കുമായി ബോധപൂർവ്വം വിവിധതരം സസ്യങ്ങളെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ കപ്പൽ ബാലസ്റ്റുകൾ, കലർപ്പുള്ള വിത്ത്, മൃഗങ്ങളുടെ ദേഹത്ത് ഒട്ടിപ്പിടിക്കൽ, വസ്ത്രങ്ങൾ, അല്ലെങ്കിൽ യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും സ്ഥലംമാറ്റം എന്നീ ആകസ്മിക മാർഗ്ഗങ്ങളിലൂടെയും ചില സസ്യങ്ങൾ എത്തുന്നുണ്ട്. സഞ്ചാരികൾ ഒളിപ്പിച്ചു കൊണ്ടുവരുന്നവയുമുണ്ട്.
സാധാരണ മഴക്കാലത്ത് അധിനിവേശ കളകളുടെ സാന്ദ്രതയും എണ്ണവും വർദ്ധിക്കുന്നു. അപ്പ (Ageratum conyzoides), കാട്ടുപൊന്നാംകണ്ണി (Alternanthera betzickiana), തൊട്ടാവാടി (Mimosa invisa), നാറ്റപ്പൂച്ചെടി (Mesosphaerum suaveolens), വേനപ്പച്ച (Synedrella nodiflora), മുറിയൻപുല്ല് (Rottboellia cochinchinensis) തുടങ്ങി നിരവധി അധിനിവേശ കളകൾ മഴക്കാലത്ത് ആധിപത്യം പുലർത്തുന്നു. മഴക്കാലത്തിന്റെ അവസാനത്തോടെ അവയുടെ സാന്ദ്രത കുറയുകയും ഉണങ്ങുകയും ചെയ്യും.
കമ്മ്യൂണിസ്റ്റ്പച്ച (Chromolaena odorata), വേലിക്കോളാമ്പി (Merremia vitifolia), സിങ്കപ്പൂർ ഡെയ്സി (Sphagneticola trilobata), മൈക്കെനിയ (Mikania micrantha), രാക്ഷസകൊന്ന (Senna spectabilis), ആനത്തൊട്ടാവാടി (Mimosa diplotricha), ആഫ്രിക്കൻപായൽ (Salvinia molesta), കബോംബ (Cabomba furcata) തുടങ്ങിയ ചിരസ്ഥായി കളകൾ എല്ലാക്കാലത്തും കാണാറുണ്ട്. ദീനനാഥ് പുല്ല് (Cenchrus pedicellatus), പൂച്ചവാലൻ പുല്ല് (Cenchrus polystachios) തുടങ്ങി പുല്ലുവർഗ്ഗത്തിൽ ഉൾപ്പെടുന്ന അന്യ-അധിനിവേശ കളകളും കേരളത്തിൽ വ്യാപകമായി കാണപ്പെടുന്നു.
അടുത്തകാലത്ത് കേരളത്തിൽ വലിയ പ്രശ്‌നക്കാരായി മാറിക്കൊണ്ടിരിക്കുന്ന മൂന്ന് അന്യ-അധിനിവേശ സസ്യങ്ങളെ കൂടുതലായി മനസ്സിലാക്കാം:
കുളവാഴ
തെക്കേ അമേരിക്കയിൽ നിന്ന് അലങ്കാരസസ്യം എന്ന നിലയിലാണ് കുളവാഴ (Pontederia crassipes) മറ്റു സ്ഥലങ്ങളിലേക്ക് പോയത്. മനുഷ്യന് ഏറ്റവുമധികം പ്രശ്‌നമുണ്ടാക്കുന്ന കളകളിലൊന്നാണിത്. കുളവാഴയ്ക്ക് പെട്ടെന്ന് പെരുകി ഒരു ജലാശയം മുഴുവൻ നിറയുന്നതിന് കഴിയും. ഇവ ജലാശയങ്ങളെ ജലഗതാഗതത്തിന് അനുയോജ്യമല്ലാതാക്കുന്നതിനു പുറമേ, മലിനപ്പെടുത്തുകയും കൊതുകുകൾക്ക് പെറ്റുപെരുകുന്നതിനുള്ള അവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. കേരളത്തിൽ 1960-70കളിൽ കുളവാഴ ഒരു പ്രശ്‌നമായിരുന്നില്ല. അക്കാലത്ത് ആഫ്രിക്കൻപായൽ ആയിരുന്നു വില്ലൻ. ആഫ്രിക്കൻപായൽ ഉണ്ടായിരുന്നതുകൊണ്ട് കുളവാഴയ്ക്ക് പെരുകാൻ സാധിച്ചില്ല എന്ന് പറയുന്നതാവും ശരി!
ചിരസ്ഥായിയായ ഒരു പ്ലവകസസ്യമാണ് കുളവാഴ. കെട്ടിക്കിടക്കുന്ന വെള്ളത്തിലും നനവുള്ള മണ്ണിലും ഒരുപോലെ വളരും. പ്രവർദ്ധനം വിത്തുമൂലവും ഭൂസ്താരീകൾ (offset) മുഖേനയുമാണ്. ശുദ്ധജലത്തിൽ മാത്രമേ ഇവ പെരുകാറുള്ളൂ. കുട്ടനാടൻ മേഖലയിൽ ഓരുവെള്ളം കയറുന്നത് നിന്നതോടെ ഇവയുടെ പ്രശ്‌നം രൂക്ഷമായിട്ടുണ്ട്.
കുളവാഴനിയന്ത്രണം പല രാജ്യങ്ങളിലും പ്രശ്‌നം തന്നെയാണ്. ഇപ്പോഴും വളരെ ഫലപ്രദമായ മാർഗ്ഗങ്ങളില്ല എന്നതാണ് യാഥാർത്ഥ്യം. പ്രതിരോധം തന്നെയാണ് ഏറ്റവും നല്ല മാർഗ്ഗം. നൈട്രജൻ ലോഡ് കുറഞ്ഞ ജലത്തിൽ കുളവാഴശല്യം കുറവായിരിക്കും. ജലം ശുദ്ധമായി നിലനിർത്തുക എന്നതാണ് പ്രധാനം. ഉപ്പുരസം കൂടിയാൽ കുളവാഴ നശിച്ചുപോകും. സാധാരണ 0.5 ശതമാനത്തിൽ കൂടുതലുണ്ടെങ്കിൽ കുളവാഴ വളരില്ല (കടൽജലത്തിൽ 3.5% ആണ് ഉപ്പ്).
കുളവാഴയിൽ ജൈവനിയന്ത്രണവും പരീക്ഷിക്കുന്നുണ്ട്. Neochetina eichhorniae, Neochetina bruchi എന്നീ ചെറു വണ്ടുകൾ ഇവയെ തിന്നു നശിപ്പിക്കും. പക്ഷേ, ആഫ്രിക്കൻ പായലിലേതു പോലുള്ള നിയന്ത്രണം കിട്ടുന്നില്ല. തെക്കേ അമേരിക്കൻ മണ്ഡരി (Orthogalumna terebrantis) ഇവയെ ആക്രമിക്കാറുണ്ട്. ഇവ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ ലോകത്ത് പലയിടത്തുമായി നടന്നുവരുന്നു. മറ്റൊന്ന് Fusarium pallidoroseum എന്ന കുമിളാണ്.
ഇനിയൊരു മാർഗ്ഗം 'കളകളിൽനിന്ന് ധനം' എന്ന ആശയമാണ്. കുളവാഴ ഉപയോഗിച്ചുള്ള സൈലേജ് (കാലിത്തീറ്റ), കമ്പോസ്റ്റ്, പുതയിടൽ എന്നീ മാർഗ്ഗങ്ങൾ വളരെ ഫലപ്രദമെന്ന് തെളിഞ്ഞിട്ടുണ്ട്. കുളവാഴ ഇടയ്ക്കിടെ വാരിമാറ്റുകയാണ് ഏറ്റവും ഫലപ്രദമായ നിയന്ത്രണമാർഗ്ഗം. ഇങ്ങനെ വാരിമാറ്റുമ്പോൾ അവയെ ഉപകാരപ്രദമായി ഉപയോഗിക്കാനും സാധിക്കണം. കുളവാഴയിൽനിന്ന് ഫർണിച്ചർ, കരകൗശല വസ്തുക്കൾ, കടലാസ്, പാക്കിംഗ് മെറ്റീരിയൽ, ബാഗുകൾ, തൊപ്പി, ഫയൽപാഡ് തുടങ്ങിയ ഉത്പന്നങ്ങൾ പലരും ഉണ്ടാക്കുന്നുണ്ട്. ഇവയൊക്കെ കുളവാഴയെ നിയന്ത്രിക്കുന്നതോടൊപ്പം വരുമാനം നൽകുന്ന സംരംഭങ്ങളായി കരുതാം.
സിംഗപ്പൂർ ഡെയ്സി
ആകർഷകമായ മഞ്ഞപ്പൂക്കളോടെ പടർന്നുവളരുന്ന സിംഗപ്പൂർ ഡെയ്സി അല്ലെങ്കിൽ മഞ്ഞക്കയ്യുന്നി (Sphagneticola trilobata) പല രാജ്യങ്ങളിലും ഒരു മികച്ച ഉദ്യാനസസ്യമായി വളർത്തുന്നുണ്ട്. ഈ ചെടിയുടെ എല്ലാ മുട്ടുകളിൽനിന്നും വേരുകളുണ്ടായി പടർന്നു വളരുന്നു. സിംഗപ്പൂർ ഡെയ്സിയുടെ ഇടതൂർന്ന കാർപ്പറ്റ് പോലുള്ള വളർച്ച മറ്റ് സസ്യങ്ങൾക്ക് ഭീഷണിയാണ്. കൂടാതെ മണ്ണിലെ വിത്തുബാങ്കിൽ നിന്ന് മറ്റ് ജീവജാലങ്ങളുടെ പുനരുജ്ജീവനത്തെ തടയാനും കഴിയും. വരണ്ട സീസണിൽ വളർച്ച കുറവാണ്; പക്ഷേ, മഴക്കാലത്ത് ശക്തമായ വളർച്ച കാണപ്പെടുന്നു.
വംശവർദ്ധനവ് തണ്ടിന്റെ കഷണങ്ങൾ മുഖേനയാണ്. ചെറിയ കഷണങ്ങൾ മതി പുതിയൊരു ചെടിയായി മാറാൻ. അതിനാൽ, പതിവ് നിയന്ത്രണ നടപടികളിലൂടെ ഇത് കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇടയ്ക്കിടെ കിളച്ചു നീക്കം ചെയ്യുക എന്നതാണ് സാധാരണ പോംവഴി. മറ്റൊരു മാർഗ്ഗം മുകളിലെ 5 സെന്റീമീറ്റർ മണ്ണ് നീക്കംചെയ്ത് വൻപയർ വിതയ്ക്കലാണ്.
സിങ്കപ്പൂർ ഡെയ്സിയുടെ നിയന്ത്രണത്തിന് മെറ്റ്‌സൾഫ്യൂറോൺ മീഥൈൽ (Metsulfuron-methyl) എന്ന സസ്യനാശിനിയാണ് ഏറ്റവും ഫലപ്രദം (ആൽഗ്രിപ്പ് 20WP @ 7.5 ഗ്രാം/ഹെ.). രണ്ട് സസ്യനാശിനികളുടെ മിക്‌സ് ആയ ആൽമിക്‌സ് 20WP 10 ഗ്രാം/ഹെ. തോതിൽ സ്‌പ്രേ ചെയ്യുന്നതും ഫലപ്രദമാണ്.
രാക്ഷസക്കൊന്ന
അമേരിക്കൻ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള ഒരു ഇലപൊഴിയും വൃക്ഷമാണ് മഞ്ഞക്കൊന്ന (Senna spectabilis). രാക്ഷസക്കൊന്ന, അമേരിക്കൻ കൊന്ന എന്നീ പേരുകളിലും അറിയപ്പെടുന്നു. മനോഹരമായ മഞ്ഞപ്പൂക്കൾ ഇവയുടെ പ്രത്യേകതയാണ്. വനനശീകരണവും മരുഭൂവൽക്കരണവും മൂലം നശിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയെ ചെറുക്കുന്നതിനും വിറക് പോലുള്ള വനവിഭവങ്ങൾക്കും അലങ്കാരവൃക്ഷമായും കൊണ്ടുവന്ന ഇവ കാലാന്തരത്തിൽ ഒരു അന്യ-അധിനിവേശ സസ്യമായി മാറി.
രാക്ഷസക്കൊന്നയുടെ അതിവേഗം വളരാനുള്ള കഴിവ് കാട്ടിലെ തദ്ദേശീയ വൃക്ഷങ്ങളെ മറികടക്കുന്നതാണ്. മഞ്ഞക്കൊന്നയുടെ ഇലയോ തണ്ടോ സസ്യഭുക്കുകളായ മൃഗങ്ങളൊന്നും കഴിക്കാറില്ല. തദ്ദേശീയ ഇനങ്ങൾ മുളയ്ക്കുന്നതിനെയും അവയുടെ വളർച്ചയെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. മറ്റ് സസ്യങ്ങളുടെ വളർച്ച തടയുന്നതിനാൽ സസ്യഭുക്കുകളായ മൃഗങ്ങൾക്ക് തീറ്റക്ഷാമമുണ്ടാകും. കാലാന്തരത്തിൽ, വന്യജീവികളുടെ സംഖ്യ കുറയാനും അത് മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിക്കാനും സാധ്യതയുണ്ട്.
മഞ്ഞക്കൊന്നയെ നിയന്ത്രിക്കുന്നതിന് പല വഴികളും നോക്കുന്നുണ്ട്. കാടിന്റെ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുമെന്ന് ശങ്കയുള്ളതിനാൽ സസ്യനാശിനികൾ ഉപയോഗിച്ചുള്ള നിയന്ത്രണം ശുപാർശ ചെയ്യുന്നില്ല. ഐലന്റ് പിൻഹോൾ ബോറർ (Xyleborus perforans) എന്ന ചെറിയ പ്രാണിയെ മഞ്ഞക്കൊന്നയുടെ ജൈവനിയന്ത്രണത്തിന് ഉപയോഗിക്കാൻ സാധിക്കുമോ എന്നുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.
രാക്ഷസക്കൊന്നയെ നിയന്ത്രിക്കുന്നതിന് വൃക്ഷത്തിന്റെ ലാൻഡ്സ്‌കേപ്പ്-ലെവൽ മാനേജ്മെന്റ് (Landscape-level management) ആണ് ഇപ്പോൾ വിഭാവനം ചെയ്യുന്നത്. വലിയ മരങ്ങൾ, വലിയ വൃക്ഷത്തൈകൾ, ചെറിയ തൈകൾ എന്നിവയ്ക്ക് മൂന്ന് തരത്തിലുള്ള സമീപനമാണ് ശുപാർശ ചെയ്യുന്നത്:
വലിയ മരങ്ങൾ: ഭൂനിരപ്പിൽ നിന്ന് ഏകദേശം 1.3 മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് മരത്തിന്റെ കോളർഭാഗം ഉൾപ്പെടെ തൊലി നീക്കം ചെയ്യണം. ഒരിക്കൽ ചെയ്തുകഴിഞ്ഞാൽ, മാസത്തിലൊരിക്കൽ പുറംതൊലിയിലെ പുതിയ വളർച്ച നീക്കം ചെയ്തുകൊണ്ടിരിക്കണം.
വലിയ തൈകൾ: ഇവയെ നിയന്ത്രിക്കുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്ത കള പുള്ളറുകൾ (weed pullers) ഉപയോഗിച്ച് പിഴുതുമാറ്റുകയാണ് ചെയ്യുന്നത്.
ചെറിയ തൈകൾ: കൈകൊണ്ട് പറിച്ചുനീക്കിയാൽ മതിയാകും.
വയനാട്ടിൽ നിന്ന് മഞ്ഞക്കൊന്ന നീക്കം ചെയ്യുന്നതിനായി വനംവകുപ്പ് വെള്ളൂരിലെ കെ.പി.പി.എൽ.-ഉമായി (കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ്) സഹകരിച്ച് പേപ്പർ ഉണ്ടാക്കുന്ന സംരംഭം തുടങ്ങിയിട്ടുണ്ട്. ഈ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം വനപുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.
Content Highlights: Introduction of various invasive plants in Kerala through historical and accidental means., Detailed analysis of three major invasive threats: Water Hyacinth, Singapore Daisy, and Senna Spectabilis., Ecological impacts on water bodies, native flora, and wildlife habitats., Effective control methods including manual removal, biological control, and wealth from waste initiatives.