പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ ബിജു കാരക്കോണത്തിന്റെ ഫോട്ടോപ്രദര്‍ശനം

തിരുവനന്തപുരം ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ബിജു കാരക്കോണത്തിന്റെ ഫോട്ടോ പ്രദര്‍ശനം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തപ്പോള്‍ | Photo-FB/photoschool.in
തിരുവനന്തപുരം ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ബിജു കാരക്കോണത്തിന്റെ ഫോട്ടോ പ്രദര്‍ശനം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തപ്പോള്‍ | Photo-FB/photoschool.in

പ്രകൃതി വന്യജീവി ഫോട്ടോഗാഫര്‍ ബിജു കാരക്കോണത്തിന്റെ ഫോട്ടോ പ്രദര്‍ശനത്തിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ തുടക്കമായി. മാര്‍ച്ച് ഒന്നുമുതലാണ് ഫോട്ടോപ്രദര്‍ശനം ആരംഭിച്ചത്. ഫോട്ടോഗ്രാഫര്‍മാരെയും മറ്റു ലളിത കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കാന്‍ കേരളാ ലളിതകലാ അക്കാദമിയുടെ സാമ്പത്തിക സഹായത്തോടെ  നടത്തുന്ന ഈ പ്രദര്‍ശനം മാര്‍ച്ച് ഏഴാം തീയതി അവസാനിക്കും. സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചുകൊണ്ട് നടത്തുന്ന പ്രദര്‍ശനത്തില്‍ രാവിലെ പത്തു മണിമുതല്‍ വൈകിട്ട് 6.30 മണിവരെ പ്രവേശനം ഉണ്ടായിരിക്കും.കേരളത്തിലും പുറത്തും നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയ ബിജു കേരളാ ലളിതകലാ അക്കാദമിയുടെ വയനാട്ടില്‍ വച്ച് നടത്തിയ ഫോട്ടോഗ്രഫര്‍മാരുടെ മൂന്നുദിവസത്തെ ക്യാമ്പിലും അംഗമായിരുന്നു. 

ഫോട്ടോഗ്രാഫിയില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വിവിധ ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. തിരുവന്തപുരത്തു പരേതനായ ശ്രീകണ്ഠന്‍ നായരുടെയും സരോജിനി അമ്മയുടെയും മകനായി ജനിച്ച ബിജു അഞ്ചാം വയസോടെ അമ്മയുടെ നാടായ കാരക്കോണത്തേക്കു താമസം മാറുകയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം കാരക്കോണത്തെ സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കിയ ബിജു പ്രീഡിഗ്രി, ഡിഗ്രി പഠനം നെയ്യാറ്റിന്‍കരയിലെ പാരലല്‍ കോളേജുകളില്‍ പൂര്‍ത്തിയാക്കി. 

കുട്ടിക്കാലം മുതലേ ഫോട്ടോഗ്രഫിയിലും പ്രകൃതിയെ അറിയാനുള്ള യാത്രകളിലും തല്പരനായ ബിജു അതിനാല്‍ തന്നെ ചെറുപ്പത്തിലേ പാഷന്‍ ആയിരുന്ന ഫോട്ടോഗ്രാഫിയെ തന്റെ  തൊഴിലായി സ്വീകരിച്ചു. ഡിഗ്രി പൂര്‍ത്തിയാക്കിയതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ്  42-ാം  വയസില്‍ ആണ് ഫോട്ടോഗ്രാഫിയില്‍ മാസ്റ്റര്‍ ഡിഗ്രി നേടുവാനുള്ള സാഹചര്യം ഉണ്ടായത്. തുടര്‍ന്ന് ഭാരതീയ വിദ്യാപീഠത്തിന്റെ ഭവന്‍സ് കോളേജില്‍ നിന്ന് 2017 ല്‍ ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി.

അറുപതില്‍പരം ഡോക്യുമെന്ററികള്‍ നിര്‍മിച്ച ബിജു എറണാകുളം സ്വദേശി സൂരജ് ശ്രീധര്‍ സംവിധാനം ചെയ്ത 'കളം' എന്ന ഫീച്ചര്‍ ഫിലിമിലും സര്‍വശിക്ഷാ അഭിയാന്‍ അടിമാലി BRC ക്കുവേണ്ടി സൂരജ് ശ്രീധര്‍ നിര്‍മിച്ച  'ഒരേപകല്‍' എന്ന ഹ്രസ്വചിത്രത്തിനും ഛായാഗ്രഹണം നിര്‍വഹിച്ചു. കലയെ സാമൂഹിക പരിവര്‍ത്തനത്തിനുള്ള മാര്‍ഗമായി കാണുന്ന ബിജു ശാന്തിഗ്രാം, ചൈല്‍ഡ് എംപവര്‍മെന്റ് ട്രസ്റ്റ്, CISSA, ലൈറ്റ് ആന്‍ഡ് ഷേഡ്‌ അസോസിയേഷന്‍ ഓഫ് ഫൈന്‍ ആര്‍ട്ട്  ഫോട്ടോഗ്രാഫേഴ്‌സ് എന്നീ സാമൂഹിക സേവനം നടത്തുന്ന സംഘടനകളില്‍ അംഗമാണ്. പ്രകൃതി സംരക്ഷണവും കലയിലൂടെ കുട്ടികളിലും മുതിര്‍ന്നവരിലും അവബോധം സൃഷ്ടിക്കുന്നതിനായി പ്രകൃതിയെ അറിയുവാനുള്ള  ക്യാമ്പുകളും ഫോട്ടോ പ്രദര്‍ശനങ്ങളും കഴിഞ്ഞ ഏകദേശം ഇരുപതു വര്‍ഷങ്ങളായി നടത്തി വരുന്നു.

Content Highlights: wildlife photography exhibition of biku karakkonam kickstarted