ഗർജനത്തേക്കാൾ പേടി മനുഷ്യശബ്ദം; ജീവികൾക്ക് സിംഹത്തെക്കാൾ ഭയം മനുഷ്യരെയെന്ന് പഠനം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | PHOTO: CANVA
പ്രതീകാത്മക ചിത്രം | PHOTO: CANVA

കാട്ടിൽ ജീവികൾക്കേറ്റവും ഭയം സിംഹത്തെയെന്നല്ലേ വിശ്വാസം. എന്നാലത് തിരുത്തിക്കോളൂ. ആഫ്രിക്കയിലെ സാവന്ന കാടുകളിലെ ജീവികൾക്ക് സിംഹത്തെക്കാൾ ഭയം മനുഷ്യനെയാണ്. സിംഹങ്ങളുടെ ഗർജനത്തെക്കാൾ മനുഷ്യരുടെ ശബ്ദത്തെയും സംഭാഷണത്തെയും അവ ഭയക്കുന്നെന്നാണ് കറന്റ് ബയോളജിയിലെ പഠനം പറയുന്നത്.

ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റർ ക്രുഗർ വന്യജീവിസങ്കേതത്തിലാണ് പഠനം നടത്തിയത്. വന്യജീവികൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ജലാശയങ്ങൾക്കുസമീപം സ്പീക്കറുകളും ക്യാമറകളും സ്ഥാപിച്ചു. മൃഗങ്ങൾ വെള്ളംകുടിക്കാൻ എത്തുമ്പോൾ ക്യാമറയിലെ സെൻസറുകൾ പ്രവർത്തിക്കുകയും തൊട്ടുപിന്നാലെ സ്‌പീക്കറിലൂടെ മുൻകൂട്ടി റെക്കോർഡ് ചെയ്ത മനുഷ്യരുടെ ശബ്ദവും സിംഹത്തിന്റെ അലർച്ചയും മറ്റും കേൾപ്പിക്കുകയും ചെയ്തു.

ജിറാഫുകൾ, മ്ലാവുകൾ, ചീറ്റപ്പുലികൾ, കാട്ടുപന്നികൾ തുടങ്ങിയ 19 ജീവിവർഗങ്ങളെ നിരീക്ഷിച്ചതിൽ, അധികവും സിംഹത്തിന്റെ ശബ്ദത്തെക്കാൾ ഇരട്ടിവേഗത്തിൽ മനുഷ്യശബ്ദം കേട്ട് ഭയന്നോടിയതായി കണ്ടു. തോക്കുപൊട്ടുന്ന ശബ്ദമോ വേട്ടപ്പട്ടികളുടെ കുരയോ കേൾക്കുമ്പോഴുള്ളതിനെക്കാൾ ഭയം മനുഷ്യരുടെ സംഭാഷണം മൃഗങ്ങൾക്കുണ്ടാക്കുന്നെന്നാണ് നിഗമനം. ഓസ്ട്രേലിയയിലും സമാനമായി, കങ്കാരുക്കൾ മനുഷ്യശബ്ദത്തോട് ഭയം കാണിക്കുന്നുണ്ട്.

Content Highlights: African wildlife exhibits greater fear of human voices than predatory lion roars., Research conducted in Greater Kruger National Park using motion-sensor audio triggers., 19 different species, including giraffes and cheetahs, showed higher flight responses to human speech., Human conversation triggers a stronger fear response than gunshots or hunting dog barks., Findings correlate with similar behavioral studies on kangaroos in Australia.