പച്ചപ്പുകൊണ്ട് മൂടാനൊരുങ്ങി ഉത്തര്‍പ്രദേശും, നടുന്നത് 35 കോടി മരത്തൈകള്‍

ലക്‌നൗ: ഭൂമിയെ പച്ചപ്പാല്‍ മൂടാന്‍ ഒരു പരിധി വരെ മരങ്ങള്‍ നടുന്നത് സഹായകരമായിട്ടുണ്ട്. ഇന്ത്യയിലെ തന്നെ നിരവധി സംസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള വനവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. ആറു വര്‍ഷമായി തുടര്‍ച്ചയായി വനവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ വര്‍ഷം 35 കോടി മരങ്ങള്‍ നടുമെന്ന് ഇതിനോടകം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മാര്‍ച്ച് മാസം തൈകള്‍ നടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്ന് വനം-പരിസ്ഥിതി- കാലാവസ്ഥ വ്യതിയാന മന്ത്രി അരുണ്‍ കുമാര്‍ സക്‌സേന പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷവും സമാനമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടന്നിരുന്നു. ഇതിന്റെ ഭാഗമെന്നോണം 35 കോടി മരത്തൈകളാണ് സംസ്ഥാനത്ത് നട്ടത്. 2017-ലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് ആദ്യമായി തുടക്കമാകുന്നത്. 2030 -ഓടെ സംസ്ഥാനത്തെ ഹരിത വിസ്തൃതിയില്‍ 15 ശതമാനത്തിന്റെ വര്‍ധനവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
2021-ലെ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ 9.2 ശതമാനം വരുന്ന ഭൂപ്രദേശവും പച്ച വിരിച്ചു കിടക്കുകയാണ്. 2013-ല്‍ ഇത് 8.8 ശതമാനമായിരുന്നു. 2021-ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019-ല്‍ സംസ്ഥാനത്ത് ഹരിത വിസ്തൃതിയില്‍ 91 സ്‌ക്വയര്‍ കിലോമീറ്ററിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
Content Highlights: up government to plant 35 crore trees this year