18 വര്‍ഷത്തിന് ശേഷം ഡല്‍ഹി മൃഗശാലയില്‍ കടുവക്കുഞ്ഞുങ്ങള്‍ പിറന്നു

ന്യൂഡല്‍ഹി: 18 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി മൃഗശാലയില്‍ ബംഗാള്‍ക്കടുവക്കുഞ്ഞുങ്ങള്‍ പിറന്നു. മൃഗശാലയിലെ സിദ്ധി പെണ്‍കടുവയാണ് മേയ് നാലിന് അഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞുങ്ങളും മൃഗശാലാ അധികൃതരുടെ നിരന്തര നിരീക്ഷണത്തിലാണ്. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ പ്രതികരിച്ചു
ഡല്‍ഹി മൃഗശാലയില്‍ കരണ്‍, സിദ്ധി, അതിഥി, ബര്‍ക്ക എന്നിങ്ങനെ നാല് മുതിര്‍ന്ന ബംഗാള്‍ കടുവകളാണുള്ളത്. നാഗ്പൂരിലെ വനപ്രദേശത്തുനിന്നാണ് സിദ്ധി, അതിഥി എന്നീ കടുവകള്‍ മൃഗശാലയിലെത്തുന്നത്.
കടുവകളുടെ എണ്ണം നിലനിര്‍ത്തുക, സംരക്ഷണം നല്‍കുക, പഠനവാശ്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി 1959 നവംബര്‍ 1 മുതലാണ് മൃഗശാലയില്‍ കടുവകളെ പാര്‍പ്പിക്കാന്‍ തുടങ്ങിയത്. ബംഗാള്‍ കടുവകളുടെ സംരക്ഷണത്തോടൊപ്പം മറ്റു മൃഗശാലകളിലേക്ക് കടുവകളെ കൈമാറ്റം ചെയ്യുകയും ചെയ്യുന്നുണ്ട്.
Content Highlights: tiger cubs born at delhi zoo after 18 years