ഈ നായയുടെ വില എട്ടുലക്ഷം, പ്രതിമാസം പരിപാലനച്ചെലവ് അറുപതിനായിരം; വേനലിൽ എ.സിയും കൂളറും വേണം

പ്രതീകാത്മകചിത്രം | Photo: Canva.com
പ്രതീകാത്മകചിത്രം | Photo: Canva.com

കുറഞ്ഞത് എട്ടുലക്ഷം വിലമതിക്കുന്ന, പ്രതിമാസ പരിപാലന ചെലവ് അറുപതിനായിരത്തോളം വരുന്നൊരു നായ. ഡല്‍ഹിയില്‍ നടന്ന പെറ്റ് ഫെഡ് ഇന്ത്യയുടെ പരിപാടിയില്‍ താരമായി മാറിയിരിക്കുകയാണ് കൊക്കേഷ്യന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട ഈ നായ. തോര്‍ എന്നാണ് ഇവന്റെ പേര്. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയായ വിനായക് പ്രതാപ് സിങ്ങാണ് ഉടമസ്ഥന്‍. 

കാണുമ്പോള്‍ ഭീകരന്‍ എന്ന് തോന്നുമെങ്കിലും സാധുവാണ് കൊക്കേഷ്യന്‍ ഷെപ്പേഡ്. ഇന്ത്യന്‍ നിരത്തുകളിലോടുന്ന ചില എസ്.യു.വികളെക്കാള്‍ വിലമതിക്കുമെങ്കിലും മനുഷ്യനുമായി എളുപ്പത്തില്‍ ചങ്ങാത്തത്തിലാവുന്ന നായയ്ക്ക് 72 കിലോ ഭാരവും 75 സെന്റിമീറ്റര്‍ ഉയരവുമുണ്ട്. വിനായകിന് അദ്ദേഹത്തിന്റെ സഹോദരന്‍ അമേരിക്കയില്‍നിന്ന് സമ്മാനിച്ചതാണ് തോറിനെയും മറ്റൊരു പെണ്‍നായയെയും. 

ദിവസവും മൂന്നുനേരമാണ് തോറിന് ഭക്ഷണം നല്‍കുന്നതെന്ന് വിനായക് സിങ് പറഞ്ഞു. ചിക്കനും ഡോഗ് ഫുഡും ഉള്‍പ്പെടെയാണ് നല്‍കുന്നത്. പ്രതിദിനം കാൽകിലോ ചിക്കന്‍ നിർബന്ധമാണ്. കുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഷാംപു, മരുന്നുകള്‍, സംരക്ഷണത്തിന് ആവശ്യമായ മറ്റ് സംഗതികള്‍ ഇവയ്‌ക്കൊക്കെ ചേര്‍ന്ന് പ്രതിമാസം അന്‍പതിനായിരം രൂപ മുതല്‍ അറുപതിനായിരം രൂപവരെ  വേണ്ടിവരുമെന്ന് വിനായക് പറയുന്നു.

ശൈത്യരാജ്യത്തുനിന്നുള്ള ഇനമായതിനാല്‍തന്നെ ഇന്ത്യയിലെ ചൂട് താങ്ങാന്‍ തോറിന് കഴിയില്ല. അതുകൊണ്ട് വേനല്‍ക്കാലമാകുമ്പോള്‍ എയര്‍ കണ്ടീഷണറും കൂളറും വേണം. തണുത്ത വെള്ളം കുടിക്കാന്‍ നല്‍കുകയും ദിവസം മൂന്നുവട്ടം കുളിപ്പിക്കുകയും വേണം. എന്നാല്‍, തണുപ്പുമാസങ്ങളില്‍ തോറിന് മറ്റ് ക്രമീകരണങ്ങളൊന്നും ഏർപ്പെടുത്തേണ്ടതില്ല.

Content Highlights: Thor, a Caucasian Shepherd, is a star attraction at Pet Fed India.