മഞ്ഞുപ്രദേശങ്ങളുടെ മൂന്നിലൊന്നും ഉരുകല്‍ ഭീഷണിയില്‍; മുന്നറിയിപ്പുമായി യുനെസ്കോ

പ്രതീകാത്മക ചിത്രം | Photo-ANI
പ്രതീകാത്മക ചിത്രം | Photo-ANI

യുനെസ്‌കോ ലോകപൈതൃക പട്ടികയിലിടം നേടിയ മൂന്നിലൊന്ന് മഞ്ഞുപ്രദേശങ്ങളും മഞ്ഞുരുകല്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. യുനെസ്‌കോ സംഘടിപ്പിച്ച പുതിയ പഠന റിപ്പോര്‍ട്ടാണ് ഇത് ശരിവെയ്ക്കുന്നത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, വടക്കെ അമേരിക്ക, ഓഷ്യാന എന്നിവിടങ്ങളിലുളള മഞ്ഞുപ്രദേശങ്ങളാണ് ഉരുകല്‍ ഭീഷണി നേരിടുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നാച്വറുമായി (ഐയുസിഎന്‍) ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 2000 മുതല്‍ക്കെ ഈ പ്രദേശങ്ങളില്‍ മഞ്ഞുരുകല്‍ തോത് വേഗത്തിലാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. 

കാര്‍ബണ്‍ ബഹിര്‍ഗമനം മൂലമുള്ള ആഗോള താപനമാണ് മഞ്ഞുരുകലിന്‍റെ പ്രധാന കാരണം. ആഗോള താപനിലാവര്‍ധനവ് 1.5 ഡിഗ്രിക്കുളളില്‍ ചുരുക്കാന്‍ കഴിഞ്ഞാല്‍ മറ്റു മൂന്നില്‍ രണ്ടു വരുന്ന പ്രദേശങ്ങളെ മഞ്ഞുരുകല്‍ ഭീഷണിയില്‍ നിന്നും രക്ഷിക്കാന്‍ കഴിയുമെന്നും പഠന റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

യുനെസ്‌കോയുടെ പുതിയ പഠനം ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ച് പ്രകൃതിയോടിണങ്ങുന്ന മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടതിന്‍റെ ആവശ്യകതയാണ് ഉയര്‍ത്തിക്കാണിക്കുന്നത്.  പ്രതിവര്‍ഷം 58 ബില്ല്യണ്‍ ടണ്‍ ഐസാണ് ഉരുകി തീരുന്നത്. ആഗോള സമുദ്ര നിരപ്പിന്റെ അഞ്ചു ശതമാനം സംഭാവന ചെയ്യുന്നത് മഞ്ഞുരുകലാണ്. 

യുനെസ്‌കോയുടെ ലോകപൈതൃകയിലിടം നേടിയ അമ്പത്തോളം മഞ്ഞുപ്രദേശങ്ങളാണ് ലോകത്താകമാനമുള്ളത്. ഐക്യരാഷ്ട്ര സഭയുടെ 27-ാമത് കാലാവസ്ഥാ ഉച്ചകോടി കോടിയില്‍  മഞ്ഞുരുകല്‍ ഭീഷണി പ്രധാന വിഷയമാകാനുള്ള സാധ്യതയുമുണ്ട്. .

Content Highlights: third of world's heritage glacier face threat, ice melt