നിക്കോബാർ വികസന പദ്ധതിയുടെ സ്റ്റേ ഒഴിവാക്കണമെന്ന് കേന്ദ്രം, ആവശ്യം പരിഗണിക്കാതെ സുപ്രീം കോടതി

ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ ദ്വീപിലെ വികസനപദ്ധതികൾക്കെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ നടക്കുന്ന നടപടികൾ നിർത്തിവെക്കാനുള്ള കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഗോത്രവർഗങ്ങളുടെ സംസ്കാരം കാത്തുസൂക്ഷിക്കുന്നത് മൗലികാവകാശങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹർജിയിലെ വിഷയങ്ങൾ കാലതാമസം നേരിടാത്ത വിധം പരിഗണിക്കാനും ഉചിതമായ തീരുമാനമെടുക്കാനും കൊൽക്കത്ത ഹൈക്കോടതിയോട് നിർദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചത്. ജസ്റ്റിസുമാരായ ജോയ്മാല ബാഗ്ചി, വി. മോഹന എന്നിവരും ബെഞ്ചിലുണ്ടായിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറി മീന ഗുപ്ത നൽകിയ ഹർജിയിലാണ് കൊൽക്കത്ത ഹൈക്കോടതി വാദം കേൾക്കുന്നത്. നിക്കോബാറിലെ 130 ചതുരശ്ര കിലോമീറ്ററിലേറെയുള്ള വനത്തിന് കേടുപാടുകൾ ഉണ്ടാക്കുന്നത് 2006ലെ വനനിയമത്തിന്റെ ലംഘനമാണെന്നും ഷോംപെൻ, നിക്കോബറീസ് ഗോത്രവിഭാഗങ്ങളുടെ ജീവിതരീതിയെയും സംസ്കാരത്തെയും ഇത് മോശമായി ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.
72000 കോടി രൂപയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ കണ്ടെയ്നർ ടെർമിനലും ഉൾപ്പെടുന്നു. തന്ത്രപ്രധാനവും ദേശീയതലത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നതുമായ പദ്ധതിയാണ് ഇതെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും അഡീഷണൽ സോളിസിറ്ററി ജനറൽ ഐശ്വര്യ ഭാട്ടിയും വാദിച്ചു. പദ്ധതി നടപ്പാക്കുന്നതിലൂടെ ഷോംപെൻ ഉൾപ്പെടെയുള്ള തദ്ദേശീയ ഗോത്രവിഭാഗങ്ങൾക്ക് അവരുടെ താമസസ്ഥലം നഷ്ടപ്പെടില്ലെന്നും അറ്റോർണി ജനറൽ പറഞ്ഞു.
സുരക്ഷാ താല്പ്പര്യവും വാണിജ്യ താൽപ്പര്യവുംതമ്മിൽ വേർതിരിവ് വേണമെന്ന് ജസ്റ്റിസ് ജോയ് മാല്യ ബാഗ്ചി പറഞ്ഞു. സംസ്കാര സംരക്ഷണം ഭരണഘടനാപ്രകാരമുള്ള മൗലികാവകാശമാണ്. നിക്കോബാർ പരിസ്ഥിതിയിലെ ഗോത്ര സംസ്കാരത്തിന് ഭരണഘടനാ പ്രകാരമുള്ള സംരക്ഷണം ആവശ്യമാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ ദേശീയ ഹരിത ട്രൈബ്യൂണൽ രണ്ടുതവണ പരിഗണിച്ച് തീർപ്പാക്കിയതാണെന്ന് അഡീഷണൽ സോളിസിറ്ററി ജനറൽ പറഞ്ഞു. ചില നിബന്ധനകൾക്കും പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാനുള്ള ഹൈപവേർഡ് കമ്മിറ്റി രൂപീകരണത്തിനും വിധേയമായി നിക്കോബാർ പദ്ധതിയുടെ പാരിസ്ഥിതികാനുമതി ട്രൈബ്യൂണൽ ശരിവെച്ചിരുന്നു. അനുമതി പുനഃപരിശോധിക്കാനുള്ള ഹർജി 2023ൽ ഹരിത ട്രൈബ്യൂണൽ തള്ളിയതായും കേന്ദ്രം ചൂണ്ടിക്കാട്ടി.
പദ്ധതിയെ തുടർന്നുണ്ടാകാനിടയുള്ള പരിസ്ഥിതിപ്രശ്നങ്ങൾ ഉന്നയിച്ച് മീന ഗുപ്ത സമർപ്പിച്ച ഹർജിയാണ് കൊൽക്കത്ത ഹൈക്കോടതി പരിഗണിച്ചത്. ഹർജി നൽകാൻ മീന ഗുപ്തയ്ക്കുള്ള അവകാശത്തെ കേന്ദ്രം ചോദ്യം ചെയ്തെങ്കിലും ഹൈക്കോടതി കേന്ദ്രത്തിന്റെ എതിർപ്പ് തള്ളിക്കളയുകയായിരുന്നു. കേസിൽ ഗോത്ര കൗൺസിലുകളെക്കൂടി കക്ഷി ചേർത്തതിനാൽ കേന്ദ്ര സർക്കാരിന്റെ ഈ വാദത്തിന് നിലനിൽപ്പില്ല എന്ന് മീനാ ഗുപ്തയുടെ അഭിഭാഷകൻ എസ്. മുരളീധർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
ഇത്തരം ഗോത്രവിഭാഗങ്ങൾ സംരക്ഷിത വിഭാഗത്തിന്റെ ഭാഗമല്ലെന്ന് ആർ. വെങ്കിട്ടരമണി വാദിച്ചെങ്കിലും ഷോംപെൻ ജനതയെ പ്രത്യേക സംരക്ഷിത വിഭാഗമായി പട്ടികപ്പെടുത്തിയതായി മറുഭാഗം വ്യക്തമാക്കി. ഷോംപെൻ, നിക്കോബറീസ് വിഭാഗങ്ങളാണ് പദ്ധതിയുടെ പ്രത്യാഘാതത്തിന് ഇരയാകാൻ സാധ്യതയുള്ളത്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ മുൻകാല ഉത്തരവുകൾക്ക് നിയമപരമായ നിർബന്ധ സ്വഭാവമില്ലെങ്കിലും അതിന്റെ പ്രാധാന്യം പരിഗണിക്കാമെന്നും ഉത്തരവുമായി ബന്ധപ്പെട്ട രേഖകൾ കേന്ദ്രത്തിന് ഹൈക്കോടതിയിൽ ഹാജരാക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.
ഹർജിയുടെ നിലനിൽപ്പ് സംബന്ധിച്ച വാദം ഹൈക്കോടതിയിൽ തുടരാൻ അനുവദിക്കണമെന്ന് അറ്റോർണി ജനറൽ ആവശ്യപ്പെട്ടെങ്കിലും വിഷയത്തിൽ ഇടപെടാൻ തയ്യാറാകാതിരുന്ന സുപ്രീം കോടതി, കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് എല്ലാ ഹർജികളും പരിഗണിച്ച് കാലതാമസമില്ലാതെ തീർപ്പാക്കണമെന്ന് നിർദ്ദേശിച്ചു. കൊൽക്കത്ത ഹൈക്കോടതി കേസിൽ വിശദമായ വാദം കേൾക്കുന്നത് നവംബർ 25,26 തീയതികളിലാണ്.