കടലിന്റെ ആഴമേറിയ പ്രദേശങ്ങളിലും പവിഴപ്പുറ്റുകള്‍ സുരക്ഷിതമല്ലെന്ന് പഠനം

ബ്ലീച്ചിങിന് വിധേയമായ പവിഴപ്പുറ്റുകള്‍ | Photo-AP
ബ്ലീച്ചിങിന് വിധേയമായ പവിഴപ്പുറ്റുകള്‍ | Photo-AP

ടലിന്റെ ആഴങ്ങളിലും സമുദ്ര ജൈവ വൈവിധ്യത്തിന്റെ പ്രധാന ഭാഗമായ പവിഴപ്പുറ്റുകള്‍ സുരക്ഷിതമല്ലെന്ന് പഠനങ്ങള്‍. ഇത്തരം പ്രദേശങ്ങളിലും ഇതാദ്യമായി പവിഴപ്പുറ്റുകളില്‍ കോറല്‍ ബ്ലീച്ചിങ് പോലുള്ളവ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. സമുദ്രങ്ങളില്‍ ചൂടേറുമ്പോള്‍ പവിഴപ്പുറ്റുകള്‍ അവയില്‍ വാസമുറപ്പിച്ചിരിക്കുന്ന ആല്‍ഗകളെ പുറന്തള്ളുമ്പോള്‍ വെള്ള നിറത്തിലേക്ക് രൂപാന്തരം പ്രാപിക്കുന്ന പ്രക്രിയയെയാണ് 'കോറല്‍ ബ്ലീച്ച്' എന്നറിയപ്പെടുക. 

ആഴമേറിയ പ്രദേശങ്ങളില്‍ പവിഴപ്പുറ്റുകള്‍ ഇത്തരം വെല്ലുവിളികള്‍ നേരിടുന്നില്ലെന്ന നിഗമനത്തിലായിരുന്നു ദീര്‍ഘ നാളുകളായി ഗവേഷകര്‍. എന്നാല്‍ ഓസ്‌ട്രേലിയ മുതല്‍ കിഴക്കന്‍ പസഫിക് വരെയുള്ള സമുദ്രങ്ങള്‍ ഇത്തരം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. 2019-ല്‍ ഇന്ത്യന്‍ സമുദ്രത്തിന്റെ പടിഞ്ഞാറായി 300 അടി താഴ്ചയില്‍ കോറല്‍ ബ്ലീച്ചിങ് കണ്ടെത്തി. ഈ പ്രദേശത്ത് സമുദ്രത്തിലെ ചൂടിന് പിന്നില്‍ എല്‍-നിനോ പോലുള്ളവയാണെന്നാണ് നിഗമനം. 

 ഒന്നാമത്തെ ചിത്രം (1) ആരോഗ്യകരമായ പവിഴപ്പുറ്റുകളെ കാണിക്കുമ്പോള്‍ രണ്ടാമത്തെ ചിത്രം (2) ഭീഷണി നേരിടുന്ന പവിഴപ്പുറ്റുകളെ കാണിക്കുന്നു. ബീച്ചിങ്ങിന് വിധേയമായ പവിഴപ്പുറ്റാണ് മൂന്നാമത്തെ (3) ചിത്രത്തിലുള്ളത്‌

2020-ല്‍ പ്രദേശത്തേക്ക് വീണ്ടുമെത്തിയ ഗവേഷകര്‍ പവിഴപ്പുറ്റുകള്‍ പുനരുജ്ജീവിച്ചതായി കണ്ടെത്തി. എന്നിരുന്നാലും പവിഴപ്പുറ്റുകളുടെ ഭാവിയെ കുറിച്ചുള്ള ഗവേഷകരുടെ ആശങ്ക വിട്ടുമാറുന്നില്ല. കടലിന്റെ ആഴങ്ങളില്‍ ഇനിയും തിരിച്ചറിയപ്പെടാത്ത, ആഗോള താപനം മൂലം ഭീഷണി നേരിടുന്ന അനേകം പവിഴപ്പുറ്റുകളുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ആഴമേറിയ ഇടങ്ങളിലെ പവിഴപ്പുറ്റുകളും ആഗോള താപനത്താല്‍ വലയുന്നുവെന്ന പഠനറിപ്പോര്‍ട്ട് പിന്നീട് നേച്വര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. 

ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഗ്രേറ്റ് ബാരിയര്‍ റീഫടക്കമുള്ളവയ്ക്ക് കൂട്ട ബ്ലീച്ചിങ് വെല്ലുവിളിയാണ്. ഗ്രേറ്റ് ബാരിയര്‍ റീഫ് മറൈന്‍ പാര്‍ക്കിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ ഇക്കഴിഞ്ഞ വര്‍ഷം ചരിത്രത്തിലെ ഏറ്റവും വലിയ ആറാമത്തെ കൂട്ട ബ്ലീച്ചിങ്ങിന് ഗ്രേറ്റ് ബാരിയര്‍ റീഫ് വിധേയമായതായി കണ്ടെത്തിയിരുന്നു. ഹെലികോപ്റ്റര്‍ ഏരിയല്‍ സര്‍വേയാണ് സംഘടിപ്പിച്ചിരുന്നത്. 1998, 2002, 2010, 2016, 2020 എന്നീ വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് കൂട്ട ബ്ലീച്ചിങ്ങുകള്‍ രേഖപ്പെടുത്തിയത്. ഇത്തരം പ്രതിഭാസങ്ങള്‍ പവിഴപ്പുറ്റുകള്‍ക്ക് ഭീഷണി തന്നെയാണെന്ന് പറയുന്നു ഗവേഷകര്‍.
 
 

Content Highlights: study shows as Oceans Warm, Coral Bleaching Seen at Greater Depths