ബദാമും ശര്‍ക്കരയും, ദിവസവും തീറ്റ എത്തിക്കുന്നത് 55 ഉറുമ്പുമാളങ്ങളില്; ശിവരാജന് അരുമകളാണ് ഉറുമ്പുകൾ

കാളികാവ്(മലപ്പുറം): രാവിലെ രണ്ട് ഭക്ഷണപ്പൊതിയുമായിട്ടാണ് ശിവരാജന് ജോലിക്കിറങ്ങുക. ഒരു പൊതി തനിക്കുള്ള ഉച്ചഭക്ഷണമാണ്, മറ്റേത് ഉറുമ്പുകളുടേതും! അതാണെങ്കില്‍ ശിവരാജന്റേതിനേക്കാള് വിശിഷ്ടഭക്ഷണം.
അപൂര്‍വമായൊരു അരുമസ്നേഹത്തിന്റെ കഥയാണ് കാളികാവ് അടയ്ക്കാക്കുണ്ട് പാറശ്ശേരിയിലെ ഓംമറ്റത്തില് ശിവരാജന്റേത്. ഉറുമ്പുകളെ സ്നേഹിക്കുന്ന മനുഷ്യനാണ് ഈ 58-കാരന്. 34 വര്‍ഷമായി ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുന്നയാളാണ് ഇദ്ദേഹം.
വാഹന മെക്കാനിക്കായ ശിവരാജന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ജോലി ചെയ്യുമ്പോഴാണ് ഉറുമ്പുകളുമായി ചങ്ങാത്തത്തിലായത്. മറ്റുള്ളവര്‍ ഉറുമ്പുകളെ കൂട്ടത്തോടെ നശിപ്പിക്കുന്നത് കണ്ടപ്പോള്‍ വിഷമമായി. പ്രായശ്ചിത്തം എന്ന നിലയില്‍ അദ്ദേഹം ഉറുമ്പുകള്‍ക്ക് മധുരം വിതറിനല്കി. ഇത് പിന്നീട് പതിവായി. നാട്ടിലെത്തിയപ്പോഴും ശീലംതുടര്ന്നു. വൈകാതെ മെനുവിലും മാറ്റംവരുത്തി. ഇപ്പോള്‍ വി.െഎ.പി. ഭക്ഷണമാണ്. അരി, ഗോതമ്പ്, കടല, നിലക്കടല, ചെറുപയര്‍, രാഗി, ബദാം, അണ്ടിപ്പരിപ്പ്, ശര്‍ക്കര എന്നിവ പൊടിച്ചുനല്കും. ധാന്യപ്പൊടി നിശ്ചിത സ്ഥലങ്ങളില്‍ വിതറി 10 മിനിറ്റിനുള്ളില്‍ ഉറുമ്പുകളെത്തും. ഇന്‍ഡോറില്‍ നൂറോളം അണ്ണാറക്കണ്ണന്മാരും ശിവരാജന്റെ ഭക്ഷണം തേടിയെത്തിയിരുന്നു.
വീടിനോടുചേര്‍ന്ന് 30 ഉറുമ്പ് മാളങ്ങളിലും വര്‍ക്ക് ഷോപ്പിനടുത്ത് 25 മാളങ്ങളിലും പതിവായി ഭക്ഷണം വിതറും. വീടിന് അടുത്തുള്ള മാളങ്ങളില്‍ ശിവരാജന് പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുന്‍പ് തീറ്റ നല്‍കും. ഉറുമ്പുകള്‍ വരിയായെത്തി തിന്നുന്നതുകാണുമ്പോഴുള്ള സന്തോഷം മറ്റൊന്നിനുമില്ലെന്നാണ് ശിവരാജന് പറയുന്നത്. ഭാര്യയും മൂന്നു മക്കളും ശിവരാജന് കട്ട സപ്പോര്‍ട്ടാണ്.
Content Highlights: A 58-year-old man in Kerala, India, has been feeding ants for 34 years.