കാടിനു ഭീഷണിയായ മഞ്ഞക്കൊന്ന നീക്കം ചെയ്ത് കടലാസ്സാക്കുന്നു; മാതൃകയുമായി തമിഴ്‌നാട് വനംവകുപ്പ്

അധിനിവേശ സസ്യങ്ങളെ കാടുകളില്‍ നിന്ന് വിജയകരമായി നിര്‍മാര്‍ജ്ജനം ചെയ്ത് തമിഴ്‌നാട് വനംവകുപ്പ്. മഞ്ഞക്കൊന്നയടക്കമുള്ളവയാണ് കാടുകളില്‍ നിന്ന് നീക്കം ചെയ്തത്. കാടിനും വന്യജീവികള്‍ക്കും തന്നെ ഭീഷണിയായ മഞ്ഞക്കൊന്നയെ കടലാസ്സാക്കി മാറ്റുകയാണ് ചെയ്യുന്നത്. മഞ്ഞക്കൊന്ന വിറ്റുകിട്ടുന്ന പണം കൊണ്ട് വനപ്രദേശത്തെ പുല്‍മേടുകള്‍ പുനഃസൃഷ്ടിക്കുകയാണ് വനംവകുപ്പ്.
നല്ലരീതിയില്‍ വലിപ്പം വെയ്ക്കുന്ന മഞ്ഞക്കൊന്നകള്‍ സമീപത്തുള്ള മറ്റുള്ളവയെ വളരാന്‍ അനുവദിക്കുകയുമില്ല. മഞ്ഞക്കൊന്ന വളരുന്ന പ്രദേശത്ത് അടിക്കാടുകളുമുണ്ടാവില്ല. ഇത് ഭക്ഷ്യ ദൗർലഭ്യത്തിനിടയാക്കും. ഇതോടെ ആനയടക്കമുള്ള വന്യജീവികള്‍ കാടിറങ്ങും.
മഞ്ഞക്കൊന്നയെന്ന വില്ലനെ തുരത്താനുള്ള ചര്‍ച്ചകള്‍ ചൂടേറുമ്പോഴാണ് ഇവയുടെ തടി പേപ്പര്‍ വ്യവസായത്തിന് ഉപയോഗിക്കാമെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ നൂറ് കണക്കിന് ലോഡാണ് തമിഴ്‌നാട്ടിലെ വനപ്രദേശങ്ങളില്‍ നിന്ന് തമിഴ്‌നാട് ന്യൂസ്പ്രിന്റിലേക്ക് പോകുന്നത്. ഒരു ടണ്ണിന് 320 രൂപ വീതമാണ് തമിഴ്‌നാട് ന്യൂസ്പ്രിന്റ് ലിമിറ്റ്ഡ് തമിഴ്‌നാടിന് നല്‍കുന്നത്. ഈ തുക കാടിന്റെ സംരക്ഷണത്തിനായുള്ള പദ്ധതിക്കായാണ് തമിഴ്‌നാട് വിനിയോഗിക്കുന്നത്.
മഞ്ഞക്കൊന്നകള്‍ തമിഴ്‌നാട് ന്യൂസ്പ്രിന്റിലേക്ക് കൊണ്ടുപോകാനുള്ള കരാറെടുത്തിരിക്കുന്നത് മലയാളിയായ സന്തോഷാണ്. ദിനംപ്രതി ശരാശരി 15 ടണ്‍ ലോഡാണ് കൊണ്ടുപോകുന്നതെന്ന് സന്തോഷ് പറയുന്നു. തൊലി നീക്കം ചെയ്താണ് മഞ്ഞക്കൊന്നകള്‍ ലോഡാക്കുന്നത്. മഞ്ഞക്കൊന്ന പോലുള്ള അധിനിവേശ സസ്യങ്ങളെ കാടുകളില്‍ നിന്ന് നീക്കം ചെയ്യുന്ന തമിഴ്‌നാട് മാതൃക പ്രചോദനമാകുന്നത് തന്നെയാണ്.
Content Highlights: senna siamea removing from tamilnadu forest areas