തീരത്ത് മരങ്ങള്‍, സാല്‍മണുകളെ സംരക്ഷിക്കാന്‍ സ്‌കോട്ട്ലാന്‍ഡ്; ആവാസവ്യവസ്ഥയും പരിപോഷിപ്പിക്കപ്പെടും

സ്‌കോട്ട്ലാന്‍ഡിന്റെ വിദൂര പ്രദേശങ്ങളിലുള്ള നദികള്‍ക്കും അരുവികള്‍ക്കും സമീപം ദശലക്ഷക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം വര്‍ധിക്കുന്ന ചൂടില്‍ നിന്ന് സാല്‍മണുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടി. ഇത് നദിയിലെ ഉപരിതലത്തിലെ താപനില കൂട്ടാന്‍ ഇടയാക്കും. മുട്ടയിടാനായി നദികളുടെ ഉപരിതലങ്ങളെയാണ് വൈല്‍ഡ് സാല്‍മണുകള്‍ ആശ്രയിക്കുക. ചൂടുള്ള കാലാവസ്ഥയില്‍ ഇവയ്ക്ക് ഉപരിതലത്തില്‍ നിലനില്‍പ് സാധ്യമാവുകയില്ലെന്നും വിലയിരുത്തുന്നു. സ്‌കോട്ട്ലാന്‍ഡില്‍ സാല്‍മണുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.
സാല്‍മണുകളെ ഏറ്റവും കൂടുതല്‍ കണ്ടെത്താറുള്ള അബര്‍ഡീന്‍ഷെയറിലെ ഡീ നദിയുടെ തീരങ്ങളില്‍ രണ്ടര ലക്ഷത്തോളം വൃക്ഷത്തൈകള്‍ ഇതിനോടകം നട്ടുകഴിഞ്ഞു.
2035 ഓടെ പത്ത് ലക്ഷം മരതൈകള്‍ പ്രദേശത്ത് നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഒരു ലക്ഷത്തോളം കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന സ്‌കോട്ട്ലാന്‍ഡിലെ നദീതീരങ്ങളില്‍ 35 ശതമാനത്തിലുള്ളവയില്‍ മാത്രമേ മതിയായ മരങ്ങള്‍ ഉള്ളൂവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വേനല്‍ കാലത്തെ ഉയര്‍ന്ന ചൂട് ഏറ്റവും കൂടുതല്‍ പ്രത്യാഘാതം ഏല്‍പ്പിക്കുക ചെറിയ മീനുകളിലാണ്. അവയുടെ വളര്‍ച്ചാ പ്രക്രിയയില്‍ ഇവ കാര്യമായ മാറ്റങ്ങള്‍ വരുത്തും.
എന്നാല്‍ ഡീ നദി തീരത്ത് മാത്രമല്ല പദ്ധതി പ്രാവര്‍ത്തികമാക്കുക. സ്‌കോട്ട്ലാന്‍ഡിലുടനീളമുള്ള ഫിഷറി ബോര്‍ഡുകള്‍ക്ക് ഇത്തരത്തില്‍ നദിത്തീരങ്ങളില്‍ മരങ്ങള്‍ നട്ടു പിടിപ്പിക്കാനുള്ള പദ്ധതി നിലവിലുണ്ട്. ജലത്തിലെ താപനില നിയന്ത്രണവിധേയമാക്കുന്നതിന് വേണ്ടിയാണിത്.
മരതൈകള്‍ വെറുതെ നട്ടുപിടിപ്പിച്ചാല്‍ അവ നശിച്ചു പോകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ നട്ടുപിടിപ്പിക്കുന്ന മരങ്ങള്‍ക്ക് വേലികള്‍ കൊണ്ട് സംരക്ഷണമൊരുക്കും. തൈകള്‍ മാനുകളും മറ്റും ആഹാരമാക്കാതിരിക്കാന്‍ വേണ്ടിയാണിത്. ഉയര്‍ന്ന പ്രദേശങ്ങളിലുള്ള നദികളുടെ ആവാസവ്യവസ്ഥ ഇത്തരത്തില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിലൂടെ പരിപോഷിപ്പിക്കപ്പെടുമെന്ന് ഗവേഷകര്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ഭക്ഷ്യദൗര്‍ലഭ്യവും സ്‌കോട്ട്ലാന്‍ഡില്‍ സാല്‍മണുകളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമായി.
Content Highlights: scotland to plant trees in riverside to protect salmon
Content Highlights: