അന്താരാഷ്ട്ര ജൈവവൈവിധ്യദിനം; ജിതേഷ്ജിയുടെ ‘പാളയ’ത്തിൽ ‘രാജപാളയ’ത്തിന് സംരക്ഷണം

പന്തളം: പുലിയെ വെല്ലുന്ന വേഗം, ആറടി ഉയരമുള്ള മതിലുപോലും അനായാസം ചാടും. മനോഹരവും ബലിഷ്ഠവുമായ ആകാരം, ഓമനിക്കാനും കാവലിനും ഉതകുന്ന നായ -അതാണ് ‘റോയൽ രാജപാളയം’. വംശനാശത്തിന്റെ വക്കിലുള്ള ഈ വേട്ടനായയെ പരിപാലിക്കുകയാണ്, വരവേഗചിത്രകാരനും ജൈവവൈവിധ്യ ഗവേഷകനുമായ ജിതേഷ്ജി.
അദ്ദേഹത്തിന്റെ പന്തളം തെക്കേക്കരയിലെ തട്ടയിലുള്ള ഹരിതാശ്രമം മണ്ണുമര്യാദ ഗുരുകുലത്തിലാണ് ഇതിന്റെ സംരക്ഷണത്തിനും വംശവർധനയ്ക്കും സൗകര്യമൊരുക്കിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മൻ കി ബാത്’ റേഡിയോ പരിപാടിയിൽ രാജപാളയം വേട്ടനായ്ക്കളെക്കുറിച്ചുള്ള പ്രഭാഷണത്തിൽനിന്ന് ഊർജമുൾക്കൊണ്ടാണ് രാജപാളയത്തിന്റെ സംരക്ഷകനായി ജിതേഷ്ജി മാറിയത്. തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ രാജപാളയത്താണ് ഈ വേട്ടനായവംശം ഉണ്ടായത്.
ഉയർന്ന രോഗപ്രതിരോധശേഷിയുണ്ട്. 13 വയസ്സുമുതൽ 15 വരെ ആയുർദൈർഘ്യവുമുള്ളവയാണ്. ഹരിതാശ്രമത്തിന്റെ ജൈവവൈവിധ്യ സംരക്ഷണപ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ജിതേഷ്ജിയുടെ മകനും സ്കൂൾവിദ്യാർഥിയുമായ നിരഞ്ജനും കൂട്ടുകാരുമുണ്ട്.
ഇതുവരെ മുന്നൂറോളം കുഞ്ഞുങ്ങളെ പരിചയക്കാർക്കും വളർത്താനാഗ്രഹമുള്ളവർക്കുമായി നൽകിക്കഴിഞ്ഞു. വിൽപ്പനയല്ല ലക്ഷ്യം, ഇതിനെ വംശവർധനയ്ക്കായി വളർത്താനും സംരക്ഷിക്കാനും കഴിയുന്നവർക്കുമാത്രമേ നൽകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിൽ ഇടംനേടിയ നായ
ദക്ഷിണേന്ത്യയിലെ രാജാക്കന്മാരാണ് ഇവയെ ആദ്യമൊക്കെ വളർത്തിയിരുന്നതെന്ന് ജിതേഷ്ജി പറയുന്നു. ടിപ്പു സുൽത്താൻ നൂറുകണക്കിന് രാജപാളയം നായ്ക്കളെ കോട്ടകാവലിന് വളർത്തിയിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ കുതിരപ്പട്ടാളത്തെ ഓടിച്ചിട്ട് കാലിൽ കടിച്ചുവീഴ്ത്താനും ഇവയെ ഉപയോഗിച്ചു.
ഈ കാരണത്താൽ, രാജപാളയം നായ്ക്കളെ എവിടെക്കണ്ടാലും വെടിവെച്ചുകൊല്ലാൻ ബ്രിട്ടീഷ് ഭരണാധികാരികൾ ഉത്തരവിട്ടു. അങ്ങനെയാണ് ഇവയുടെ വംശം കുറഞ്ഞുതുടങ്ങിയത്.
ധീരതയും ശൗര്യവും കണക്കിലെടുത്ത്, ഇന്ത്യൻ തപാൽ വകുപ്പ് 2005 ജനുവരിയിൽ രാജപാളയം നായയുടെ ഫോട്ടോ ആലേഖനംചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
Content Highlights: Conservation of the rare Royal Rajapalayam dog breed at Harithashramam., Historical significance of Rajapalayam dogs in Tipu Sultan's army., Focus on breed preservation rather than commercial sales., Recognition of the breed via a 2005 Indian Postal stamp.