ചൂടിൽ ഒളിക്കും, മഴയത്ത് പുറത്തിറങ്ങും; 94 വർഷത്തിനുശേഷം ഇന്ത്യയിൽ സാന്നിധ്യമറിയിച്ച് ആ തേരട്ടകൾ

#കെ.പി. പ്രവിത
ഷോലാഫിലസ് സ്പൈനസ്, സ്യൂഡൊസ്ഫിയറോപേരിയ പ്ലാനാ
ഷോലാഫിലസ് സ്പൈനസ്, സ്യൂഡൊസ്ഫിയറോപേരിയ പ്ലാനാ

കൊച്ചി: നീണ്ട 94 വർഷങ്ങൾ... ഇന്ത്യയിൽ ആ സാന്നിധ്യം കണ്ടെത്താൻ കാത്തിരിക്കേണ്ടിവന്നത് ചെറിയ കാലയളവല്ല. കേരളത്തിലെ പശ്ചിമഘട്ട മലനിരകളിൽ കണ്ടെത്തിയ രണ്ടു തേരട്ടകൾ കൗതുകമാകുന്നത് വർഷങ്ങൾ നീണ്ട ഈ ഒളിച്ചുകളിയുടെ പേരിലാണ്.

സ്യൂഡൊസ്ഫിയറോപേരിയ പ്ലാനാ, ഷോലാഫിലസ് സ്പൈനസ് എന്നീ തേരട്ടകളെയാണ് ഇടുക്കിയിലെ രാജമലയ്ക്ക് സമീപമുള്ള ചോലക്കാടുകളിൽനിന്ന് കണ്ടെത്തിയത്. ട്രൈക്കോപോളിഡെസ്മിടെ കുടുംബത്തിലുൾപ്പെടുന്നവയാണിത്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ ചിലന്തിഗവേഷണ വിഭാഗത്തിലെ ഡോ. പ്രദീപ് എം. ശങ്കരൻ, റഷ്യൻ ഗവേഷകനായ സെർജി ഗോളോവാഷ്, സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള ഗവേഷകൻ ജോൺ ഹോളിയർ എന്നിവർ നടത്തിയ പഠനങ്ങളാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്.

94 വർഷങ്ങൾക്കുശേഷമാണ് ഈ രണ്ടു ജനുസ്സുകളിൽപെട്ട തേരട്ടകളെ ഇന്ത്യയിൽ കണ്ടെത്തുന്നതെന്ന് ഗവേഷകർ പറയുന്നു. ഇതിൽ ഷോലാഫിലസ് തേരട്ടകളെ ആദ്യമായാണ് കേരളത്തിലെ കാടുകളിൽ കണ്ടെത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. കണ്ടെത്തൽ അന്താരാഷ്ട്ര ശാസ്ത്രമാസികയായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചൂടിൽ ഒളിച്ചിരിക്കും... മഴയത്ത് ആക്ടീവ്

ചൂടുകൂടിയ സമയങ്ങളിൽ കരിയിലകൾക്കിടയിലും മറ്റും ഒളിച്ചുകഴിയാൻ ഇഷ്ടപ്പെടുന്നവയാണ് ഈ തേരട്ടകൾ. മഴക്കാലമാകുന്നതോടെ ഇവ സജീവമാകും. മണ്ണിലെ ജൈവാവശിഷ്ടങ്ങളും പായലുകളുമാണ് പ്രധാന ഭക്ഷണം.

നീണ്ടുരുണ്ട ശരീരപ്രകൃതിയാണ് രണ്ടുതേരട്ടകൾക്കും. ചാരനിറം കലർന്ന വിളറിയ വെളുത്തനിറമുള്ള ഇവയുടെ ശരീരത്തിന്റെ വശങ്ങളിലും പുറംഭാഗത്തുമായി നീളം കുറഞ്ഞതും ഉരുണ്ടതുമായ മുള്ളുകൾ പോലെയുള്ള ഭാഗങ്ങൾ കാണാം.

സ്യൂഡൊസ്ഫിയറോപേരിയ പ്ലാനാ തേരട്ടകൾ എട്ടു മില്ലീമീറ്ററോളം ശരീരവലുപ്പം വയ്ക്കും. ഷോലാഫിലസ് സ്പൈനസ് തേരട്ടകൾ 10 മില്ലീമീറ്ററോളവും. ഇവയ്ക്ക് രണ്ടിനും ശരീരത്തിൽ 19 വളയങ്ങളും 62 കാലുകളുമുണ്ട്.

Content Highlights: Rediscovery of millipede species unseen in India for 94 years., Found in the Shola forests near Rajamala, Idukki., Species identified: Pseudosphaeroparia plana and Sholaphilus spinus., Study published in the international journal Zootaxa., Unique physical characteristics including 19 body segments and 62 legs.