അപൂർവ പ്രതിഭാസം; പന്ന ടൈഗർ റിസർവിൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മംനൽകി 57 വയസ്സുള്ള ആന

പന്ന (മധ്യപ്രദേശ്): പ്രകൃതിയുടെ അപൂർവ പ്രതിഭാസമായി, പന്ന കടുവാ സംരക്ഷണ കേന്ദ്രത്തിലെ അനാർക്കലി എന്ന 57 വയസ്സുള്ള ആന, ഇരട്ട ആനക്കുട്ടികൾക്ക് ജന്മംനൽകി. സംരക്ഷിത വനമേഖലകളിൽ പോലും ഇരട്ട ആനക്കുട്ടികൾ ജനിക്കുന്നത് അസാധാരണ സംഭവമാണ്.
മൃഗഡോക്ടർമാരുടെയും വന്യജീവി വിദഗ്ധരുടെയും മേൽനോട്ടത്തിലായിരുന്നു പ്രസവം. ഏകദേശം മൂന്ന് മണിക്കൂർ വ്യത്യാസത്തിലാണ് രണ്ട് ആനക്കുട്ടികളും ജനിച്ചത്. നിലവിൽ അമ്മയാനയും നവജാത ശിശുക്കളും പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പന്ന കടുവാ സംരക്ഷണ കേന്ദ്രം അറിയിച്ചു.
അനാർക്കലിയ്ക്കും മക്കൾക്കും പ്രത്യേക പരിചരണ സംവിധാനങ്ങളാണ് സംരക്ഷണ കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്നത്. കഞ്ഞി, കരിമ്പ്, ശർക്കര, നെയ്യ് ലഡ്ഡു എന്നിവ ഉൾപ്പെടെ പോഷകസമൃദ്ധമായ ഭക്ഷണം നൽകുന്നുണ്ടെന്ന് പി.ടി.ആർ ഫീൽഡ് ഡയറക്ടർ നരേഷ് സിങ് യാദവ് അറിയിച്ചു. കുഞ്ഞുങ്ങളുടെ പരിചരണത്തിനായി ഒരു പ്രത്യേക സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ വരവോടെ റിസർവിലെ ആനകളുടെ എണ്ണം 21 ആയി വർധിച്ചു.
അനാർക്കലി റിസർവിലെ ഒരു സാധാരണ ആനയല്ല. 1986-ൽ റിസർവിലേക്ക് കൊണ്ടുവന്നതുമുതൽ വനസംരക്ഷണ പ്രവർത്തനങ്ങളുടെ അവിഭാജ്യ ഘടകമാണ് ഈ ആന. കഴിഞ്ഞ ദശകങ്ങളിൽ ആറ് കുട്ടിൾക്ക് ജന്മം നൽകിയിട്ടുണ്ടെങ്കിലും ഇരട്ടകളെ പ്രസവിക്കുന്നത് ഇതാദ്യമാണ്.
മഴക്കാലത്ത് വാഹനങ്ങൾക്ക് പ്രവേശിക്കാൻ കഴിയാത്ത വനപാതകളിൽ കടുവകളുടെ ട്രാക്കിങ്, പാതകളുടെ നിരീക്ഷണം, വേട്ടയാടൽ നിരീക്ഷണം, രക്ഷാപ്രവർത്തനങ്ങൾ എന്നിവയിൽ അനാർക്കലിയെപ്പോലുള്ള ആനകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. വേട്ടക്കാർ, അനധികൃത മരംമുറിക്കുന്നവർ എന്നിവരുടെ സാന്നിധ്യം തിരിച്ചറിഞ്ഞാൽ ഇവ ഉടൻ പ്രതികരിക്കുകയും ചിലപ്പോൾ കല്ലെറിഞ്ഞ് അവരെ വിരട്ടിയോടിക്കുകയും ചെയ്യാറുണ്ട്.
ഇന്ത്യയിലെ 22-ാമത്തെയും മധ്യപ്രദേശിലെ അഞ്ചാമത്തെയും കടുവ സംരക്ഷണ കേന്ദ്രമാണ് വിന്ധ്യ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന പന്ന കടുവാ സംരക്ഷണകേന്ദ്രം. കടുവ, ചെന്നായ, പുള്ളിപ്പുലി എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രമാണ് പന്ന. കടുവ പുനരധിവാസത്തിലെ വിജയത്തിന് മാത്രമല്ല, മുതല പുനരധിവാസ പരിപാടിക്കും കഴുകൻ സംരക്ഷണ ശ്രമങ്ങൾക്കും പന്ന കടുവാ സംരക്ഷണ കേന്ദ്രം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്നു.
Content Highlights: Anarkali, a 57-year-old elephant, gives birth to twin female calves at Panna Tiger Reserve.