2022-ല്‍ ആഗോളതലത്തില്‍ പാഴാക്കിക്കളഞ്ഞത് 105 കോടി ടണ്‍ ഭക്ഷണം- യു.എന്‍.ഇ.പി

നയ്‌റോബി: 2022-ല്‍ ആഗോളതലത്തില്‍ പാഴാക്കിക്കളഞ്ഞത് 105 കോടി (1.05 ബില്ല്യണ്‍) ടണ്‍ ഭക്ഷണം. യു.എന്‍ എൻവയോൺമെന്റ് പ്രോഗ്രാമാണ് (യു.എന്‍.ഇ.പി) ഇതുസംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. ലോകജനസംഖ്യയില്‍ 78.3 കോടിയാളുകള്‍ (783 മില്ല്യണ്‍) പട്ടിണി നേരിടുമ്പോഴാണ് ഈ പാഴാക്കലെന്നതും സ്ഥിതി ഗുരുതരമാക്കുന്നു. വീടുകളിലാണ് 60 ശതമാനം വരുന്ന ഭക്ഷണങ്ങളും പാഴാക്കിയത്. ഭക്ഷണശാലകളില്‍ 28 ശതമാനവും ചില്ലറവില്‍പ്പനശാലകളില്‍ 12 ശതമാനവും വരുന്ന ആഹാരസാധനങ്ങളാണ് പാഴായത്.
ഭക്ഷണം പാഴാക്കുന്നത് ആഗോളതലത്തില്‍ തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് യു.എന്‍.ഇ.പിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറയുന്നു. എല്ലാ രാജ്യങ്ങള്‍ ഈ വിഷയത്തിന് മുന്‍തൂക്കം നല്‍കിയാല്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍ എട്ട് മുതല്‍ 10 ശതമാനം വരെ ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിന് പ്രധാന കാരണം ഭക്ഷണം പാഴാക്കലും അതുമായി ബന്ധപ്പെട്ട മാലിന്യങ്ങളുമാണെന്ന് സമീപകാലത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സമ്പന്ന രാജ്യങ്ങള്‍ മാത്രമല്ല ഈ പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നതെന്നും പുതിയ റിപ്പോര്‍ട്ട് അടിവരയിടുന്നു. ഇന്റര്‍നാഷണല്‍ ഡേ ഓഫ് സീറോ വേസ്റ്റിന് മുന്നോടിയായിട്ടാണ് കണക്കുകള്‍ യു.എന്‍.ഇ.പി പുറത്തുവിട്ടത്. ഭക്ഷണം പാഴാക്കല്‍ 2030-ഓടെ പകുതിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Content Highlights: over one billion tonnes of food waste generated in 2022