ഡെബ്രിഗഢ് വന്യജീവി സങ്കേതം കടുവാ സങ്കേതമാകും; കടുവകളെ എത്തിക്കാനൊരുങ്ങി ഒഡിഷ

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ഭുവനേശ്വര്‍: ഡെബ്രിഗഢ് വന്യജീവി സങ്കേതത്തില്‍ കടുവകളെ എത്തിക്കാനൊരുങ്ങി ഒഡിഷ. ബര്‍ഗഢില്‍ സ്ഥിതിചെയ്യുന്ന വന്യജീവി സങ്കേതത്തെ കടുവാ സങ്കേതമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. വന്യജീവി സങ്കേതത്തെ കടുവാസങ്കേതമാക്കുന്നതിന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ (എന്‍ടിസിഎ) പ്രാഥമിക അനുമതി ലഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കടുവകളെ വന്യജീവി സങ്കേതത്തിന് ഉള്‍ക്കൊളാനാകുമോ, അനുയോജ്യമായ ആവാസവ്യവസ്ഥയാണോ എന്നീ വിഷയങ്ങള്‍ പഠിക്കാനായി വിദഗ്ധ സമിതിയെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കടുവകളെ ഡെബ്രിഗഢ് വന്യജീവി സങ്കേതത്തിലെത്തിക്കും. ഭാവിയില്‍ ഒഡിഷയിലെ തന്നെ സത്‌കോസിയാ കടുവ സങ്കേതത്തിലും കടുവകളെ എത്തിക്കും. നിലവില്‍ സ്തകോസിയാ കടുവ സങ്കേതത്തില്‍ കടുവകളില്ല. 

2018-ല്‍ സത്‌കോസിയാ കടുവ സങ്കേതത്തിലേക്ക് ഒഡിഷ ​ഗവൺമെന്റ് എത്തിച്ച കടുവകളിലൊന്ന് വേട്ടക്കാര്‍ ഒരുക്കിയ കെണിയിലകപ്പെട്ട് ചാവുകയായിരുന്നു. രണ്ട് പേരെ കൊന്നതിനെ തുടര്‍ന്ന് സുന്ദരി എന്ന് വിളിപ്പേരുള്ള പെണ്‍കടുവയെ ബാന്ധവ്ഗഢ് ദേശീയോദ്യാനത്തിലേക്കുതന്നെ തിരിച്ചയച്ചു. ഒഡിഷ വനംവകുപ്പ് അവസാനം നടത്തിയ കണക്കെടുപ്പ് പ്രകാരം സംസ്ഥാനത്ത് 30 റോയല്‍ ബംഗാള്‍ കടുവകളാണുള്ളത്. ഇതില്‍ 27 എണ്ണവും സിമലിപാല്‍ കടുവ സങ്കേതത്തിലാണുളളത്.

Content Highlights: odisha to introduce tigers in debrigarh wildlife sanctuary