കുന്ന്യോറമലയിലെ മണ്ണിടിച്ചില്‍ഭീഷണി; ഷാഫി പറമ്പില്‍ കേന്ദ്രമന്ത്രിയെ കണ്ടു, വിദഗ്ധര്‍ പരിശോധനനടത്തി

വടകര: കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതാ നിര്‍മാണത്തിനിടെ കുന്നിടിഞ്ഞുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത 66-ലും ഭീതി തലയുയര്‍ത്തുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതേ അവസ്ഥയാണുള്ളത്. മലാപ്പറമ്പ്, പന്തീരാങ്കാവ്, മുക്കാളി, മടപ്പള്ളി, മൂരാട് എന്നിവിടങ്ങളില്‍ വലിയതോതില്‍ മണ്ണിടിഞ്ഞെങ്കിലും ഭാഗ്യത്തിനാണ് അപകടം ഒഴിവായത്. കൊയിലാണ്ടി കുന്ന്യോറമലയില്‍ ഇടിച്ചില്‍ ഭീഷണി ശക്തമാണ്. മഴ തുടരുന്ന പശ്ചാത്തലത്തിലും ഇടിഞ്ഞ സ്ഥലത്ത് സുരക്ഷയൊന്നും ഏര്‍പ്പെടുത്താത്ത സാഹചര്യത്തിലും ഭീതി തലയ്ക്കുമീതെത്തന്നെയുണ്ട്. അഴിയൂര്‍-രാമനാട്ടുകര ദേശീയപാതയില്‍ മണ്ണിടിച്ചില്‍ ഭീഷണി ഉയര്‍ത്തുന്ന പ്രദേശങ്ങളെക്കുറിച്ച്...
കുന്ന്യോറമല
കൊയിലാണ്ടി ബൈപ്പാസിലെ കുന്ന്യോറമലയില്‍ ഏതാണ്ട് 30 മീറ്ററോളം ഉയരത്തിലാണ് കുന്നിടിച്ച് റോഡുണ്ടാക്കിയത്. ഇതോടെ റോഡിന്റെ ഇരുവശത്തും 30 മീറ്റര്‍ കുത്തനെയുള്ള ഭിത്തിയാണ്. ചെരിവ് തീരെയില്ല. സാധാരണ രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സംരക്ഷണഭിത്തി കെട്ടുമ്പോള്‍പ്പോലും തട്ടുകളായി തിരിക്കും. ആ രീതിയൊന്നും ഇവിടെയില്ല. കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിഞ്ഞ് പത്തോളം വീടുകളാണ് ഭീഷണിയിലായത്.
രണ്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ആ ഭീഷണി ഇപ്പോഴും തുടരുന്നു. പ്രായോഗികമല്ലെന്നു തെളിഞ്ഞ സോയില്‍ നെയ്ലിങ് സംരക്ഷണഭിത്തിയാണ് ഇവിടെയും നിര്‍മിക്കുന്നത്. ഒരുമീറ്റര്‍ ഇടവിട്ട് ഭിത്തിയില്‍ 12 മീറ്റര്‍ ഉള്ളിലേക്കുവരെ കമ്പി അടിച്ചുകയറ്റിയാണ് സോയില്‍ നെയിലിങ്. ഇത്രയും ആഴത്തില്‍ കമ്പി കയറ്റുമ്പോള്‍, മണ്ണിടിയുന്ന സമയത്ത് ഇടിച്ചിലിന്റെ ആഘാതം കൂടുമെന്ന ആശങ്കയുണ്ട്.
മൂരാട്
മൂരാട് പാലത്തിനുസമീപമാണ് ഈ മഴക്കാലത്ത് ആദ്യം മണ്ണിടിഞ്ഞത്. ഇടിയാന്‍ പാകത്തില്‍ വലിയൊരു ഭാഗം നില്‍ക്കുന്നുണ്ട്. ഇവിടെയും സോയില്‍ നെയ്ലിങ് ഭിത്തിയാണ് ഒരുക്കുന്നത്. മറ്റൊരു വകഭേദമാണെന്നുമാത്രം. ചെരിവ് തീരെ ഇല്ലാത്തതിനാല്‍ ഇതും ഇടിയാനുള്ള സാധ്യത ഏറെയാണ്. ഒരുവശത്തെ മൂന്നുവരിപ്പാതയില്‍ മണ്ണിടിച്ചില്‍ ഭീഷണികാരണം ഒരു വരിയില്‍മാത്രമേ ഗതാഗതം അനുവദിക്കുന്നുള്ളൂ. പാലയാട് നടയ്ക്കുസമീപവും മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്.
മുക്കാളി
ജൂലായ് ആദ്യം ശക്തമായ മണ്ണിടിച്ചിലുണ്ടായ സ്ഥലം. അഞ്ചു വീടുകള്‍ ഭീഷണിയിലാണ്. മുകളിലുള്ള റോഡുള്‍പ്പെടെ നിലംപതിച്ചു. ഇടിഞ്ഞതിന്റെ ബാക്കിഭാഗം വീണ്ടും ഇടിയുന്നതിനാല്‍ ഇവിടെ ഭീഷണി ശക്തം. അപകടം നടന്ന് 20 ദിവസത്തിനുശേഷമാണ് വിദഗ്ധസംഘം ഇവിടം സന്ദര്‍ശിച്ചത്. ഇവരുടെ നിര്‍ദേശപ്രകാരംമാത്രമേ ഇനി ഏതു സംരക്ഷണഭിത്തി വേണമെന്ന് തീരുമാനിക്കൂ. അതുവരെ ബാക്കിഭാഗം ഇടിച്ചിലിനെ അതിജീവിക്കുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
മടപ്പള്ളി
ഈ മാസം 13-നാണ് മടപ്പള്ളിയിലെ സോയില്‍ നെയ്ലിങ് ഭിത്തി തകര്‍ന്നത്. ബാക്കിഭാഗവും തകര്‍ച്ചാഭീഷണിയിലാണ്. ഏറെ ഉയരമുള്ള ഭാഗം മടപ്പള്ളിക്കും കേളുബസാറിനും മധ്യേയുണ്ട്. ഇവിടെയും വീടുകള്‍ ഭീഷണിയിലാണ്.
പന്തീരാങ്കാവ്
കൊടല്‍നടക്കാവില്‍ മേയ് 22-ന് സര്‍വീസ് റോഡിനു സമീപമുള്ള കോണ്‍ക്രീറ്റ് ഭിത്തി താഴേക്കു തകര്‍ന്നുവീണു. വീടിനും തൊട്ടുസമീപത്തുണ്ടായിരുന്ന ക്ഷേത്രത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മരത്തിന്റെ കൊന്പ് വീണ് ചിറക്കല്‍ മോഹനന് പരിക്കേറ്റിരുന്നു. ഇതിനുപുറമേ ഈ സ്ഥലത്തിനു സമീപവും അപകടാവസ്ഥയിലാണ്. ചില ഭാഗങ്ങളില്‍ പാറകളാണുള്ളത്. അതു വീഴില്ലെന്ന പ്രതീക്ഷയിലാണ് സമീപവാസികള്‍.
മലാപ്പറമ്പ്
പ്രോവിഡന്‍സ് കോളേജ് റോഡിനു സമീപമുള്ള വീടുകളുടെ പിറകില്‍നിന്നും മുന്‍ഭാഗത്തുനിന്നും മണ്ണെടുത്തിട്ടുണ്ട്. മൂന്നു വീടുകള്‍ ഇപ്പോള്‍ അപകടഭീഷണിയിലാണ്. മഴക്കാലമായതിനാല്‍ വീട്ടുകാരെല്ലാം പേടിച്ചാണ് വീടുകളില്‍ കഴിയുന്നത്.
അശാസ്ത്രീയമായ മണ്ണെടുക്കലിന്റെ ഇരയായി ശ്രീമതി
കോഴിക്കോട്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മലാപ്പറമ്പില്‍ താമസിക്കുന്ന അശോകന്റെയും അയല്‍വാസികളുടെയും വീടിനു മുന്നില്‍നിന്നും പുറകില്‍നിന്നും മണ്ണെടുത്തു. വീടുകളും പരിസരവും അപകടഭീഷണിയിലായി. അതിനിടെ ഏപ്രില്‍ 12-നാണ് ആ ദുരന്തമുണ്ടായത്. മലാപ്പറമ്പിലെ പ്രൊവിഡന്‍സ് കോളേജ് റോഡിനോട് ചേര്‍ന്ന് താമസിക്കുന്ന അശോകന്റെ സഹോദരി ശ്രീമതി (85) കുളിമുറിയില്‍നിന്നും ഇറങ്ങുമ്പോള്‍ തെന്നി മണ്ണെടുത്തപ്പോളുണ്ടായ 20 അടി താഴ്ചയിലേക്കുവീണു.
ഗുരുതരമായി പരിക്കേറ്റ് മൂന്നുമാസത്തോളം കിടപ്പിലായി. കഴിഞ്ഞ 12-ന് അവര്‍ മരിച്ചു. യാതൊരു പരിഗണനയും നല്‍കാതെ കുത്തനെ മണ്ണെടുത്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും വീടുകള്‍ക്കുള്ള സുരക്ഷാമാര്‍ഗങ്ങള്‍ നല്‍കാത്തതാണ് അപകടത്തിന് കാരണമായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.നടക്കാന്‍പോലും സാധിക്കാത്തതരത്തിലാണ് ഇപ്പോള്‍ ഈ ഭാഗത്തെ വീടുകളിലേക്കുള്ള വഴി.
ഷാഫി പറമ്പില്‍ കേന്ദ്രമന്ത്രിയെ കണ്ടു; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി
വടകര: നവീകരണം നടക്കുന്ന ദേശീയപാത 66-ല്‍ മണ്ണിടിച്ചില്‍മൂലം വിവിധപ്രദേശങ്ങള്‍ നേരിടുന്ന പ്രയാസം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ നേരിട്ടുകണ്ട് ബോധ്യപ്പെടുത്തി ഷാഫി പറമ്പില്‍ എം.പി. മുക്കാളി, മടപ്പള്ളി, മൂരാട്, കുന്ന്യോറമല തുടങ്ങിയ പ്രദേശങ്ങളിലെ മണ്ണിടിച്ചിലാണ് ചിത്രങ്ങളും വീഡിയോയും സഹിതം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മണ്ണിടിച്ചിലില്‍ മന്ത്രി ദേശീയപാത അതോറിറ്റിയില്‍നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി എം.പി. അറിയിച്ചു.
മണ്ണിടിച്ചില്‍മൂലം ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാണെന്നും അങ്കോല മാതൃകയിലുള്ള അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും ഷാഫി മന്ത്രിയെ ധരിപ്പിച്ചു. പാര്‍ശ്വഭിത്തി സംരക്ഷണത്തിന് സോയില്‍ നെയ്ലിങ് കേരളത്തിലെ പരിസ്ഥിതിക്ക് അനുയോജ്യമല്ല. അതിനാല്‍ ബദല്‍മാര്‍ഗം കണ്ടെത്തി എത്രയുംപെട്ടെന്ന് റോഡിന്റെ ഇരുവശവും സുരക്ഷിതമാക്കണം.
ഡല്‍ഹി ഐ.ഐ.ടി.യിലെ
വിദഗ്ധര്‍ പരിശോധന നടത്തുന്നു.
മണ്ണിടിച്ചിലുണ്ടായ സ്ഥലങ്ങളുടെ മുകളിലെ വീടുകളില്‍ വിള്ളല്‍വീണതും ജലസ്രോതസ്സുകള്‍ തടസ്സപ്പെട്ടതും ഭൂമി വിണ്ടുകീറുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും എം.പി. മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഈ ഭാഗത്തെ സ്ഥലം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ദേശീയപാത അതോറിറ്റിയുടെ ചെയര്‍മാന്റെ അധ്യക്ഷതയില്‍ അടിയന്തരയോഗം വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി ഐ.ഐ.ടിയിലെ വിദഗ്ധര്‍ പരിശോധന നടത്തി
കൊയിലാണ്ടി ബൈപ്പാസിലെ കൊല്ലം കുന്ന്യോറമലയില്‍ റോഡുനിര്‍മാണം പരിശോധിച്ച് റിപ്പോര്‍ട്ടുനല്‍കാന്‍ ഡല്‍ഹി ഐ.ഐ.ടി.യിലെ പ്രൊഫസര്‍ കെ.എസ്. റാവുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമെത്തി. പദേശത്ത് പരിശോധനനടത്തിയ സംഘം വിശദമായ റിപ്പോര്‍ട്ട് എന്‍.എച്ച്.എ.ഐ. അധികൃതര്‍ക്ക് കൈമാറും.
കഴിഞ്ഞദിവസം എന്‍.എച്ച്.എ.ഐ. പ്രോജക്ട് ഡയറക്ടര്‍ അശുതോഷ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തിയിരുന്നു. ണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലത്ത് സുരക്ഷാനടപടികള്‍ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ കേന്ദ്ര ഉപരിതലഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ചനടത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഡല്‍ഹി ഐ.ഐ.ടി. പ്രൊഫസര്‍ കെ.എസ്. റാവുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ചത്. ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം ജനറല്‍ സെക്രട്ടറി എ.വി. നിധിനും പ്രദേശവാസികളും വിഷയത്തിന്റെ ഗൗരവം ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി.
Content Highlights: nh 66 construction leaves landslide threat in the hilly areas of kozhikode