നൂറ്റാണ്ടിന്റെ കണ്ടുപിടുത്തം; പൂച്ചയെക്കാൾ ചെറിയ പുലി ബോളിവീയയിൽ- ടിൽക്കായോ!

ബൊളീവിയയിലെ യങാസ് കോടക്കാടുകളിൽ (ക്ലൗഡ് ഫോറസ്റ്റ്‌സ്) പൂച്ചയെക്കാൾ വലുപ്പം കുറഞ്ഞ, എന്നാൽ പൂച്ചയോട് സാമ്യമുള്ള വന്യജീവിയുണ്ട്, പ്രദേശവാസികൾ 'ടിൽക്കായോ' (tilcayo) എന്ന് വിളിക്കുന്ന ജീവി. അതിപ്പോൾ ശാസ്ത്രലോകത്തെ അമ്പരപ്പിക്കുകയാണ്, ഇത്രകാലവും തിരിച്ചറിയാത്ത പുതിയ പുലി വർഗം എന്ന നിലയ്ക്ക്!

ലെപ്പാർഡസ് ടിൽകായോ (Leopardus tilcayo) എന്നാണ് ശാസ്ത്രീയമായി ഇതിനെ നാമകരണം ചെയ്തിട്ടുള്ളത്. പുതിയ വന്യമാർജാര ഇനത്തെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ആ നിലയ്ക്കും പുതിയ കണ്ടുപിടിത്തം ശ്രദ്ധേയമാണ്. കറണ്ട് ബയോളജി ജേണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ടിൽക്കായോ പുലി: Pic Credit: Fernando Faciole/National Geographic

പഠനത്തിൽ പങ്കാളികളായ ഗവേഷകരിലൊരാളാണ് പൗള നോഗാലിസ്-അസ്‌കരൻസ് (Paola Nogales-Ascarrunz). ബൊളീവിയയിലെ വന്യജീവി സങ്കേതത്തിൽ വോളണ്ടിയറായി പ്രവർത്തിക്കകയായിരുന്നു അവർ. അവിടെ ഒരു ടിൽക്കായോ കുട്ടിയെ ഒരാൾ കൊണ്ടുവന്നു. അതിന് നിലവിലെ ഒരു വന്യമാർജാര വർഗവുമായും സാമ്യമുള്ളതായി പൗളയ്ക്ക് തോന്നിയില്ല. അങ്ങനെയാണ് അതിനെ ജനിതക പഠനം നടത്താൻ തീരുമാനിച്ചത്. നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റിയുടെ ഫണ്ടിങ് പഠനത്തിന് ലഭിച്ചു.

പൗളയും മറ്റ് ഗവേഷകരും ചേർന്ന് ജനികപരിശോധനകളുടെ പരമ്പര തന്നെ നടത്തി. ആ മാർജാരയിനം, അതിന്റെ അടുത്ത ബന്ധുവിൽ നിന്ന് വേർപിരിഞ്ഞിട്ട് 14 ലക്ഷം വർഷമായെന്ന കണ്ടെത്തലിലേയ്ക്കാണ് ഗവേഷകരെ ആ പഠനങ്ങൾ നയിച്ചത്.

പുതിയൊരിനം സസ്തനിയുടെ, അതും മാർജാരവർഗത്തിൽ പെട്ടവയുടെ കണ്ടെത്തൽ അത്യപൂർവമാണ്. നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കാവുന്ന അത്തരമൊരു കണ്ടെത്തലാണ് പുതിയ പുലിയുടെ കാര്യത്തിൽ പൗളയും സംഘവും നടത്തിയത്. അതിനായി, മാർജാര വർഗത്തിൽ പെടുന്ന 38 ഇനങ്ങളുടെ ജീനോം താരതമ്യം ചെയ്യേണ്ടിവന്നു. ഈ വർഗ്ഗത്തിന്റെ ഇതുവരെ നടന്നിട്ടുള്ളതിൽ ഏറ്റവും സമഗ്രമായ ജനിതകപഠനമാണിതെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

ടിൽക്കായോ പുലിക്കൊപ്പം പൗള നോഗാലിസ്: Pic Credit: Fernando Faciole/National Geographic

എത്ര ടിൽക്കായോകൾ വന്യതയിൽ അവശേഷിച്ചുണ്ടെന്ന് അറിയില്ല. നൂറ് വർഷത്തിന് ശേഷം ഒരു മാർജാര സ്പീഷിസിനെ തിരിച്ചറിയാൻ കഴിഞ്ഞത്, ഇനിയും എത്രയോ പുതിയ സംഗതികൾ കണ്ടെത്താൻ അവശേഷിച്ചിട്ടുണ്ടാകാം എന്നതിന്റെ സൂചനയാണ്. ജൈവവൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന മുന്നറിയിപ്പും ഈ കണ്ടെത്തൽ നൽകുന്നു!

(അവലംബം: Scientific American).

- ജോസഫ് ആന്റണി

Content Highlights: Discovery of a new wild cat species named Leopardus tilcayo (Tilcayo) in Bolivia's cloud forests., Genetic studies reveal the species separated from its closest relative 1.4 million years ago., First new wild cat species identification in over a century, involving comprehensive genome comparisons of 38 feline species., Highlights the importance of biodiversity conservation and the potential for undiscovered wildlife.