നിശാശലഭങ്ങളുടെ ലോകത്തേക്ക് മലയാളം പേരുമായി പുതിയൊരു സുന്ദരി; പശ്ചിമഘട്ടത്തിലെ ‘ചന്ദനത്തോഴി’

നിശാശലഭങ്ങളുടെ ലോകത്തേക്ക് ‘ചന്ദനത്തോഴി’ എന്ന മലയാളംപേരുമായി പുതിയൊരു സുന്ദരി! പശ്ചിമഘട്ടത്തിലുൾപ്പെടുന്ന ഇടുക്കിയിലെ മറയൂർ ചന്ദനക്കാടുകളിൽ നടത്തിയ സർവേയിലാണ് നിശാശലഭകുടുംബത്തിലെ ഉപകുടുംബമായ ആർക്റ്റിനേ (എറെബിഡേ)യിൽ ഉൾപ്പെടുന്ന പുതിയവർഗത്തെ കണ്ടെത്തിയത്.
തമിഴ്‌നാട്ടിലെ കളക്കാട് മുണ്ടത്തുറൈ കടുവസംരക്ഷണ കേന്ദ്രത്തിൽനിന്ന് മുൻപ് ഗീതാ അയ്യർ എന്ന ശലഭനിരീക്ഷക ഈ ശലഭത്തെ കണ്ടതായി രേഖപ്പെടുത്തിയിരുന്നെങ്കിലും അതിനെ ശാസ്ത്രീയമായി നിർവചിച്ചിരുന്നില്ല. കഴിഞ്ഞ വർഷമാണ് മറയൂരിൽ നിശാശലഭസർവേയ്ക്കിടയിൽ അന്താരാഷ്ട്ര ഗവേഷകസംഘം ശലഭത്തെ കാണുന്നതും തുടർന്ന് ശാസ്ത്രീയമായി നിർവചിക്കുന്നതും.
പിയർ-റിവ്യൂഡ് ജേണൽ ഓഫ് ദി ലെപിഡോപ്‌റ്റെറിസ്റ്റ്‌സ് സൊസൈറ്റിയുടെ പുതിയ ലക്കത്തിൽ ഇതുസംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചതോടെയാണ് പുതിയ വർഗം ശലഭനിരീക്ഷകരുടെ ശ്രദ്ധയിലെത്തുന്നത്.
പുണെയിലെ വെസ്റ്റേൺ റീജണൽ സെന്ററിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ഇസഡ്.എസ്.ഐ.) യിലെ അപർണ സുരേഷ് ചന്ദ്ര കലാവതെ, ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ലെപിഡോപ്‌റ്റെറയുടെ മുൻ സീനിയർ ക്യൂറേറ്റർ ആൽബെർട്ടോ സില്ലി, കോഴിക്കോട് ഇസഡ്.എസ്.ഐ.യിലെ ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, ശലഭനിരീക്ഷകനായ മലപ്പുറം അരീക്കോട്ടെ ബാലകൃഷ്ണൻ വളപ്പിൽ എന്നിവരുൾപ്പെട്ടതായിരുന്നു ഗവേഷകസംഘം.
ചന്ദനക്കാടുകളിൽനിന്ന് കണ്ടെത്തിയതിനാലാണ് ചന്ദനത്തോഴിയെന്ന പേരുനൽകിയത്. ആന്തരാം ഇടുക്കി(Antaram idukki) എന്നതാണ് ശാസ്ത്രീയനാമം. ഇതുപോലുള്ള നിർവചിക്കപ്പെടാത്ത അപൂർവശലഭങ്ങൾ ഇനിയുമുണ്ടെന്നും ജനുസുകളുടെ പരിണാമപഠനത്തിൽ പ്രാധാന്യമുണ്ടെന്നതിനാൽ അവയെ കണ്ടെത്തി നിർവചിക്കേണ്ടതുണ്ടെന്നും ബാലകൃഷ്ണൻ വളപ്പിൽ പറഞ്ഞു.
Content Highlights: Discovery of a new moth species named 'Chandanathozhi' in Marayoor sandalwood forests., Scientific name assigned as Antaram idukki., Findings published in the Journal of the Lepidopterists' Society., Collaborative research involving ZSI Pune, ZSI Kozhikode, and the Natural History Museum, London., Highlights the importance of identifying undocumented species in the Western Ghats.