ഇന്ത്യയുടെ പേരിൽ പുതിയ സൂക്ഷ്മജീവി; ഇന്ത്യയ്ക്കുള്ള ആദരമായി ‘ഇന്ത്യാഫോണ്ട് ബിജോയി’

ഇന്ത്യൻ മഹാസമുദ്രത്തിൽനിന്ന് പുതിയ സൂക്ഷ്മജീവിയെ കണ്ടെത്തി. ലക്ഷദ്വീപിന്റെ ഭാഗമായ കവരത്തി ലഗൂണിൽനിന്ന് ക്രസ്റ്റേഷ്യ വിഭാഗത്തിൽപ്പെട്ട ഹർപാക്റ്റിക്കോയ്ഡ് കോപ്പിപോഡ് (Harpacticoid Copepod) എന്ന സൂക്ഷ്മ ജീവിയെയാണ് കണ്ടെത്തിയത്. ഇന്ത്യാഫോണ്ട് ബിജോയി (Indiaphonte bijoyi) എന്ന പേരാണ് ഇതിന് നൽകിയിരിക്കുന്നത്.
ഇന്ത്യക്കുള്ള ആദരമായാണ് ഇന്ത്യ എന്ന് ചേർത്തിരിക്കുന്നത്. കൊച്ചി സർവകലാശാല ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) സമുദ്രജീവശാസ്ത്ര വിഭാഗത്തിലെ അക്കാദമിക് ഡീൻ പ്രൊഫ. എസ്. ബിജോയ് നന്ദനുള്ള ആദരാർഥമാണ് ബിജോയി എന്ന പേര് നൽകിയിരിക്കുന്നത്.
വലുപ്പത്തിൽ വളരെ ചെറുതാണെങ്കിലും സമുദ്രവും ശുദ്ധജലവും ഉൾപ്പെടുന്ന ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിൽ നിർണായക പങ്ക് വഹിക്കുന്ന ജീവികളാണ് ഹർപാക്റ്റിക്കോയ്ഡ് കോപ്പിപോഡുകൾ. കടൽ, അഴിമുഖ മേഖലകളിൽ അടിത്തട്ടിൽ ജീവിക്കുന്ന ഇവ മൈക്രോ ആൽഗ, ബാക്ടീരിയ, ഡെട്രൈറ്റസ് എന്നിവയെയാണ് ആഹാരമാക്കുന്നത്. അക്വാകൾച്ചറിലും മത്സ്യബന്ധനത്തിലും, പ്രത്യേകിച്ച് മത്സ്യക്കുഞ്ഞുങ്ങൾക്ക് ലൈവ് ഫീഡായി, ഹർപാക്റ്റിക്കോയ്ഡുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കുസാറ്റ് മറൈൻ ബയോളജി വിഭാഗത്തിലെ ഗവേഷക നീലിമ വാസുവും മെക്സിക്കോയിലെ പ്രമുഖ കോപ്പിപോഡ് ടാക്സോണമിസ്റ്റും പ്രൊഫസറുമായ ഡോ. സാമുവൽ ഇ. ഗോമസ്-നോഗുറയുമാണ് ഈ കണ്ടെത്തലിനു പിന്നിൽ.
Content Highlights: Scientists discovered a new Harpacticoid Copepod species, Indiaphonte bijoyi, in the Lakshadweep Sea.