വിവിധയിനം നീലക്കുറിഞ്ഞികളും മറ്റ് അപൂർവസസ്യങ്ങളും, വരയാടുകളെയും കണ്ട് മടങ്ങാം

ഇരവികുളത്ത് ഈ സീസണിൽ പിറന്ന വരയാട്ടിൻകുഞ്ഞ്
ഇരവികുളത്ത് ഈ സീസണിൽ പിറന്ന വരയാട്ടിൻകുഞ്ഞ്

മൂന്നാർ: അവധിയാഘോഷിക്കാൻ മൂന്നാറിലെത്തുന്നവർക്ക് ഇനി വരയാടുകളെ കണ്ട് മടങ്ങാം. ഇരവികുളം ദേശീയോദ്യാനം (രാജമല) സന്ദർശകർക്കായി തുറന്നതോടെ മൂന്നാറിലെ വിനോദസഞ്ചാരമേഖലയ്ക്ക് പ്രതീക്ഷയേറി. വരയാടുകളുടെ പ്രജനനകാലം അവസാനിച്ചതോടെയാണ്, രണ്ടുമാസംമുൻപ്‌ അടച്ച ഉദ്യാനം ചൊവ്വാഴ്ച രാവിലെ എട്ടിന് തുറന്നത്. കുടുംബസമേതം രാവിലെതന്നെ നിരവധി വിനോദസഞ്ചാരികൾ വരയാടുകളെ കാണാനെത്തി. ആദ്യദിവസം 2200 പേർ സന്ദർശനം നടത്തി. പരമാവധി 2800 പേർക്കാണ് ഒരുദിവസം പ്രവേശനം. വരുംദിവസങ്ങളിൽ സന്ദർശകരുടെ തിരക്കേറുമെന്നാണ് സൂചന.

‘നീലഗിരി ഥാറി’ന്റെ സംരക്ഷണകേന്ദ്രം

‘നീലഗിരി ഥാർ’ എന്ന വരയാടുകളുടെ സംരക്ഷണകേന്ദ്രമാണ് ഇരവികുളം ദേശീയോദ്യാനം. ഇവയുൾപ്പെടെ വംശനാശം നേരിടുന്നതും വന്യജീവിസംരക്ഷണനിയമത്തിന്റെ ഒന്നാംപട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതുമായ വിവിധയിനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌, പുള്ളിപ്പുലി തുടങ്ങിയ ജീവികളും ഇവിടെയുണ്ട്‌. വരയാടുകളെ അടുത്തു കാണുന്നതിനാണ് മിക്ക സന്ദർശകരും ഇവിടെയെത്തുന്നത്. പ്രദേശത്തെ ചോലക്കാടുകളും കൊച്ചരുവികളും സന്ദർശകർക്ക് വ്യത്യസ്ത അനുഭവം സമ്മാനിക്കും. മുതിർന്നവർക്ക് 200, കുട്ടികൾക്ക് 150 എന്നിങ്ങനെയാണ് പ്രവേശനനിരക്ക്. ഓർക്കിഡേറിയം, പന്നൽ ഉദ്യാനം, വെർച്വൽ റിയാലിറ്റി ഷോ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. പാർക്ക് സന്ദർശിക്കുന്നതിന് ബഗ്ഗി കാർ സൗകര്യവുമുണ്ട്. ഇവയ്ക്ക് അധികചാർജ് നൽകേണ്ടതുണ്ട്. വൈകുന്നേരം 4.30 വരെയാണ് സന്ദർശനസമയം.

വന്യജീവി സംരക്ഷണ കേന്ദ്രമായിട്ട് 50 വർഷം പിന്നിട്ടു

ഇരവികുളം വന്യജീവിസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചിട്ട് 50 വർഷം പൂർത്തിയായി. 1975 മാർച്ച് 31-നാണ് പ്രദേശത്തെ വന്യജീവിസംരക്ഷണകേന്ദ്രമായി പ്രഖ്യാപിച്ചത്. 97 ചതുരശ്രകിലോമീറ്ററിൽ പരന്നുകിടക്കുന്ന ഉദ്യാനത്തിന്റെ വളരെ ചെറിയ ഭാഗമായ രാജമലയിൽമാത്രമാണ് സന്ദർശകർക്ക് അനുമതിയുള്ളത്. 1978-ലാണ് ഇരവികുളത്തെ സംസ്ഥാനത്തെ ആദ്യ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. വിവിധയിനം നീലക്കുറിഞ്ഞികളും മറ്റ് അപൂർവസസ്യങ്ങളും ഇവിടെയുണ്ട്. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഇരവികുളത്താണ്. പ്രദേശത്തെ ചോലവനങ്ങൾ മഴവെള്ളത്തെ വൻതോതിൽ സംഭരിച്ചുനിർത്തുന്നതിനാൽ അതീവ പരിസ്ഥിതിപ്രാധാന്യമുള്ളവയാണ്.

Content Highlights: Eravikulam National Park in Munnar is open again