തണ്ണീർത്തടം നികത്താൻ ശ്രമം, തടഞ്ഞ് നാട്ടുകാർ; ഇറക്കിയ ക്വാറിമാലിന്യം തിരികെ കൊണ്ടുപോയി

കോഴിക്കോട് കോട്ടൂളിയിലെ തണ്ണീർത്തടം നികത്താനായി ഇറക്കിയ ക്വാറി മാലിന്യം ജെസിബിയിൽ തിരികെ കയറ്റുന്നു | ഫോട്ടോ: കൃഷ്ണ പ്രദീപ്‌ | മാതൃഭൂമി
കോഴിക്കോട് കോട്ടൂളിയിലെ തണ്ണീർത്തടം നികത്താനായി ഇറക്കിയ ക്വാറി മാലിന്യം ജെസിബിയിൽ തിരികെ കയറ്റുന്നു | ഫോട്ടോ: കൃഷ്ണ പ്രദീപ്‌ | മാതൃഭൂമി

കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിലെ തണ്ണീർത്തടം നികത്താനുളള ശ്രമം തടഞ്ഞ് നാട്ടുകാർ. വ്യാഴാഴ്ച ഉച്ചയോടെയാണ് കാലിക്കറ്റ് ട്രേഡ് സെന്ററിന് സമീപത്തെ ഭൂമിയിൽ ലോറികളിൽ ക്വാറിമാലിന്യം ഇറക്കിയത്. തുടർന്ന് നാട്ടുകാർ സംഘടിച്ച് മാലിന്യം തിരികെ വണ്ടിയിൽ കയറ്റികൊണ്ടുപോകണമെന്നാവശ്യപ്പെട്ടു. 

ഇതനുസരിച്ച് ജെസിബി എത്തിച്ച് മാലിന്യം തിരികെ കോരിക്കൊണ്ടുപോയി. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് നടക്കാവ് പോലീസും സ്ഥലത്തെത്തി. കാലിക്കറ്റ് ട്രേഡ് സെന്ററിന്റെ ഉടമസ്ഥതയിലുള്ള തണ്ണീർത്തട ഭൂമി നികത്താനുള്ള ശ്രമങ്ങൾക്ക് എതിരെ പ്രദേശവാസികൾ കോടതിയെ സമീപിച്ചിരുന്നു. 

തണ്ണീർത്തടം സംരക്ഷിക്കണമെന്നും അനധികൃത നിർമാണങ്ങൾ തടയണമെന്നും കാണിച്ച് ഹെെക്കോടതി ഉത്തരവ് നിലനിൽക്കെയാണ് വീണ്ടും ഭൂമി നികത്താനുള്ള ശ്രമം നടന്നത്. തണ്ണീർത്തടത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ കോടതി റവന്യു അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നിരിക്കെ വിവരം അറിയിച്ചിട്ടും അധികൃതർ എത്തിയില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.

Content Highlights: move against wetland in kottooli people protest