‘കൈയേറ്റക്കാർ’ മുതൽ ജലപ്പേൻ വരെ; മൺസൂൺ എത്തിയതോടെ മത്സ്യങ്ങൾക്ക് കഷ്ടകാലം

കൊച്ചി: മൺസൂൺ എത്തിയതോടെ കേരളത്തിലെ ശുദ്ധജല, ഓരുജല മത്സ്യങ്ങൾ രോഗഭീഷണിയിലായി. കനത്ത മഴ, വെള്ളപ്പൊക്കം, മലിനീകരണം, താപവ്യതിയാനം, ജലത്തിന്റെ നിലവാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയാണ് കാരണം. ഫംഗസ് മൂലമുണ്ടാകുന്ന മത്സ്യങ്ങളിലെ വ്രണം (എപ്പിസൂട്ടിക് അൾസറേറ്റീവ് സിൻഡ്രോം) ഇതിൽ പ്രധാനമാണ്.
വരാൽ, തിരുത, കരിമീൻ തുടങ്ങിയവയെയാണ് ഇത് കൂടുതൽ ബാധിക്കുക. രോഗം ബാധിച്ച മത്സ്യങ്ങളുടെ മേൽ ചുവന്ന പാടുകൾ, രക്തസ്രാവം, ആഴമുള്ള വ്രണങ്ങൾ എന്നിവയാണ് ലക്ഷണം. 2018-ലെയും 2019-ലെയും പ്രളയകാലത്ത് ഇതു ബാധിച്ച് വലിയ തോതിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയിരുന്നു.
ഫംഗസ് ബാധ മൂലമുള്ള ചിറക് അഴുകൽ, ചുവന്ന കുത്ത് രോഗം എന്നിവയും മഴക്കാലത്ത് വ്യാപകമാകുന്നുണ്ട്. ജലത്തിലെ പേനുകൾ അഥവാ ആർഗുലസ് മത്സ്യങ്ങൾക്ക് മറ്റൊരു പ്രധാന വില്ലനാണ്. മത്സ്യങ്ങൾക്കുമേൽ പറ്റിപ്പിടിച്ചിരുന്ന് രക്തം ഊറ്റി കുടിക്കുന്ന ഇവ രോഗാണുക്കൾ കടന്നുകയറാൻ വഴിയൊരുക്കും.
വിദേശത്തു നിന്നെത്തിയ അധിനിവേശ മത്സ്യങ്ങളും കേരളത്തിന്റെ ജല ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാണ്. കാലവർഷത്തിലെ വെള്ളപ്പൊക്കം ഇവ കൂടുതൽ ജലാശയങ്ങളിലേക്ക് പടരാൻ കാരണമാകുന്നു. വേമ്പനാട്ട് കായൽ, വേളി-ആക്കുളം അഴിമുഖം തുടങ്ങിയ പ്രദേശങ്ങളിലെ തദ്ദേശീയ മത്സ്യസമ്പത്തിനെ ഇവ സാരമായി ബാധിക്കുന്നുണ്ട്. നൈൽ തിലാപ്പിയ, ആഫ്രിക്കൻ മുഷി, റെഡ് ബെല്ലി പിരാന, സക്കർ ഫിഷ് എന്നിവയ്ക്ക് പുറമേ ആമസോൺ നദിയിൽ കാണപ്പെടുന്ന അരാപൈമ, അലിഗേറ്റർ ഗാർ തുടങ്ങിയ വമ്പൻ മത്സ്യങ്ങളെപ്പോലും കേരളത്തിലെ പുഴകളിൽ കണ്ടെത്തിയിട്ടുണ്ട്.
Content Highlights: Monsoon floods and water quality changes trigger fungal infections in fish., Major diseases include Epizootic Ulcerative Syndrome (EUS), fin rot, and Argulus infestation., Invasive species like Nile Tilapia and Alligator Gar threaten native biodiversity., NCAAH (CUSAT) provides indigenous medicinal solutions for fish healthcare., Urgent need for water monitoring to prevent disease outbreaks.