ഏകാന്തവാസത്തിനൊടുവിൽ ലോലിത മടങ്ങി, കടൽ കാണാതെ

ലോലിത എന്ന ഓർക്ക തിമിംഗലം മിയാമി സീക്വേറിയത്തിൽ, 1995-ലെ ദൃശ്യം| Photo: AP
ലോലിത എന്ന ഓർക്ക തിമിംഗലം മിയാമി സീക്വേറിയത്തിൽ, 1995-ലെ ദൃശ്യം| Photo: AP

വാഷിങ്ടണ്‍: വര്‍ഷങ്ങള്‍ നീണ്ട ഏകാന്തവാസത്തിനൊടുവില്‍ കടല്‍ കാണാതെ ലോലിത യാത്രയായി. ഏകാകിയായ ലോലിതയെ മോചിപ്പിക്കണമെന്ന് പല സംഘടനകളും ആവശ്യപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തില്‍ ലോലിതയെ സ്വതന്ത്ര്യയാക്കാനുള്ള നടപടികള്‍ക്ക് അനുമതിയായിരുന്നു. ഇതിന് മാസങ്ങള്‍ ശേഷിക്കെയാണ് ലോലിത എന്ന ഭീമന്‍ത്തിമിംഗിലം ലോകത്തോട് വിട പറഞ്ഞത്. യു.എസിലെ ഫ്‌ളോറഡിയിലുള്ള മയാമി സ്വീക്വേറിയത്തില്‍ വെള്ളിയാഴ്ചയാണ് ലോലിതയെ ചത്ത നിലയില്‍ കണ്ടെത്തിയത്. 

വൃക്ക തകരാറിലായതാണ് മരണകാരണം. മെരുക്കി വളര്‍ത്തിയതില്‍ ലോകത്തിലെ ഏറ്റവും പ്രായമേറിയ ഓര്‍ക്കയായ ലോലിതയ്ക്ക് 57 വയസ്സുണ്ടായിരുന്നു. 95 വയസ്സ് പ്രായമുള്ള ലോലിതയുടെ അമ്മ തിമിംഗിലം ഇപ്പോഴും സമുദ്രമേഖലയില്‍ ജീവനോടെയുണ്ടെന്നാണ് കരുതപ്പെടുന്നത്.

Read also-ചിരിപ്പിച്ചും കളിപ്പിച്ചും കാണികളെ കെെയിലെടുക്കുന്ന കൊലയാളി തിമിം​ഗലങ്ങൾ

1970-കളിലാണ് വാഷിങ്ടണ്‍ തീരത്തുനിന്ന് മറ്റ് ആറ് കൊലയാളിത്തിമിംഗിലങ്ങള്‍ക്കൊപ്പം ലോലിതയെ പിടികൂടുന്നത്. നിലവില്‍ മയാമി സീക്വേറിയത്തിന്റെ ഉടമസ്ഥ സ്ഥാനം വഹിക്കുന്ന ദ ഡോള്‍ഫിന്‍ കമ്പനിയാണ് ലോലിതയെ സ്വതന്ത്ര്യയാക്കാനുള്ള തീരുമാനമെടുക്കുന്നത്. 18 മുതല്‍ 24 മാസത്തിനുള്ളില്‍ അതിനുവേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇരിക്കെയാണ് ലോലിത വിടവാങ്ങുന്നത്.

മോചിപ്പിച്ചതിന് ശേഷം 24 മണിക്കൂര്‍ നേരത്തേക്ക് ലോലിത നിരീക്ഷണത്തില്‍ വെയ്ക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഇതിനായി വാഷിങ്ടണിന്റെയും കാനഡയുടെയും ഇടയിലുള്ള ഒരു സമുദ്ര സാങ്ച്വറിയില്‍ ലോലിതയെ പാര്‍പ്പിക്കാൻ പദ്ധതിയിട്ടിരുന്നു. വര്‍ഷങ്ങളായി പാര്‍ക്കിലെ ജീവനക്കാര്‍ നല്‍കുന്ന ഭക്ഷണമാണ് ലോലിത കഴിക്കുന്നത്. അതിനാല്‍ സാങ്ച്വറിയില്‍ ലോലിതയ്ക്ക് ഇരതേടാനുളള പരിശീലനം നല്‍കാനും തീരുമാനിച്ചിരുന്നു. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നത് വരെ നിരീക്ഷണത്തില്‍ വെയ്ക്കാനായിരുന്നു തീരുമാനം.

Read also-വര്‍ഷങ്ങളായുള്ള ഏകാന്ത വാസം ഇനിയില്ല, കിസ്‌ക എന്ന ഓര്‍ക്ക തിമിംഗലം ഓര്‍മയായി

സമുദ്രത്തില്‍ സ്വതന്ത്ര്യയാക്കുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘത്തെയും അധികൃതര്‍ നിയോഗിച്ചിരുന്നു. മോചിപ്പിക്കുന്നതിന്റെ ഭാഗമായി ലോലിതയെ വെച്ചുള്ള അഭ്യാസപ്രകടനങ്ങള്‍ കഴിഞ്ഞവര്‍ഷം പാര്‍ക്ക് അധികൃതര്‍ അവസാനിപ്പിച്ചിരുന്നു.

Content Highlights: lolita, the orca whale in miami seaquariam died