വിപണിയില്‍ 2.5 കോടി രൂപ വില; തിമിംഗില വിസര്‍ജ്യ വസ്തു രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍

തിമിംഗില ഛര്‍ദ്ദി |  ഫയല്‍ ചിത്രം | ഫോട്ടോ: മാതൃഭൂമി
തിമിംഗില ഛര്‍ദ്ദി | ഫയല്‍ ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: അന്താരാഷ്ട്ര വിപണിയില്‍ രണ്ടരക്കോടി വിലമതിക്കുന്ന തിമിംഗില വിസര്‍ജ്യ വസ്തുവുമായി ആംബര്‍ഗ്രിസ്) രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. ഫോര്‍ട്ടുകൊച്ചി സ്വദേശി സുഹൈല്‍ ഷഹീര്‍, ലക്ഷദ്വീപ് സ്വദേശി സുഹൈല്‍ കെ.സി. എന്നിവരാണ് പിടിയിലായത്. 1.15 കി.ഗ്രാം തിമിംഗില വിസര്‍ജ്യ വസ്തുവാണ്‌ ഇവരില്‍നിന്ന് പിടികൂടിയത്. തോപ്പുംപടിയില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. 

പോലീസ് പിടികൂടുന്നതിനിടയില്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി സുഹൈല്‍ ഷഹീര്‍ പോലീസിനെ ആക്രമിച്ചു. കൈയിലുണ്ടായിരുന്ന 35 ഗ്രാം വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. ലക്ഷദ്വീപ് സ്വദേശിയായ സുഹൈല്‍ കെ.സിയില്‍നിന്ന് ഒരുകിലോഗ്രാം തിമിംഗില വിസര്‍ജ്യ വസ്തുവാണ്‌ പിടികൂടിയത്. ഇരുവരെയും തുടര്‍നടപടികള്‍ക്കായി വനംവകുപ്പിന് കൈമാറി.

സ്‌പേം തിമിംഗിലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണ് ആംബർ​ഗ്രിസ്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് തിമിംഗില വിസര്‍ജ്യ വസ്തു ഉപയോഗിക്കുക.

Content Highlights: kerala police seize ambergris worth 2.5 crore two held