ജാഗ്രത വേണം; പകൽ താപനില കൂടുന്നു, വരുന്നൂ കൊടും ചൂടിന്റെ നാളുകൾ

#എം. ഷമീര്‍
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

കാസര്‍കോട്: തുലാവര്‍ഷ മഴയും മാറിയതോടെ കേരളം ചൂടിലേക്ക്. ഡിസംബര്‍ 31-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 37.4 ഡിഗ്രി സെല്‍ഷ്യസ് ഡിസംബറിലെ രാജ്യത്തെതന്നെ ഏറ്റവും ഉയര്‍ന്ന താപനിലയാണ്.

നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളമാണ് ഈ പട്ടികയില്‍ കൂടുതല്‍ തവണ വന്നത്. ഒന്‍പതുതവണ കണ്ണൂര്‍ വിമാനത്താവളം കൂടുതല്‍ താപനില രേഖപ്പെടുത്തി. ഡിസംബര്‍ 14 മുതല്‍ 19 വരെ തുടര്‍ച്ചയായി ആറുദിവസം കണ്ണൂരായിരുന്നു രാജ്യത്ത് കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ നഗരം.

ഇതിനുശേഷം 22-ന് കോഴിക്കോട്, 23-ന് തിരുവനന്തപുരം, 26-ന് പുനലൂര്‍ എന്നിവിടങ്ങളും ചൂട് കൂടുതലുള്ള നഗരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. ഡിസംബര്‍ 31-ന് വീണ്ടും കണ്ണൂര്‍ ഒന്നാം സ്ഥാനത്ത് വന്നു. ജനുവരിയിലെ ആദ്യ രണ്ട് ദിവസവും കണ്ണൂര്‍ ഒന്നാം സ്ഥാനത്തായിരുന്നു. പൊതുവേ വടക്കന്‍ കേരളത്തിലാണ് ചൂട് കൂടുതല്‍. എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും ഉയര്‍ന്ന ചൂട് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജനുവരിയില്‍ കേരളത്തില്‍ തണുപ്പ് കുറഞ്ഞ് പകല്‍ താപനില കൂടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണം. ഇതോടൊപ്പം സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ (7.4 മില്ലിമീറ്റര്‍) കൂടുതല്‍ മഴ ലഭിക്കുമെന്നും വകുപ്പ് പ്രവചിക്കുന്നു. 

Content Highlights: Kerala experiences unusually high temperatures after monsoon season