മഞ്ഞ് മലകൾക്ക് പകരം പച്ചപ്പും പാറക്കെട്ടുകളും; ഗ്രീൻലാൻഡിന്റെ ഭൂപ്രകൃതിയും മാറുന്നു

കാലാവസ്ഥാ മാറ്റമടക്കമുള്ള വെല്ലുവിളികള്‍ മൂലം മഞ്ഞുപ്രദേശങ്ങള്‍ പോലും ഇന്ന് ചൂട് അഭിമുഖീകരിക്കുകയാണ്. ഈ പട്ടികയില്‍ ഏറ്റവുമൊടുവില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേര് ഗ്രീന്‍ലന്‍ഡിന്റേതാണ്. ഗ്രീന്‍ലന്‍ഡിന്റെ മഞ്ഞുപാളികൾ ഉരുകി പലയിടങ്ങളിലും ചെടികളും മറ്റും വളർന്ന് പച്ചപ്പ് പടര്‍ന്നിരിക്കുകയാണ്. ഇവിടുത്തെ ഭൂപ്രകൃതിയെ അസ്ഥിരമാക്കും വിധം 1980 മുതല്‍ പ്രദേശത്ത് കാതലായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സയന്റിഫിക് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടാണ് ഗ്രീൻലാൻഡിലെ ഐസ് ഉരുകലിനെകുറിച്ചുള്ള ഗുരുതര വിവരങ്ങൾ പങ്കുവെക്കുന്നത്.
ഉപഗ്രഹ ദൃശ്യങ്ങളടക്കമുള്ളവ പരിശോധിച്ച് തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ മഞ്ഞുപാളികള്‍ മാറി പലയിടങ്ങളിലും പാറക്കെട്ടുകള്‍ കൂടുതലായി ദൃശ്യമായി തുടങ്ങിയെന്നും പറയുന്നു. ഇതോടൊപ്പം തന്നെ ചെടികളും വ്യാപകമായി വളര്‍ന്നുവരുന്നു. പച്ചപ്പ് വ്യാപിക്കുന്നത് മഞ്ഞുപാളികളുടെ സാന്നിധ്യം കുറയ്ക്കുന്നുവെന്നാണ് ഗവേഷകരുടെ നിഗമനം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയില്‍ ഗ്രീന്‍ലാന്‍ഡിലെ ഏകദേശം 11,000 ചതുരശ്ര മൈല്‍ ഹിമപാളികളും ഹിമാനികളും ഉരുകിയെന്നും ഇത് അല്‍ബേനിയയുടെ വലുപ്പത്തോളം വരുമെന്നും പഠനം മുന്നറിയിപ്പു നല്‍കുന്നുണ്ട്.
2007-നും 2012-നുമിടയിലുളള ശരാശരി വാര്‍ഷിക അന്തരീക്ഷതാപനില (average annual air temperature) 1979-2000 കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് ഡിഗ്രി വർധിച്ചതും സ്ഥിതി സങ്കീര്‍ണമാക്കി. കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനിടെയാണിത്. യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സിലെ ഗവേഷകരാണ് നിര്‍ണായകമായ കണ്ടെത്തലിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 1980 മുതല്‍ 2010 വരെയുള്ള കാലയളവാണ് പഠനവിധേയമാക്കിയത്. ആര്‍ട്ടിക്കിന്റെ ഭാഗം കൂടിയാണ് ഗ്രീന്‍ലന്‍ഡ്. ഇന്ന് ഗ്രീന്‍ലന്‍ഡില്‍ കാണപ്പെടുന്ന പ്രകടമായ മാറ്റങ്ങള്‍ക്ക് പിന്നില്‍ ഉയര്‍ന്ന താപനിലയാണെന്ന് പഠനറിപ്പോര്‍ട്ടിന്റെ രചയിതാക്കളിലൊരാള്‍ പറയുന്നു.
Content Highlights: ice melting in greenland