ആഗോളതാപനം ചൂട് ഇരട്ടിച്ചു, റെക്കോഡ് താപനിലയുള്ള ദിവസങ്ങള്‍ ബാഗ്ദാദില്‍ കൂടും

ബാഗ്ദാദ്: ആഗോള താപനത്തിന്റെ പരിണിത ഫലങ്ങള്‍ ഇന്ന് ലോകമെമ്പാടും അലയടിക്കുകയാണ്. ഇത് ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദ് ആയിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചന. ആഗോളതാപനം പോലെയുള്ള ഘടകങ്ങള്‍ ബാഗ്ദാദില്‍ ചൂട് ഉയര്‍ത്തുന്നതായാണ് യൂറോപ്യന്‍ യൂണിയന് ഓഫ് സെക്യൂരിറ്റീ സ്റ്റഡീസ് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. താപനില 120 ഡിഗ്രിയായ ദിവസങ്ങള്‍ പ്രതിവര്‍ഷം 14 എന്ന അളവില്‍ നിന്ന് 40-ലേക്ക് അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ മാറുമെന്നാണ് നിഗമനം.
അറബ് നഗരങ്ങളില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്താണ് ബാഗ്ദാദ്. 2020 ജൂലൈ 28-ന് 125.2 ഡിഗ്രി എന്ന റെക്കോഡ് താപനിലയാണ് നഗരം രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ഇത് 124 ഡിഗ്രിയിലേക്ക് താഴുകയും ചെയ്തു.
താപനില 50 ഡിഗ്രിയിലെത്തിയാല്തന്നെ വീട്ടിനകത്ത് കഴിയുമെന്നാണ് ജനങ്ങള്‍ പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം ആഗോള താപനില ക്രമാതീതമായി ഉയരുമ്പോള്‍ ഇറാഖിലെ താപനിലയില്‍ ശരാശരിയേക്കാള്‍ പതിന്മടങ്ങാണ് വര്‍ധന. ഇതിനകം വേനലില്‍ ഉഷ്ണക്കാറ്റ് പോലെയുള്ള പ്രതിഭാസങ്ങളുടെ തോത് ബാഗ്ദാദില്‍ വര്‍ധിച്ചിട്ടുണ്ട്.
ഭാവിയിലുണ്ടായേക്കാവുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ഭവിഷ്യത്തായിട്ടാണ് കാലാവസ്ഥാ വ്യതിയാനം കരുതപ്പെടുന്നത്. എന്നാല്‍ ഭാവിയില്‍ വരാനിരിക്കുന്ന ഒന്നല്ല കാലാവസ്ഥാ വ്യതിയാനമെന്ന് പറയുന്നു പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ യൂണിയന് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ സെക്യൂരിറ്റി സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടറായ ഫ്ളോറന്‍സ് ഗോബ്.
"2030 ന് ശേഷം സംഭവിക്കാനിരിക്കുന്ന എന്തോ ഒന്നാണ് കാലാവസ്ഥാ വ്യതിയാനമെന്നാണ് ആളുകള്‍ തെറ്റിധരിച്ചിരിക്കുന്നത്. എന്നാല്‍ അത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്." ഫ്ളോറന്‍സ് ഗോബ് അഭിപ്രായപ്പെട്ടു. അറബ് രാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യക്തി കൂടിയാണ് ഗോബ്. ബാഗ്ദാദില്‍ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാന്‍ കൂടുതല്‍ മരം നട്ടുപിടിപ്പിക്കുകയാണ് പോംവഴിയെന്ന് വിദ്ഗധര്‍ പറയുന്നു.
ഉഷ്ണതരംഗങ്ങള്‍ക്ക് തടയിടാന്‍ ഗവണ്മെന്റ് യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പൊതുജനങ്ങളുടെ ആരോപണം. ബാഗ്ദാദില്‍ തന്നെ പല പ്രദേശങ്ങളിലും വിവിധ തരത്തിലാണ് ചൂട് അനുഭവപ്പെടുന്നത്. അതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പോംവഴികള്‍ ആസൂത്രണം ചെയ്യണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
Content Highlights: global warming transform baghdad into the hottest city in iraq