കാലാവസ്ഥാ വ്യതിയാനം; പാകിസ്താന്റെ വടക്കന്‍ മേഖലകളില്‍ മഞ്ഞുരുകുന്നു

പാക്കിസ്താനിലെ ഹിമാനികളിലൊന്ന് | Photo-AFP
പാക്കിസ്താനിലെ ഹിമാനികളിലൊന്ന് | Photo-AFP

കാലാവസ്ഥാ വ്യതിയാനം പാകിസ്താനിലെ ഹിമാനികളെയും കാര്യമായി ബാധിക്കുന്നുവെന്ന് കണ്ടെത്തല്‍. വടക്കന്‍ പ്രവിശ്യയില്‍ മഞ്ഞുരുകല്‍ സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പാരീസ് ഉടമ്പടി പ്രകാരമുള്ള കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റാനായാല്‍ പോലും ഹിമാനികളില്‍ മിക്കതും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ നാശം അഭിമുഖീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. ആഗോള താപന തോത് വര്‍ധനവ് 1.5 ഡിഗ്രിക്കുള്ളില്‍ നിലനിര്‍ത്താന്‍ സാധിച്ചാല്‍ പോലും രാജ്യത്തെ ഹിമാനികളുടെ മൂന്നിലൊന്നും ഉരുകി തീരുമെന്ന് മുമ്പ്‌ തയ്യാറാക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റ്‌ഗ്രേറ്റ്ഡ് മൗണ്ടെയ്ന്‍ ഡെവല്പമെന്റ്, നേപ്പാള്‍-2019 റിപ്പോര്‍ട്ട്) ചൂണ്ടിക്കാട്ടുന്നു. ഇത് ശരി വെയ്ക്കുന്ന സംഭവങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മഞ്ഞുരുകുന്നതിലൂടെ രൂപപ്പെടുന്ന ആയിരക്കണക്കിന് നദികള്‍ (Glacial River) പ്രളയം പോലെയുള്ള ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ഹിമാലയ, കാരക്കോറം പോലെയുള്ള പര്‍വത നിരകളില്‍ രൂപപ്പെട്ട നദികളില്‍ ഇതിനോടകം പ്രളയ മുന്നറിയിപ്പ് ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ 16 സംഭവങ്ങളാണ് ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍കാലങ്ങളില്‍ ഇത് പ്രതിവര്‍ഷം അഞ്ചോ ആറോ പ്രാവശ്യം മാത്രമാണുണ്ടായിരുന്നതെന്നും ഗവണ്‍മെന്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഈ വര്‍ഷം രാജ്യത്തെ താപനില 50 ഡിഗ്രിയോളം ഉയര്‍ന്നിരുന്നു. ഇതും മഞ്ഞുരുകല്‍ തോത് ഉയരാനുള്ള കാരണമായി കരുതപ്പെടുന്നുണ്ട്. 

പ്രളയ സാധ്യത നിലവിലുള്ള പ്രദേശങ്ങളില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതും ദോഷം ചെയ്യുന്നുണ്ടെന്ന അധികൃതര്‍ പറയുന്നു. വടക്കന്‍ മേഖലയില്‍ മാത്രം ഏഴുപത് ലക്ഷം (ഏഴ് മില്ല്യണ്‍) ആളുകള്‍ ഇത്തരം ദുരിതങ്ങള്‍ക്ക് വിധേയമാകാനുള്ള സാധ്യതയും കണക്കിലാക്കുന്നുണ്ട്.  22 കോടി (220 മില്ല്യണ്‍) ജനസംഖ്യയുള്ള പാകിസ്താന്‍ ആഗോള ഹരിത ഗൃഹ വാതക  ബഹിര്‍ഗമനത്തില്‍ ഒരു ശതമാനത്തില്‍ താഴെയാണ് സംഭാവന ചെയ്യുന്നത്. 
 

Content Highlights: glaciers of pakisthan to face destruction amid global warming