വിമാനത്തില്‍ യാത്രചെയ്തത്‌ 19 മണിക്കൂര്‍; ഭീമന്‍ പാണ്ടകള്‍ അമേരിക്കയില്‍ നിന്ന് ചൈനയിലെത്തി

മ ഷാങ്, ടിയാന്‍ ടിയാന്‍ എന്നീ പേരുകളുള്ള ഭീമന്‍ പാണ്ടകൾ | Photo: Ann Batdorf/Smithsonian's National Zoo
മ ഷാങ്, ടിയാന്‍ ടിയാന്‍ എന്നീ പേരുകളുള്ള ഭീമന്‍ പാണ്ടകൾ | Photo: Ann Batdorf/Smithsonian's National Zoo

അമേരിക്കയിലെ സ്മിത്ത്‌സോണിയൻസ് ദേശീയ മൃഗശാലയില്‍ നിന്ന് യാത്രതിരിച്ച ഭീമന്‍ പാണ്ടകള്‍ വ്യാഴാഴ്ച ചൈനയിലെത്തി. ബുധനാഴ്ചയാണ് ഭീമന്‍ പാണ്ടകള്‍ ചൈനയിലേക്ക് യാത്രതിരിച്ചത്. ഗവേഷണ ആവശ്യങ്ങള്‍ക്കായി ചൈനയില്‍ നിന്ന് അമേരിക്കയിലെത്തിയതായിരുന്നു പാണ്ടകള്‍. ഗവേഷണ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് പാണ്ടകളെ അധികൃതര്‍ മടക്കി അയച്ചത്. മേ ഷാങ്, ടിയാന്‍ ടിയാന്‍ എന്നീ പേരുകളുള്ള ഭീമന്‍ പാണ്ടകളാണ് ചൈനയിലേക്ക് മടങ്ങിയെത്തിയത്. ഇരുവര്‍ക്കും ഒരു കുഞ്ഞ് പിറന്നിരുന്നു. ഇതും ചൈനയിലെത്തി.

ചൈനയിലുള്ള സെച്വാന്‍ പ്രവിശ്യയിലെ ഒരു പാണ്ട റിസര്‍വിലേക്കാണ് പാണ്ടകളെ എത്തിച്ചത്. ഫെഡ്എക്‌സ് പാണ്ട എക്‌സ്പ്രസ് എന്ന വിമാനത്തില്‍ 19 മണിക്കൂര്‍ നേരം പാണ്ടകള്‍ സഞ്ചരിച്ചു. 1972-ലാണ് ചൈന ആദ്യമായി അമേരിക്കയ്ക്ക് പാണ്ടകളെ സമ്മാനിക്കുന്നത്.

ഭീമന്‍ പാണ്ട കുടുംബം ചൈനയിലേക്ക് മടങ്ങിയതോടെ അമേരിക്കയില്‍ ഇവയുടെ സാന്നിധ്യമുള്ള ഏക മൃഗശാലയായി അറ്റ്‌ലാന്റ് സൂ മാറിയിരിക്കുകയാണ്. അടുത്ത വര്‍ഷം ഈ മൃഗശാലയിലെയും ഭീമന്‍ പാണ്ടകളെ ചൈനയ്ക്ക് മടക്കിനല്‍കും. സ്മിത്ത്‌സോണിയൻസ് ദേശീയ മൃഗശാല ചൈനയോട് ഭീമന്‍ പാണ്ടകളുടെ ജോഡികളെ ആവശ്യപ്പെട്ടതായും  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഭീമന്‍ പാണ്ടകള്‍ 

ആറടി വരെ നീളംവെക്കുന്ന ഭീമന്‍ പാണ്ടകള്‍ക്ക് 100 കിലോഗ്രാമിലേറെ ഭാരമുണ്ടാകും. പെണ്‍ പാണ്ടകള്‍ക്ക് ആണ്‍വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിപ്പം കുറവാണ്. പിന്‍കാലില്‍ നില്‍ക്കാനുള്ള ശേഷിയുണ്ട്. വെളളയും കറുപ്പും കലര്‍ന്ന ശരീരം പ്രത്യേകതയാണ്. കണ്ണിന് ചുറ്റും കറുത്ത വട്ടം കാണാം. മുള പോലുള്ള ചെടികളാണ് പ്രധാന ആഹാരം. വനപ്രദേശങ്ങളില്‍ 20 വര്‍ഷം വരെ ഇവ ജീവിക്കുന്നു. ഐയുസിഎന്‍ പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവിവിഭാഗം കൂടിയാണ് ഭീമന്‍ പാണ്ടകള്‍. 

Content Highlights: giant pandas reached China from Smithsonian’s National zoo