ഏറ്റെടുത്ത ഭൂമിയില്‍ സ്വാഭാവിക വനമൊരുക്കാന്‍ വനംവകുപ്പ്

വടക്കാഞ്ചേരി: കാട്ടുതീ ദുരന്തത്തെത്തുടര്‍ന്ന് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റില്‍ നിന്ന് ഏറ്റെടുത്ത 175 ഹെക്ടര്‍ വനഭൂമിയില്‍കൂടി സ്വാഭാവികവനം ഒരുക്കുന്നു. നബാര്‍ഡ് സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിക്ക് 4.61 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സംരക്ഷണത്തിലെ വീഴ്ചയെത്തുടര്‍ന്നാണ് 475.50 ഹെക്ടര്‍ വനഭൂമി തിരിച്ചെടുത്തത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 100 ഹെക്ടര്‍ സ്ഥലത്ത് സ്വാഭാവിക വനവത്കരണം പൂര്‍ത്തീകരിക്കാനായതായി വടക്കാഞ്ചേരി റേഞ്ച് വനം ഓഫീസര്‍ ജി. ധനിക് ലാല്‍ പറഞ്ഞു.
ഏകദേശം 200 ഹെക്ടറില്‍ എച്ച്.എന്‍.എല്‍. നട്ടുവളര്‍ത്തിയിരുന്ന അക്കേഷ്യ മരങ്ങള്‍ ഉണ്ട്. ഇവ മുറിച്ചുനീക്കേണ്ട വളര്‍ച്ചയെത്തിയിട്ടില്ല. 175 ഹെക്ടര്‍ വനഭൂമിയില്‍ പൂര്‍ണമായും ഫലവൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി സ്വാഭാവിക വനവത്കരണമാണ് ലക്ഷ്യമിടുന്നത്.
തിരിച്ചെടുത്ത പകുതി വനഭൂമിയില്‍ രണ്ടുവര്‍ഷത്തിനകം പച്ചപ്പ് തിരിച്ചുപിടിക്കാനായി എന്നത് വനംവകുപ്പിന് നേട്ടമായി. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പുനഃസ്ഥാപിച്ചതോടെ നല്ല പരിചരണം ഉറപ്പാക്കാനായി.
Content Highlights: forest department set up natural forest on the acquired land