ആദ്യം ഹോബി, പിന്നെ ലോകമറിയുന്ന വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍; ഇനിയില്ല കെ. ജയറാം 'ഫ്രെയിം'

കോയമ്പത്തൂര്‍: പ്രശസ്ത പരിസ്ഥിതി ഫോട്ടോഗ്രാഫറും എസ്.ബി.ഐ. റിട്ട. ഓഫീസറുമായ കെ. ജയറാം (74) കോയമ്പത്തൂര്‍ ആര്.എസ്. പുരത്തെ വീട്ടില്‍ അന്തരിച്ചു. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 1962-ല്‍ പതിന്നാലാം വയസില്‍ ക്യാമറ കൈകാര്യം ചെയ്തുതുടങ്ങിയ ജയറാം ഇന്ത്യയിലെ പ്രശസ്ത പരിസ്ഥിതിഫോട്ടോഗ്രാഫറായി വളര്‍ന്നു. 1963-ല്‍ ഒരു മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ഫോട്ടോഗ്രാഫി കരിയര്‍ ആരംഭിക്കുന്നത്. കീടങ്ങള്‍, പ്രാണികള്‍, ഷഡ്പദങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ അഗ്രഗണ്യനായിരുന്നു.
ഒരു ഹോബിയെന്ന നിലയിൽ ഫോട്ടോഗ്രാഫിയിലേക്ക് ഇറങ്ങിയ കെ. ജയറാം പിന്നീട് ലോകം അറിയുന്ന പരിസ്ഥിതി-വന്യജീവി ഫോട്ടോഗ്രാഫറായും പുതിയ ജീവിവർഗങ്ങളെ കണ്ടെത്തുന്ന ടാക്സോണമിസ്റ്റായും മാറിയത് ചരിത്രം. പുസ്തകപ്രേമിയായിരുന്ന ജയറാമിന്റെ ഇഷ്ടവിനോദം ചെറിയ ജീവികളുടെയും പ്രാണികളുടെയും കീടങ്ങളുടെയുമൊക്കെ ചിത്രങ്ങൾ പകർത്തുകയായിരുന്നു.
സത്യമംഗലം, തിംഭം, മൈസൂർ എന്നിവിടങ്ങളിലെ കാടുകളിൽ മൃഗങ്ങളെയും മറ്റു ജീവികളെയും തേടി ഒരുപാട് യാത്രകൾ നടത്തി. ചെറിയ ജീവികളുടെ അതിപ്രശസ്തമായ ഒട്ടേറെ ചിത്രങ്ങൾ എടുത്തു. ഈ രംഗത്തെ ലോകമറിയുന്ന ഫോട്ടോഗ്രാഫറായിരുന്ന ജയറാം 1969 മുതൽ 2006 വരെ ഏതാണ്ട് മൂന്നു ലക്ഷത്തില്‍ അധികം ചിത്രങ്ങൾ പകർത്തി. ജയറാമിന്റെ ചിത്രങ്ങൾ ബി.ബി.സി.യുൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം അമേരിക്കയിൽനിന്ന് ബെസ്റ്റ് ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫർ അവാർഡ് നേടിയിരുന്നു. പ്രകൃതി, വന്യജീവി എന്നിവയുമായി ബന്ധപ്പെട്ട വലിയൊരു ലൈബ്രറി തന്നെ വീട്ടിലും ഒരുക്കിയിരുന്നു. അദ്ദേഹം പകര്‍ത്തിയ ഒരു കീടത്തിന്റെയും തേളിന്റെയും ഫോട്ടോയ്ക്ക് 1970-ല്‍ ഇന്റര്‍നാഷണല്‍ സാലോണ്‍ ഓഫ് ഫോട്ടോഗ്രാഫീസിന്റെ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെഡല്‍ ലഭിച്ചു.
1978-ല്‍ യു.കെ.യിലെ റോയല്‍ ഫോട്ടോഗ്രാഫിക് സൊസൈറ്റി അംഗമായി. യൂറോപ്പിലെ ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫോട്ടോഗ്രാഫിക് ആര്‍ട്ടിന്റെ അവാര്‍ഡും നേടി. ദക്ഷിണേന്ത്യയിലെ പൂമ്പാറ്റകളെക്കുറിച്ചും സൈലന്റ് വാലിയെക്കുറിച്ചുമുള്ള പുസ്തകരചനയില്‍ പങ്കാളിയായിരുന്നു. സാങ്ച്വറി, നാഷണല്‍ ജോഗ്രഫിക് തുടങ്ങിയ അന്താരാഷ്ട്ര മാഗസിനുകളില്‍ ജയറാമിന്റെ ചിത്രങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിസ്ഥിതിരംഗത്തെ സംഭാവനകള്‍ മാനിച്ച് ഒരു തവളയ്ക്ക് 'റോര്‍ ചെസ്റ്റസ്റ്റ് ജയറാമി'യെന്നും ഒരു എട്ടുകാലിക്ക് 'മിര്മറാക്നെ ജയറാമനി'യെന്നും പേരിട്ടിട്ടുണ്ട്.
കെ.ആര്.കെ. മൂര്‍ത്തിയുടെയും പട്ടമ്മാളിന്റെയും മകനാണ്. സഹോദരങ്ങള്‍: എ.ആര്.കെ. അരുണ്‍ (ഫോസില്‍ അരുണ്‍), ഗിരി, രാജു, നടേശന്, ശാന്ത, സുമതി, പ്രേമ, ഗീത. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കോയമ്പത്തൂര്‍ പുട്ടുവിക്കി ശ്മശാനത്തില്‍.
Content Highlights: famous wildlife photographer k jayaram dies at age of 74