എൽ നീനോ ഇന്ത്യയിലേക്ക്? തുടർച്ചയായി 3 ചുഴലിക്കാറ്റുകൾ; കേരളമുൾപ്പെടെയുള്ള തീരങ്ങളിൽ കള്ളക്കടൽ ഭീഷണി

ന്യൂഡൽഹി: പസഫിക് സമുദ്രത്തിൽ ശക്തിപ്രാപിക്കുന്ന എൽ നീനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തീരദേശ മേഖലകളിലും ആശങ്ക വർധിക്കുന്നു. കാലിഫോർണിയൻ തീരങ്ങളിൽ 50 അടിവരെ ഉയരമുള്ള കൂറ്റൻ തിരമാലകളും തീരദേശ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇന്ത്യൻ തീരങ്ങളിലും സമാനമായ പ്രതിഭാസങ്ങൾ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമാകുന്നത്.
ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഒരുമാസത്തിനിടെ മൂന്ന് ചുഴലിക്കാറ്റുകൾ രൂപപ്പെട്ടതാണ് ആശങ്ക വർധിക്കാനുള്ള പ്രധാന കാരണം. ഒക്ടോബർ അവസാനത്തോടെ അർണബ് ചുഴലിക്കാറ്റും നവംബർ മൂന്നിന് ഓംഗോളിന് സമീപം മുരശ് ചുഴലിക്കാറ്റും തീരം തൊട്ടു. തുടർന്ന് നവംബർ 20-ന് വടക്കൻ ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ തീരങ്ങളിലൂടെ കടന്നുപോയ അക്വാൻ ചുഴലിക്കാറ്റ് ശക്തമായ മഴയ്ക്കും കാറ്റിനും കാരണമായി.
ഇതേത്തുടർന്ന് ആന്ധ്രാപ്രദേശിലും ഒഡിഷയിലുമായി ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കേണ്ടിവന്നു. 1987-ലെ എൽ നീനോ വർഷത്തിലും സമാനമായ രീതിയിൽ ചുഴലിക്കാറ്റുകളുടെ പരമ്പരയുണ്ടായിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര ചൂണ്ടിക്കാട്ടുന്നു. എൽ നീനോയുടെ സ്വാധീനത്തിൽ സമുദ്രോപരിതലത്തിലെ താപനില ഉയരുന്നത് സമുദ്രനിരപ്പ് ഉയരാനും അതുവഴി കാലാവസ്ഥാ പ്രതിഭാസങ്ങൾക്കും കാരണമാകുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കാലിഫോർണിയൻ തീരങ്ങളിൽ കൂറ്റൻ തിരമാലകളും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.
ദക്ഷിണ സമുദ്രത്തിലെ വിദൂര പ്രദേശങ്ങളിൽ രൂപപ്പെടുന്ന ശക്തമായ കൊടുങ്കാറ്റുകളെത്തുടർന്ന് ഉയരുന്ന തിരമാലകൾ ദീർഘദൂരം സഞ്ചരിച്ച് കേരളം ഉൾപ്പെടെയുള്ള തീരങ്ങളിൽ എത്തുന്നത് കള്ളക്കടൽ പ്രതിഭാസത്തിന് കാരണമായേക്കാം. ഇതിന്റെ ഭാഗമായി കടൽ പെട്ടെന്ന് കരയിലേക്ക് കയറുകയും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യാം.
നവംബർ 23 മുതൽ 27 വരെ കേരളം, തെക്കൻ തമിഴ്നാട്, കർണാടക തുടങ്ങിയ തെക്കുപടിഞ്ഞാറൻ തീരമേഖലകളിൽ തീരദേശ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന ഐ.എം.ഡി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ദേശീയ സമുദ്ര വിവര സേവന കേന്ദ്രം (ഇൻകോയിസ്), കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടങ്ങിയ ഏജൻസികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
Content Highlights: El Nino intensifying in the Pacific ocean raises global coastal concerns., Kerala, southern Tamil Nadu, and Karnataka face Kallakkadal and coastal flooding threats., Multiple cyclones formed on the east coast of India within a single month., INCOIS and IMD are closely monitoring the coastal flooding risks.