1462 പ്ലാസ്റ്റിക് കുപ്പികളില്‍ 270 കിലോ പ്ലാസ്റ്റിക് കവറുകള്‍; ഇക്കോബ്രിക് പാര്‍ക്ക് തുറന്നു

കോലഞ്ചേരി: സെയ്ന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ഥികള്‍ കോലഞ്ചേരിക്കു സമീപം കക്കാട്ടുപാറയില്‍ നിര്‍മിച്ച ഇക്കോബ്രിക് പാര്‍ക്ക് തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വര്‍ഗീസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.
1462 പ്ലാസ്റ്റിക് കുപ്പികളില്‍ 270 കിലോയില്‍ കൂടുതല്‍ പ്ലാസ്റ്റിക് കവറുകള്‍ നിറച്ചാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. അഞ്ച് തണല്‍ മരങ്ങള്‍ക്കു ചുറ്റും തറ നിര്‍മിച്ചിട്ടുണ്ട്. രണ്ട് ബെഞ്ചുകള്‍, എട്ട് പ്ലാസ്റ്റിക് പാറകള്‍ എന്നിവയാണ് പ്ലാസ്റ്റിക് ഉപയോഗിച്ചു ചെയ്തിരിക്കുന്നത്.
വഴിയരികില്‍ കിടന്ന ടയറുകള്‍ ഉപയോഗിച്ചു ബെഞ്ചുകളും പൂന്തോട്ടവും നിര്‍മിച്ചിട്ടുണ്ട്. കൂടാതെ മാന്‍, മയിലുകള്‍, ആട്, സിംഹം തുടങ്ങിയ രൂപങ്ങളും ഗുഹകളും കാറ്റാടിയും ആമ്പല്‍ക്കുളങ്ങളും സീസോയും പക്ഷിക്കൂടുകളും ഇതിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു.
12 തരം ഫലവൃക്ഷങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകള്‍ അലക്ഷ്യമായി വലിച്ചെറിയാതെ ഇങ്ങനെയും ഉപയോഗിക്കാം എന്നതിന്റെ ഉത്തമ മാതൃകയാണ് ഈ പാര്‍ക്ക്. അന്ന സണ്ണി, റിക്‌സണ്‍, സിറില്‍, കോ-ഓര്‍ഡിനേറ്റര്‍ എ. അമ്പിളി എന്നിവര്‍ നേതൃത്വം നല്‍കി.
മെംബര്‍ ശോഭന സലിപന്‍ അധ്യക്ഷയായി. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, ഫാ. ജേക്കബ് കുര്യന്‍, ഹണി ജോണ്‍, ജെയിംസ് പാറേക്കാട്ടില്‍, അഡ്വ. മാത്യു പി. പോള്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ ലിസി അലക്‌സ്, മെംബര്‍ സിനി കെ. ജോയ് എന്നിവര്‍ സംബന്ധിച്ചു.
Content Highlights: Eco Brick Park Built In Kolanchery Gains Attention