'നിശബ്ദ കൊലയാളി'; വരള്‍ച്ച ആഗോളദുരന്തമായി മാറുന്നെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട്

വരള്‍ച്ചാസംഭവങ്ങള്‍ ലോകജനസംഖ്യയെ ആകെ ബാധിക്കുന്ന ആഗോള ദുരന്തമായി മെല്ലെ മാറുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ പഠനറിപ്പോര്‍ട്ട്. സൊമാലിയ മുതല്‍ യൂറോപ്പ് വരെയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ചരിത്രത്തിലെ തന്നെ ഏറ്റവും മോശം വരള്‍ച്ചാ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്ന് ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനം വരള്‍ച്ചാ സംഭവങ്ങളെ കൂടുതല്‍ തീവ്രമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
വരള്‍ച്ചയെ പ്രകൃതിവിഭവങ്ങള്‍ ഇല്ലാതാക്കി ദാരിദ്ര്യത്തിന് കുടചൂടുന്ന നിശബ്ദ കൊലയാളിയെന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. ഗവണ്‍മെന്റുകളുടേതായ ശക്തമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ ഭക്ഷ്യ സുരക്ഷയെ വരെ വരള്‍ച്ച ബാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം മുന്നറിയിപ്പ് സംവിധാനങ്ങള്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ എല്‍ നിനോ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസം തെക്കന്‍ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യയുടെ ചില ഭാഗങ്ങള്‍, തെക്കുകിഴക്കന്‍ ഓസ്‌ട്രേലിയ എന്നീവിടങ്ങളിലെ വരള്‍ച്ചയെ കൂടുതല്‍ ഗുരുതരമാക്കി. ഭൂമധ്യരേഖാപ്രദേശത്തെ പസഫിക് സമുദ്രോപരിതലത്തില്‍ ചൂടുകൂടുന്ന സാഹചര്യമാണ് എല്‍ നിനോ.
2023 ജനുവരിയില്‍ 70 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഗുരുതരമായ വരള്‍ച്ച ആഫ്രിക്കയെ ബാധിച്ചു. കെനിയ, എത്യോപ്യ, സൊമാലിയ എന്നീപ്രദേശങ്ങളിലെ മഴയിലുണ്ടായ കുറവ് വരള്‍ച്ചയ്ക്ക് ആക്കംകൂട്ടി. വരള്‍ച്ചയുടെ ഭാഗമായുള്ള മരണങ്ങളും റിപ്പോര്‍ട്ട് പഠിച്ചു. 2022-ല്‍ വരള്‍ച്ചയുമായി ബന്ധപ്പെട്ട പട്ടിണി മൂലം 43,000 പേരാണ് സൊമാലിയയില്‍ മരണപ്പെട്ടത്. ആഫ്രിക്കയിലെ വന്യജീവികളെയും വരള്‍ച്ച ബാധിച്ചു. യു.എസ് നാഷണല്‍ ഡ്രൗട്ട് മിറ്റിഗേഷന്‍ സെന്റര്‍ (എന്‍ഡിഎംസി), യു.എന്‍ കണ്‍വെന്‍ഷന്‍ ടു കോംബാറ്റ് ഡെസേര്‍ട്ടിഫിക്കേഷനുമായി ചേര്‍ന്നാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Content Highlights: droughts are slow moving global catastrophe says un report