കിഴക്കന്‍മേഖലയിലെ സമുദ്രസസ്തനികളുടെ എണ്ണത്തില്‍ ഡോള്‍ഫിന്‍ മുന്നില്‍

ഇന്ത്യയുടെ കിഴക്കന്‍ തീരപ്രദേശത്ത് സമുദ്ര സസ്തനികളുടെ എണ്ണത്തില്‍ ഡോള്‍ഫിനുകള്‍ മുന്‍പന്തിയില്‍. ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറന്‍ തീരപ്രദേശത്ത് ഫിഷറി സര്‍വേ ഓഫ് ഇന്ത്യ ( FSI ) നടത്തി വരുന്ന സര്‍വേയിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ മേഖലകള്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ സമുദ്രഭാഗത്ത് 10,443 സസ്തനികളുടെ സാന്നിധ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16 ഇനങ്ങളില്‍പ്പെടുന്ന 10,416 ഡോള്‍ഫിനുകളെയും നാലിനങ്ങളില്‍പ്പെടുന്ന 27 തിമിംഗിലങ്ങളെയും കണ്ടെത്തി.
ആന്ധ്രപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യന്‍ എക്‌സ്ക്ലൂസീവ് ഇക്കണോമിക് സോണ്‍ ( EEZ ) പ്രദേശത്ത് 2,703 ഡോള്‍ഫിനുകളെയും നാല് തിമിംഗിലങ്ങളെയുമാണ് കണ്ടെത്തിയത്. മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ വിവക്ഷ ചെയ്യുന്ന പദ്ധതിയായ പ്രധാന്‍ മന്ത്രി മത്സ്യ സമ്പത്ത് യോജനയുടെ ( PM MSY ) ഭാഗമായിട്ടാണ് സര്‍വേ സംഘടിപ്പിച്ചത്. 2021 ജൂലായില്‍ ആരംഭിച്ച സര്‍വേ 2024 ജൂണ്‍ വരെ തുടരും.
ഇന്ത്യന്‍ തീരത്തെ സമുദ്ര സസ്തനികളുടെ എണ്ണം തിട്ടപ്പെടുത്തുകയാണ് സര്‍വേ കൊണ്ട് ലക്ഷ്യമിടുന്നത്. ഫിഷറി സര്‍വേ ഓഫ് ഇന്ത്യയുടെ ( FSI) വിശാഖപട്ടണത്തെ സോണല്‍ ബെയ്സാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കുന്നത്.
Content Highlights: dolphins have been highly detected in fsi surveys